മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വത്തിന് ഇന്ന് 75 വയസ്

ഇന്ന് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വത്തിന്‍റെ 75-ാം വാർഷികം. “നമ്മുടെ ജീവിതത്തിൽ നിന്ന് പ്രകാശം മാഞ്ഞുപോയിരിക്കുന്നു. എവിടെയും ഇരുട്ടാണ്… പ്രകാശിച്ചിരുന്നത് ഒരു സാധാരണ ദീപമായിരുന്നില്ല… ഒരായിരം വർഷങ്ങൾക്കു ശേഷവും അതിവിടെ പ്രകാശം ചൊരിയും. നൂറ്റാണ്ടുകളിലൂടെ ആയിരമായിരം ഹൃദയങ്ങൾക്ക് അത് ആശ്വാസം പകർന്നുകൊണ്ടിരിക്കും” 1948 ജനുവരി 30ന് മഹാത്മാഗാന്ധിയുടെ മരണം അറിയിച്ചുകൊണ്ട് രാഷ്ട്രത്തോടു നടത്തിയ പ്രഭാഷണത്തിൽ ജവഹർലാൽ നെഹ്‌റു പറഞ്ഞ വാക്കുകളാണിവ.
ഡൽഹിയിലെ ബിർല ഹൗസിനടുത്ത് പ്രാർത്ഥനയിൽ പങ്കെടുക്കാനെത്തിയ ഗാന്ധിയെ ഹിന്ദു തീവ്രാദിയായ നാഥുറാം വിനായക് ഗോഡ്സെയാണ് വെടിവെച്ച് കൊന്നത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ വർഗീയകലാപങ്ങൾ ഇല്ലാതാക്കി സമാധാനം സ്ഥാപിക്കുന്നതിനുള്ള ശ്രമത്തിൽ വാപൃതമായിരിക്കെയാണ് ഗാന്ധിയെ കൊലപ്പെടുത്തിയത്.
1948 ജനുവരിയിലെ രണ്ടാമത്തെ ശ്രമത്തിലാണ് ഹിന്ദുത്വ ഭീകരവാദികൾ മഹാത്മാഗാന്ധിയുടെ ജീവനെടുക്കുന്നതിൽ വിജയിച്ചത്. ജനുവരി 20 ന് ഡൽഹിയിലെ ബിർലാഹൗസിനടുത്ത് ഒരു പാർക്കിൽ പൊതുപ്രസംഗത്തിനിടെ ഗാന്ധിയെ കൊലപ്പെടുത്തുകയായിരുന്നു ലക്ഷ്യം. ആർ എസ് എസിലും ഹിന്ദുമഹാസഭയിലും പ്രവർത്തിച്ച നാഥുറാംവിനായക് ഗോഡ്സേയുടെ നേതൃത്വത്തിലായിരുന്നു വധശ്രമം. ഗാന്ധി സംസാരിക്കുമ്പോൾ ഗോഡ്സെയുടെ സംഘത്തിലെ ഒരാൾ ഒരു ഗ്രനേഡ് ആൾക്കൂട്ടത്തിൽ നിന്ന് ദൂരേക്ക് എറിയുന്നു. സ്ഫോടന ശബ്ദം കേട്ട് ആളുകൾ ചിതറിയോടി. അപ്പോൾ ഗാന്ധിയ്ക്ക് നേരെ ഗ്രനേഡ് എറിയുക എന്നതായിരുന്നു പദ്ധതി. എന്നാൽ ആ ദൗത്യം ഏൽപ്പിക്കപ്പെട്ട മദൻലാൽ പഹ്വയ്ക്ക് കൃത്യം ചെയ്യാൻ കഴിഞ്ഞില്ല. രണ്ടാം ഗ്രനേഡ് എറിയാതെ അയാൾ ഓടിപ്പോയി.
