Advertisement

ആധിപത്യം സമ്പൂർണം; കിവികളെ തകർത്ത് പരമ്പര നേട്ടവുമായി ടീം ഇന്ത്യ

January 24, 2023
Google News 3 minutes Read
India crush New Zealand by 90 runs sweep series 3-0

ന്യൂസിലൻഡിനെതിരായ അവസാന മത്സരത്തിൽ 90 റൺസിന്റെ ആധികാരിക ജയവുമായി ടീ ഇന്ത്യ. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇതോടെ ഇന്ത്യ തൂത്തുവാരി (3-0). ഇന്ത്യ 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 385 റൺസ് അടിച്ചുകൂട്ടിയപ്പോൾ ന്യൂസിലാൻഡിന്റെ പോരാട്ടം 41.2 ഓവറിൽ 295ന് അവസാനിക്കുകയായിരുന്നു. ഇന്ത്യയ്ക്കെതിരെ കോൺവെ 100 പന്തുകളിൽ നിന്ന് 138 റൺസെടുത്തിട്ടും വിജയത്തിലേക്കെത്താൻ അവർക്കായില്ല. ( India crush New Zealand by 90 runs sweep series 3-0 ).

രോഹിതും ഗില്ലും നേടിയ സെഞ്ച്വറികളുടെ ബലത്തിലാണ് ഇന്ത്യ കൂറ്റൻ സ്കോറിലെത്തിയത്. കോൺവെയ്ക്ക് പിന്തുണകൊടുക്കാൻ കിവീസ് നിരയിൽ ആരുമുണ്ടായിരുന്നില്ല. സ്കോർ പൂജ്യത്തിൽ നിൽക്കേ ഓപ്പണർ ഫിൻ അലനെ ന്യൂസിലാൻഡിന് നഷ്ടമായിരുന്നു. എന്നാൽ രണ്ടാം വിക്കറ്റിൽ 106 റൺസ് കൂട്ടിച്ചേർത്ത് കോൺവെയും നിക്കോളാസും ഇന്ത്യയെ പ്രതിരോധത്തിലാക്കിയെങ്കിലും കുൽദീപ് യാദവ് ഈ സഖ്യം പൊളിക്കുകയായിരുന്നു.

മൂന്നാം വിക്കറ്റിൽ ഡാരിൽ മിച്ചലുമായുള്ള കൂട്ടുകെട്ട് ശർദുൽ താക്കൂർ പൊളിച്ചതോടെ കിവീസ് തോൽവി മണത്തു തുടങ്ങിയിരുന്നു. പിന്നീട് കൃത്യമായ ഇടവേളകളിൽ ഇന്ത്യ വിക്കറ്റ് വീഴ്ത്തിയത് ന്യൂസിലാൻഡിനെ വിഷമത്തിലാക്കി. അൽപമെങ്കിലും പിടിച്ചുനിന്നത് ഹെന്റി നിക്കോളാസ് (42) ആണ്.

ഇന്ത്യക്ക് വേണ്ടി കുൽദീപ് യാദവ്, ശർദുൽ താക്കൂർ എന്നിവർ മൂന്ന് വിക്കറ്റ് വീതവും ചാഹൽ രണ്ട് വിക്കറ്റും ഹാർദിക് പാണ്ഡ്യ, ഉംറാൻ മാലിക് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. 112 റൺസെടുത്ത ശുഭ്മാൻ ഗില്ലാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. രോഹിത് ശർമ്മ 101 റൺസ് നേടി. രോഹിതും ഗില്ലും മത്സരിച്ച് ബാറ്റ് വീശിയതോടെ നേരിട്ട 76ാം പന്തിൽ തന്നെ ഇന്ത്യൻ സ്‌കോർ 100 കടന്നു. 83 പന്തുകളിൽ രോഹിത്താണ് ആദ്യം സെഞ്ച്വറി കുറിച്ചത്. ആറ് സിക്‌സറുകളും ഒമ്പത് ഫോറുകളും രോഹിത്ത് അടിച്ചുകൂട്ടി. തൊട്ടുപിന്നാലെ ഗില്ലും ഈ പരമ്പരയിലെ രണ്ടാം സെഞ്ച്വറി സ്വന്തമാക്കി. 78 പന്തുകളിൽ നിന്ന് 13 ഫോറും അഞ്ച് സിക്‌സറുകളും അടങ്ങുന്നതായിരുന്നു ഗില്ലിന്റെ ഇന്നിങ്‌സ്.

രോഹിത്തിനും ഗില്ലിനും പിന്നാലെ വന്ന കോഹ്ലിയും (36), ഇഷൻ കിഷനും (17) , സൂര്യകുമാർ യാദവും (14) സ്‌കോർബോർഡ് ഉയർത്താനുള്ള ശ്രമത്തിനിടെ ഔട്ടാവുകയായിരുന്നു. ഹാർദ് പാണ്ഡ്യയാണ് 38 പന്തുകളിൽ നിന്ന് 54 റൺസ് നേടി സ്കോറിങ്ങിന് വേ​ഗം കൂട്ടിയത്. ഷർദുൽ താക്കൂർ 16 പന്തിൽ 25 റൺസ് നേടി.

Story Highlights: India crush New Zealand by 90 runs sweep series 3-0

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here