Advertisement

ആരോഗ്യ കേരളം നമ്പര്‍ 1 എന്ന പറച്ചിലും കേട്ട് ദുബായില്‍ നിന്ന് ഇവിടുത്തെ സര്‍ക്കാര്‍ ആശുപത്രിയിലെത്തി, ഒടുവില്‍ സ്വകാര്യ ആശുപത്രിയില്‍ പോകേണ്ടി വന്നു…; പുത്തൂര്‍ റഹ്‌മാന്‍

4 days ago
Google News 3 minutes Read
puthur rahman fb post criticising public health department

കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രിയുടെ ഗുണനിലവാരത്തെ സംബന്ധിച്ചും മന്ത്രി സജി ചെറിയാന്റെ പ്രസ്താവനയെക്കുറിച്ചും ചര്‍ച്ചകള്‍ നടക്കുന്നതിനിടെ തനിക്കുണ്ടായ ആശുപത്രി അനുഭവം വിവരിച്ച് യുഎഇ കെഎംസിസി പ്രസിഡന്റ് പുത്തൂര്‍ റഹ്‌മാന്‍. സര്‍ക്കാര്‍ ആശുപത്രികളെക്കുറിച്ചുള്ള സര്‍ക്കാരിന്റെ അവകാശവാദം കേട്ട് ദുബായില്‍ നിന്ന് നാട്ടിലേക്ക് ചികിത്സയ്ക്ക് വന്ന തനിക്ക് സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് വളരെ മോശം അനുഭവമാണ് ഉണ്ടായതെന്ന് പുത്തൂര്‍ റഹ്‌മാന്‍ ഫേസ്ബുക്കില്‍ എഴുതി. ഒടുവില്‍ തനിക്ക് സ്വകാര്യ ആശുപത്രിയില്‍ പോയി ചികിത്സ നടത്തേണ്ടതായി വന്നു. ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ പോസ്റ്റില്‍ പുത്തൂര്‍ റഹ്‌മാന്‍ രൂക്ഷമായി പരിഹസിച്ചു. വീണുകിട്ടിയ മന്ത്രിസ്ഥാനം വീണാ ജോര്‍ജ് ആകാശം ഇടിഞ്ഞു വീണാലും ഒഴിയാന്‍ പോകുന്നില്ലെന്നും വീണയെ സിപിഐഎം മന്ത്രിയാക്കിയത് ക്രിസ്ത്യന്‍ സഭകളുടെ താത്പര്യ പ്രകാരമാണെന്നും അദ്ദേഹം ആക്ഷേപിച്ചു. (puthur rahman fb post criticising public health department)

പുത്തൂര്‍ റഹ്‌മാന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ:

മുഖ്യമന്ത്രിയുടെ ആരോഗ്യകേരളം നമ്പര്‍ വണ്‍ ആണെന്നുള്ള അവകാശവാദവും നാട്ടിലെ അതിസമ്പന്നര്‍ വരേ ഗവണ്‍മെന്റ് ആശുപത്രികളിലാണ് ഇപ്പോള്‍ ചികില്‍സക്കെത്തുന്നത് എന്ന പൊള്ളയായ പറച്ചിലും കേട്ടിട്ട് വിദഗ്ധ ചികില്‍സ ആവശ്യമുള്ള ഞാന്‍ ദുബായില്‍ നിന്നും കൊച്ചിയിലേക്കു വന്നതാണ്. എന്നാല്‍, വിദഗ്ദ ചികിത്സക്ക് അവസാനം പ്രൈവറ്റ് ഹോസ്പിറ്റലിനെ ആശ്രയിക്കേണ്ടി വന്നു. ആരോഗ്യരംഗം എത്രമാത്രം ശോചനീയമായ അവസ്ഥയിലാണെന്ന് എന്റെ ആശുപത്രി വാസ ദിനങ്ങളില്‍ നേരിട്ടറിഞ്ഞു. രാഷ്ട്രീയക്കാരിയല്ലാത്ത ഒരു മീഡിയ സെലിബ്രറ്റിയെ പിടിച്ചു മന്ത്രിയാക്കുന്നത് രണ്ടാം പിണറായി ഭരണത്തിന്റെ സൗന്ദര്യവല്‍ക്കരണം ലക്ഷ്യമിട്ടാണെന്നാണ് ഞാന്‍ ആദ്യം കരുതിയത്. പിന്നീടാണ് കൃസ്ത്യന്‍ സഭകളുടെ താല്‍പര്യപ്രകാരമാണ് ആ നറുക്കു വീണതെന്ന് സാമുദായിക സമവാക്യങ്ങളില്‍ വിവരമുള്ളവര്‍ പറഞ്ഞറിയുന്നത്.

