പ്രവാസികളുടെ അടിയന്തിര പ്രധാന്യമുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ട് റവന്യൂ മന്ത്രിക്ക് നിവേദനം നൽകി കെഎംസിസി

ദ്വിദിന സന്ദർശനത്തിനായി സൗദി കിഴക്കൻ പ്രവിശ്യയിലെത്തിയ സംസ്ഥാന റവന്യൂ ഭവന വകുപ്പ് മന്ത്രി കെ രാജന് പ്രവാസികളുടെ അടിയന്തിര പ്രധാനമുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ട് നിവേദനം നൽകിയതായി കിഴക്കൻ പ്രവിശ്യാ കെഎംസിസി ഭാരവാഹികൾ അറിയിച്ചു. കോവിഡാനന്തരം പ്രവാസ ലോകത്തുണ്ടായ തൊഴിൽ പ്രതിസന്ധി മൂലം നാട്ടിൽ നിന്നും തിരികെ വരാൻ കഴിയാത്ത പ്രവാസികൾ രണ്ടു ലക്ഷത്തിലേറെയുണ്ടെന്ന സംസ്ഥാന സിഡിഎസ് പുറത്ത് വിട്ട കണക്ക് പ്രകാരം അർഹരായ പ്രവാസികളെ കണ്ടെത്തി വളരെ വേഗത്തിൽ ബി.പി.എൽ കാറ്റഗറിയിൽ ഉൾപ്പെടുത്തമെന്നാണ് പ്രധാന ആവശ്യം. KMCC submitted a petition to the Revenue Minister
കൂടാതെ, ഇവർക്ക് സ്വയം തൊഴിലിനായി 5 ലക്ഷം രൂപയുടെ പലിശ രഹിത വായ്പ സർക്കാർ ജാമ്യത്തിൽ നൽകാനാവശ്യമായ നടപടികൾ ഉണ്ടാകണമെന്നും കെഎംസിസി നിവേദനത്തിൽ ആവശ്യപ്പെട്ടു. ഹർത്താലിനോടനുബന്ധിച്ച് റവന്യൂ-ആഭ്യന്തര വകുപ്പുകൾ ചേർന്നു നടത്തുന്ന ജപ്തി നടപടികളിൽ നിരപരാധികളായ പ്രവാസികളടക്കം ഉൾപ്പെട്ടുവെന്നത് വളരെ ഗൗരവകരമാണെന്നും ഇത്തരം മനുഷ്യത്വരഹിതമായ നടപടികൾ അടിയന്തിരമായി നിർത്തിവെക്കാനും ആവശ്യപ്പെട്ടു.
Read Also: ജനാധിപത്യ യുവജന പ്രക്ഷോഭങ്ങള്‍ക്ക് നേരെയുള്ള പൊലീസ് രാജ് പ്രതിഷേധാര്‍ഹം: കെഎംസിസി
പ്രവാസികളുടെ നിരവധി വിഷയങ്ങൾക്ക് പരിഹാരം കാണാനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പ്രവാസി സ്റ്റാന്റിംഗ് കമ്മിറ്റി രൂപീകരിക്കണമെന്നും കഴിഞ്ഞ ലോക കേരള സഭാ സമ്മേളനത്തിൽ പ്രഖ്യാപിച്ചത് പോലെ സാധാരാണക്കാരായ പ്രവാസികൾ ഏറെയുള്ള സൗദി അറേബ്യയിൽ വെച്ച് ലോക കേരള സഭാ സമ്മേളനം നടത്തണമെന്നും നിർദ്ദേശമുണ്ട്. തൊഴിലില്ലായമയടക്കം ജനകീയ ആവശ്യങ്ങൾ ഉയർത്തി സമരം നടത്തുന്ന പ്രതിപക്ഷ യുവജന നേതാക്കളെ ലാത്തി ചാർജ്ജ് കൊണ്ടും അനാവശ്യ അറസ്റ്റ് നടപടി സ്വീകരിച്ചും നേരിടുന്ന സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ നടപടികളിലുള്ള പ്രവാസികളുടെ ശക്തമായ പ്രതിഷേധം റവന്യൂ വകുപ്പ് മന്ത്രിയെ ധരിപ്പിച്ചുവെന്നും നിവേദക സംഘത്തിലുണ്ടായ സൗദി കെ.എം.സി.സി ദേശീയ ജനറൽ സെക്രട്ടറി ഖാദർ ചെങ്കള, കിഴക്കൻ പ്രവിശ്യാ കെ.എം.സി.സി ജനറൽ സെക്രട്ടറി സിദ്ദീഖ് പാണ്ടികശാല, സെക്രട്ടറി സിറാജ് ആലുവ, ദമ്മാം കേന്ദ്ര കമ്മിറ്റി പ്രസിഡണ്ട് ഹമീദ് വടകര എന്നിവർ വ്യക്തമാക്കി.
Story Highlights: KMCC submitted a petition to the Revenue Minister
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here