അതിനുശേഷം വെറും പത്തു ദിവസത്തിന് ശേഷമാണ് ബിർല ഹൗസിനടുത്ത് തന്നെ പ്രാർത്ഥനാപരിപാടിയിൽ പങ്കെടുക്കാൻ എത്തിയ ഗാന്ധിയെ നാഥുറാം വിനായക് ഗോഡ്സെ വെടിവെച്ചു കൊന്നത്. സർദാർ വല്ലഭായ് പട്ടേലുമായുള്ള കൂടിക്കാഴ്ച അൽപം നീണ്ടുപോയ ഗാന്ധി പ്രാർത്ഥനയ്ക്ക് അൽപം വൈകിയാണ് ഇറങ്ങുന്നത്. സന്തത സഹചാരികളായ മനു ഗാന്ധി, ആഭ ഗാന്ധി എന്നിവർക്കൊപ്പമാണ് ഗാന്ധി നടന്നു നീങ്ങിയത്. 200 അടിയായിരുന്നു ഗാന്ധിയുടെ അവസാന സഞ്ചാരത്തിന്‍റെ ദൈർഘ്യം . ആൾക്കൂട്ടത്തിൽ നിന്ന് തിക്കിത്തിരക്കി തന്‍റെ മുന്നിലേക്ക് വന്ന ഗോഡ്സേയുടെ മുന്നിൽ ആ യാത്ര അവസാനിച്ചു.
ഗാന്ധി ഇപ്പോൾത്തന്നെ വൈകിയിരിക്കുന്നു ദയവായി വഴിമാറൂവെന്ന് പറഞ്ഞ മനു ഗാന്ധിയെ ഇടതുകൈകൊണ്ട് തള്ളിമാറ്റിയ ഗോഡ്സെ വലതുകൈയിലുണ്ടായിരുന്ന ഇറ്റാലിയൻ ബെരെറ്റ പിസ്റ്റൾ കൊണ്ട് ഗാന്ധിയുടെ മാറിലും അടിവയറ്റിലുമായി നിറയൊഴിച്ചു. രണ്ട് തവണ ദൈവനാമം ഉച്ഛരിച്ച അദ്ദേഹം തറയിലേക്ക് മറിഞ്ഞ് വീണു.
Read Also: യുഎന്‍ ആസ്ഥാനത്ത് മഹാത്മാ ഗാന്ധിയുടെ പ്രതിമ അടുത്ത മാസം അനാച്ഛാദനം ചെയ്യും
സത്യം, അഹിംസ എന്നീ തത്വങ്ങളില്‍ അടിയുറച്ച് വിശ്വസിച്ച്, അതിനായി തന്റെ ജീവിതം ഉഴിഞ്ഞുവച്ച മഹത് വ്യക്തിത്വമായിരുന്നു ഗാന്ധി . അഹിംസയിലൂന്നിയ സത്യാഗ്രഹം എന്ന സമര സിദ്ധാന്തത്തിലൂടെ ലോകമെമ്പാടും ശ്രദ്ധേയനായ ഗാന്ധിയെ വെറുമൊരു രാഷ്ട്രീയ നേതാവ് എന്നതിനേക്കാള്‍ ദാര്‍ശനികനായും ലോകനേതാവായുമാണ് നാം കാണുന്നത്. ‘എന്റെ ജീവിതം തന്നെയാണ് എന്റെ സന്ദേശം’ എന്ന് പറഞ്ഞ അദ്ദേഹം അത് പ്രായോഗികമാക്കി. സ്വാതന്ത്യത്തിനായി പോരാടിയ ഒരു ജനതയെ അഹിംസയിലൂടെ മുന്നോട്ടു നയിക്കാനും, അവര്‍ക്ക് മാര്‍ഗ ദര്‍ശിയായി നിലകൊളളാനും ഗാന്ധിജിക്ക് കഴിഞ്ഞു.
Story Highlights: Mahatma Gandhi 75th death anniversary
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here