Read Also: നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16ന്; മരിച്ച യെമന്‍ പൗരന്റെ കുടുംബം ദയാധനം ആവശ്യപ്പെട്ടു

ഏതായാലും ‘അമേരിക്കയില്‍ നിന്നുവരെ സഹായത്തിനുള്ള അപേക്ഷകള്‍ ലഭിച്ച’ മുന്‍ ആരോഗ്യ മന്ത്രിയെ മൂലക്കിരുത്തി, ഒരു പരിചയവുമില്ലാത്ത വീണയെ മന്ത്രിയാക്കിയ മുഖ്യമന്ത്രിക്ക് അദ്ദേഹത്തെ മറികടക്കാത്ത മന്ത്രിമാര്‍ മതി എന്ന കാര്യത്തില്‍ ശക്തമായ നിര്‍ബന്ധമുണ്ടായിരുന്നു. മലയാള അക്ഷരങ്ങളും അക്കങ്ങളും മാറിപ്പോകുന്ന വിദ്യാഭാസമന്ത്രി മുതല്‍ ഒരുപറ്റം തമാശക്കാരാണ് ഇപ്പോഴത്തെ മന്ത്രിസഭയിലധികവും. വീണുകിട്ടിയ മന്ത്രിസ്ഥാനം വീണാ ജോര്‍ജ് ആകാശം ഇടിഞ്ഞു വീണാലും ഒഴിയില്ല-എന്നിട്ടല്ലേ മെഡിക്കല്‍ കോളേജ് കെട്ടിടം ഇടിഞ്ഞു വീണതിന് അവര്‍ രാജി വെക്കുന്നത്.
അതിനിടെ മുഖ്യമന്ത്രി നമ്പര്‍ വണ്‍ ആരോഗ്യ കേരളത്തില്‍ ചികില്‍സ തേടാതെ, വീണ്ടും അമേരിക്കയിലേക്ക് പോകുന്നു. പത്തു ദിവസത്തേക്കാണ് ഈ യാത്ര. ഇക്കാലയളവിലേക്ക് ഒരു മന്ത്രിക്കും ഇന്‍ചാര്‍ജ് കൊടുത്തില്ല എന്നത് കൂടി കൂട്ടിവായിക്കുമ്പോള്‍ മന്ത്രിമാരോടുള്ള മുഖ്യമന്ത്രിയുടെ വിശ്വാസം എത്രത്തോളമെന്ന് ഒന്നുകൂടി വ്യക്തമാവുന്നു.

മുഖ്യമന്ത്രി അമേരിക്കയില്‍ നിന്നും ചികില്‍സ തേടിയാലെന്താ, ഗാന്ധി ഇംഗ്ലണ്ടിലല്ലേ പഠനത്തിനു പോയത് എന്നാണ് അതിനിടക്ക് മഹാബുദ്ധിമാനായ എം.എ ബേബിയുടെ ചോദ്യം. ഗാന്ധിജി സര്‍ക്കാര്‍ ചെലവിലല്ല, പോര്‍ബന്തറിലെയും രാജ്കോട്ടിലെയും ദിവാനായിരുന്ന കരംചന്ദ് ഗാന്ധി തന്റെ മകനെ വിദേശത്തേക്ക് പഠിക്കാനയച്ചത് എന്ന സാമാന്യബോധം പോലുമില്ല പുതിയ ദേശീയ ജനറല്‍ സെക്രട്ടറിക്ക്. മുഖ്യമന്ത്രിയുടെ അമേരിക്കയിലേക്കുള്ള ചികില്‍സാ യാത്ര ആരോഗ്യമേഖലയെക്കുറിച്ചുള്ള പൊള്ളയായ അവകാശവാദങ്ങളുടെ നഗ്‌നസത്യം വെളിവാക്കി എന്നതാണ് രോഗാതുരമായ സത്യം..!

Story Highlights : puthur rahman fb post criticising public health department

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here