രഞ്ജി ട്രോഫി: പോണ്ടിച്ചേരിക്ക് മുന്നിൽ വീണു; ആദ്യ ഇന്നിംഗ്സിൽ ലീഡ് വഴങ്ങി കേരളം

രഞ്ജി ട്രോഫി എലീറ്റ് ഗ്രൂപ്പ് സിയിലെ അവസാന മത്സരത്തിൽ കേരളത്തിനു തിരിച്ചടി. താരതമ്യേന ദുർബലരായ പോണ്ടിച്ചേരിക്കെതിരെ ആദ്യ ഇന്നിംഗ്സിൽ കേരളം ലീഡ് വഴങ്ങി. ഇതോടെ നോക്കൗട്ടിലേക്കുള്ള കേരളത്തിൻ്റെ പ്രതീക്ഷകൾ തുലാസിലായി. പോണ്ടിച്ചേരിയുടെ ആദ്യ ഇന്നിംഗ്സ് സ്കോറായ 371 റൺസിനു മറുപടിയുമായി ഇറങ്ങിയ കേരളം 286 റൺസിന് ഓൾ ഔട്ടായി. അക്ഷയ് ചന്ദ്രൻ (70) ആണ് കേരളത്തിൻ്റെ ടോപ്പ് സ്കോറർ. പോണ്ടിച്ചേരിക്കായി സാഗർ പി ഉദ്ധേഷി അഞ്ച് വിക്കറ്റ് വീഴ്ത്തി.
ആദ്യ ഇന്നിംഗ്സിൽ പോണ്ടിച്ചേരി 371 റൺസിനു പുറത്തായതോടെ തന്നെ കേരളം ബാക്ക്ഫൂട്ടിലായിരുന്നു. ആദ്യ ഇന്നിംഗ്സിൽ ലീഡ് നേടി സമനില പിടിക്കുകയായിരുന്നു കേരളത്തിൻ്റെ ലക്ഷ്യം. എന്നാൽ, കേരളത്തെ വരിഞ്ഞുമുറുക്കിയ പോണ്ടിച്ചേരി ബൗളർമാർ ഈ ലക്ഷ്യവും തകർത്തു. 10 വിക്കറ്റിൽ 9 പേരും ഇരട്ടയക്കം കടന്നെങ്കിലും വമ്പൻ സ്കോർ കണ്ടെത്താൻ ആർക്കും കഴിഞ്ഞില്ല. അക്ഷയ് ചന്ദ്രനൊപ്പം സൽമാൻ നിസാർ (44), സച്ചിൻ ബേബി (39), സിജോമോൻ ജോസഫ് (35) എന്നിവരാണ് മറ്റ് മികച്ച സ്കോറുകൾ നേടിയത്.
എലീറ്റ് ഗ്രൂപ്പ് സിയിൽ 35 പോയിൻ്റുള്ള കർണാടകയാണ് ഒന്നാമത്. നിലവിൽ 23 പോയിൻ്റുമായി ഝാർഖണ്ഡ് രണ്ടാമതും 20 പോയിൻ്റുള്ള കേരളം മൂന്നാമതാണ്. ഇന്ന് ഝാർഖണ്ഡിനെതിരെ വിജയിച്ച കർണാടക അടുത്ത ഘട്ടം ഉറപ്പിച്ചു. പോണ്ടിച്ചേരിക്കെതിരെ സമനില നേടാനായാൽ കേരളത്തിനു ലഭിക്കുക മൂന്ന് പോയിൻ്റ്. ആദ്യ ഇന്നിംഗ്സിൽ ലീഡ് നേടിയിരുന്നെങ്കിൽ 4 പോയിൻ്റ് കിട്ടിയേനെ. ഈ കളി സമനില നേടിയാൽ കേരളത്തിനും ഝാർഖണ്ഡിനും 23 പോയിൻ്റ് വീതം ലഭിക്കും. അങ്ങനെയെങ്കിൽ മികച്ച റൺ നിരക്കുള്ള ടീം ക്വാർട്ടർ കളിക്കും.
Story Highlights: ranji trophy kerala drew pondicherry
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here