ഗൂഗിൾ മാപ്പിൽ കണ്ടെത്തിയത് നിഗൂഢ രക്ത തടാകം…

ടെക്‌നോളജിയുടെ വളർച്ചയിൽ മനുഷ്യന് ഏറ്റവും ഉപകാരപ്രദമായ ഒന്നാണ് ഗൂഗിൾ മാപ്പ്. എങ്ങോട്ട് പോകണമെങ്കിലും ഗൂഗിൾ മാപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണവും വർധിച്ചുകഴിഞ്ഞു. ലോകത്തിന്റെ ഏത് ഭാഗത്തെക്കുറിച്ചുള്ള വിവരങ്ങളും ഗൂഗിൾ മാപ്പിൽ ലഭ്യമാണ്. ഇപ്പോഴിതാ അത്തരത്തിൽ ഗൂഗിൾ മാപ്പിലൂടെ കണ്ടെത്തിയ ഒരു നിഗൂഢ ഇടത്തിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ അടക്കം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുന്നത്. അമേരിക്കയിലെ സൗത്ത് ഡകോട്ടയിലെ ഒരു വനപ്രദേശത്ത് കണ്ടെത്തിയ ഒരു രക്ത നിറത്തിലുള്ള തടാകത്തിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നത്.
സമൂഹമാധ്യമങ്ങളിൽ ഈ നിഗൂഢ രക്ത തടാകത്തിന്റെ ചിത്രങ്ങൾ വൈറലായതോടെ ഈ സ്ഥലത്തെക്കുറിച്ചും ഇതിന് പിന്നിലെ കാരണങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങളും തുടങ്ങി. ബ്ലാക്ക് ഹിൽസ് നാഷണൽ ഫോറസ്റ്റ് എന്ന വനമേഖലയിലാണ് ഈ അപൂർവതകൾ നിറഞ്ഞ തടാകം കണ്ടെത്തിയത്. കടും ചുവപ്പ് നിറത്തിൽ പ്രത്യക്ഷപ്പെടുന്ന ഈ ഇടം കണ്ടാൽ രക്തത്താൽ നിറഞ്ഞുകിടക്കുന്നതാണെന്നേ തോന്നുകയുള്ളു. അതേസമയം വിനോദസഞ്ചാരികളുടെയും പർവ്വതാരോഹകരുടെയും ഇഷ്ട ഇടങ്ങളിൽ ഒന്നാണ് ബ്ലാക്ക് ഹിൽസ് നാഷണൽ ഫോറസ്റ്റ്. എന്നാൽ ഇതാദ്യമായാണ് ഈ വിചിത്ര തടാകത്തെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവരുന്നത്. ഇതോടെ ഇവിടേക്ക് ഒഴുകുന്ന സഞ്ചാരികളുടെ എണ്ണവും വർധിച്ചിട്ടുണ്ട്.
പ്രകൃതി ഒരുക്കിയ ഈ അത്ഭുത പ്രതിഭാസത്തിന് പിന്നിലെ കാരണമായി ഗവേഷകർ പറയുന്നത്, ഈ വനത്തിൽ നിന്നും ധാരാളമായി മരങ്ങൾ മനുഷ്യർ ഫർണിച്ചർ ആവശ്യങ്ങൾക്കും മറ്റുമായി മുറിച്ചുമാറ്റാറുണ്ടെന്നാണ്, ഇത്തരത്തിൽ മുറിച്ചുമാറ്റുന്ന മരങ്ങൾ കൊണ്ടുപോകുന്ന വ്യവസായ ശാലകളുടെ പ്രവർത്തനം മൂലമാകാം ഈ തടാകത്തിന്റെ നിറത്തിന് മാറ്റങ്ങൾ ഉണ്ടായതെന്നും പറയപ്പെടുന്നു. അതേസമയം ഈ നിറവ്യത്യാസത്തിന് പിന്നിലെ യഥാർത്ഥ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല.
അതേസമയം ഗൂഗിൾ മാപ്പിൽ ഈ ഇടം കണ്ടെത്തുന്നതിന് മുൻപ് തന്നെ ബ്ലാക് ഹിൽസ് നാഷണൽ ഫോറസ്റ്റ് അവിടുത്തെ സ്വർണ ഖനനത്തിന് പേരിലും ശ്രദ്ധിക്കപ്പെട്ട ഇടമാണ്.
Story Highlights: google maps users spots blood lake south dakota
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here