ടയർ നിക്കോൾസിന്റെ മരണം; 5 മെംഫിസ് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റം ചുമത്തി

കറുത്ത വര്‍ഗ്ഗക്കാരൻ ടയര്‍ നിക്കോൾസിന്റെ മരണവുമായി ബന്ധപ്പെട്ട് അഞ്ച് മെംഫിസ് പൊലീസ് ഉദ്യോഗസ്ഥരെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. അശ്രദ്ധമായി വാഹനമോടിച്ചതിന് ട്രാഫിക് പൊലീസ് തടഞ്ഞുവച്ച 29 കാരൻ ജനുവരി 10 നാണ് മരണപ്പെട്ടത്. പൊലീസുമായി ഉണ്ടായ സംഘർഷത്തിൽ ഗുരുതരമായി പരുക്കേറ്റ നിക്കോൾസ് ചികിത്സയിൽ ഇരിക്കെയാണ് മരിച്ചത്.
റിപ്പോർട്ടുകൾ പ്രകാരം കൊലപാതകം, ക്രൂരമായ ആക്രമണം, തട്ടിക്കൊണ്ടുപോകൽ, ഉദ്യോഗസ്ഥ മോശം പെരുമാറ്റം, ഉദ്യോഗസ്ഥ പീഡനം എന്നീ കുറ്റങ്ങളാണ് ഉദ്യോഗസ്ഥർക്കെതിരെ ചുമത്തിയിരിക്കുന്നത്. ടഡാരിയസ് ബീൻ, ഡെമിട്രിയസ് ഹേലി, ഡെസ്മണ്ട് മിൽസ് ജൂനിയർ, എമിറ്റ് മാർട്ടിൻ III, ജസ്റ്റിൻ സ്മിത്ത് എന്നീ ഉദ്യോഗസ്ഥർക്ക് മരണത്തിൽ നേരിട്ട് പങ്കുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി. കഴിഞ്ഞ ആഴ്ച ഇവരെ ജോലിയിൽ നിന്നും പുറത്താക്കിയിരുന്നു.
പൊലീസ്, ടെന്നസി ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ, ഷെൽബി കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസ്, എഫ്‌ബിഐ എന്നിവ നടത്തിയ അന്വേഷണത്തെത്തുടർന്നായിരുന്നു നടപടി. പൊലീസ് ബോഡി-ക്യാം ഫൂട്ടേജുകളുടെ അടിസ്ഥാനത്തിൽ നിക്കോൾസിന്റെ കുടുംബം ഡിപ്പാർട്മെന്റിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു. നിക്കോൾസിൻ്റെ മുഖത്ത് കുരുമുളക് സ്പ്രേ അടിക്കുകയും അതി ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. മർദ്ദനത്തെത്തുടർന്നുണ്ടായ അമിത രക്തസ്രാവം മൂലമാണ് നിക്കോൾസ് മരിച്ചതെന്നും കുടുംബം പറയുന്നു.
Story Highlights: Tyre Nichols’ Killing: 5 Memphis Police Officers Charged With Murder
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here