Advertisement

അണ്ടർ 19 വനിതാ ലോകകപ്പ്; പറന്ന് ക്യാച്ചെടുത്ത അർച്ചന ദേവിയുടെ അമ്മ നാട്ടുകാർക്ക് ‘ദുർമന്ത്രവാദിനി’

January 30, 2023
2 minutes Read

അണ്ടർ 19 വനിതാ ലോകകപ്പിൽ ഇന്ത്യ ജേതാക്കളായി. ഫൈനലിൽ ഇംഗ്ലണ്ടിനെ ഏഴ് വിക്കറ്റിനു തോല്പിച്ച ഇന്ത്യ വനിതാ ക്രിക്കറ്റിൽ ഇന്ത്യ നേടുന്ന ആദ്യ ലോകകപ്പാണ് സ്വന്തമാക്കിയത്. മത്സരത്തിൽ ഇംഗ്ലണ്ടിൻ്റെ ടോപ്പ് സ്കോറർ റ്യാന മക്ഡൊണാൾഡ് ഗേയെ പുറത്താക്കാൻ അർച്ചന ദേവി എടുത്ത ഒരു ക്യാച്ചുണ്ടായിരുന്നു. എക്സ്ട്രാ കവറിൽ മുഴുനീള ഡൈവ് ചെയ്ത് ഒറ്റക്കയ്യിൽ എടുത്ത ഒരു ബ്ലൈൻഡർ. അർച്ചന 3 ഓവറിൽ 17 റൺസ് വഴങ്ങി രണ്ട് വിക്കറ്റും നേടി. അർച്ചന ദേവി ലോക കിരീടം ചൂടിനിൽക്കുമ്പോൾ ഒപ്പം ആ കിരീടം നേടിയ ഒരാളുണ്ട്, ഉത്തർ പ്രദേശിലെ ഉന്നാവിൽ. അർച്ചന ദേവിയുടെ അമ്മ സാവിത്രി ദേവി. (womens world cup archana)

ഭർത്താവ് ക്യാൻസർ ബാധിച്ചും മകൻ പാമ്പ് കടിച്ചും മരിച്ചതിനെ തുടർന്ന് ഉന്നാവിലെ രതയ് പുർവ എന്ന ഗ്രാമത്തിലെ ആളുകൾ സാവിത്രി ദേവിയെ വിളിച്ചിരുന്നത് ദുർമന്ത്രവാദി എന്നായിരുന്നു. കുടുംബത്തിലെ മരണങ്ങൾക്ക് കാരണം സാവിത്രി ആണെന്ന ആരോപണം. മകൾ അർച്ചന ദേവിയെ ക്രിക്കറ്റ് കളിക്കാൻ അയച്ചപ്പോൾ മകളെ തെറ്റായ മാർഗത്തിലേക്കയച്ചു എന്ന് ബന്ധുക്കൾ കുറ്റപ്പെടുത്തി. എന്നാൽ, ഈ ആരോപണങ്ങൾക്ക് അമ്മയും മകളും മറുപടി നൽകിയത് ലോകജേതാക്കളെന്ന ലേബലണിഞ്ഞാണ്.

Read Also: അണ്ടർ 19 ലോകകപ്പ് ജേതാക്കൾക്ക് 5 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ

ഗ്രാമത്തിൽ നിന്ന് 20 കിലോമീറ്ററോളം അകലെ ഗഞ്ജ് മൊറാദാബാദിലുള്ള കസ്തൂർബ ഗാന്ധി ആവാസിയ ബാലിയ വിദ്യാലയ സ്കൂളിലാണ് സാവിത്രി മകളെ ചേർത്തത്. ക്രിക്കറ്റ് പരിശീലനമായിരുന്നു ലക്ഷ്യം. ആളുകൾ പറഞ്ഞു, സാവിത്രി മകളെ ആർക്കോ വിറ്റെന്ന്. സാവിത്രിയുമായി ആ നാട്ടുകാരൊന്നും സഹകരിച്ചില്ല. അവരുടെ വീട്ടിൽ നിന്ന് ഒരു ഗ്ലാസ് വെള്ളം പോലും ആരും വാങ്ങി കുടിച്ചില്ല. പക്ഷേ, ലോകകപ്പ് ഫൈനൽ ദിനത്തിൽ ആ വീട് തിങ്ങിനിറഞ്ഞു.

2008ലാണ് സാവിത്രിയുടെ ഭർത്താവ് ശിവറാം ക്യാൻസർ ബാധിച്ച് മരിച്ചത്. ഒരു പെൺകുട്ടിയും രണ്ട് ആൺകുട്ടികളുമടങ്ങുന്ന കുടുംബത്തെ പിന്നീട് അർച്ചന നോക്കിയത് ഒറ്റക്കാണ്. 2017ൽ ഇളയ ആൺകുട്ടി ബുദ്ധിമാൻ സിംഗ് പാമ്പുകടിയേറ്റ് മരിച്ചു. ഇപ്പോൾ ആ വീട്ടിലുള്ളത് രോഹിത് കുമാറും അർച്ചന ദേവിയും അമ്മ സാവിത്രി ദേവിയും. ആദ്യ ലോക്ക്ഡൗണിനിടെ രോഹിത് കുമാറിന് ഉണ്ടായിരുന്ന ചെറിയ ജോലി നഷ്ടപ്പെട്ടു. വെള്ളപ്പൊക്കം പലപ്പോഴും അവരുടെ ജീവിതത്തെ ബുദ്ധിമുട്ടിലാക്കുന്നു. ഒരു എരുമയും പശുവും വീട്ടിലുണ്ട്. അതിൻ്റെ പാല് വിറ്റുകിട്ടുന്ന പണമാണ് ആ കുടുംബത്തിൻ്റെ പ്രധാന ആശ്രയം. രോഹിത് കുമാറിനെ ബിരുദം വരെ പഠിപ്പിക്കാൻ സാവിത്രി ദേവിക്ക് കഴിഞ്ഞു.

“അർച്ചന ബുദ്ധിമാനൊപ്പം ക്രിക്കറ്റ് കളിക്കാറുണ്ടായിരുന്നു. അവളെക്കാൾ ഒരു വയസ് മാത്രം മൂത്തവനായിരുന്നു ബുദ്ധിമാൻ. കളിച്ചുകൊണ്ടിരിക്കെ അർച്ചന അടിച്ച പന്തെടുക്കാൻ പോയ ബുദ്ധിമാനെ പാമ്പ് കടിക്കുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകവേ എൻ്റെ കയ്യിൽ കിടന്നാണ് അവൻ മരിച്ചത്. അവൻ അവസാനം പറഞ്ഞത് ‘അർച്ചനയെ ക്രിക്കറ്റ് കളിക്കാൻ അനുവദിക്കൂ’ എന്നാണ്.”- രോഹിത് കുമാർ പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

ഇന്ത്യൻ സ്പിന്നർ കുൽദീപ് യാദവിൻ്റെ പരിശീലകൻ കപിൽ പാണ്ഡെ ആണ് അർച്ചനയുടെ പരിശീലകൻ. സ്വന്തം പോക്കറ്റിൽ നിന്ന് പണം മുടക്കിയാണ് കപിൽ അർച്ചനയുടെ പരിശീലനവുമായി ബന്ധപ്പെട്ട ചെലവുകൾ നടത്തിയത്.

Story Highlights: u19 womens world cup archana devi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top