തൃശൂരിൽ അനധികൃതമായി സൂക്ഷിച്ച 100 കിലോഗ്രാം വെടിമരുന്ന് പിടികൂടി

തൃശൂർ കൊരട്ടിയിൽ അനധികൃതമായി സൂക്ഷിച്ച 100 കിലോഗ്രാം വെടിമരുന്ന് പിടികൂടി. വീട്ടുടമ അടക്കം നാല് പേർ പിടിയിലായി. കുണ്ടന്നൂരിൽ വെടിമരുന്ന് പുരക്ക് തീപിടിച്ചുണ്ടായ അപകട സാഹചര്യത്തിൽ ലഭിച്ച രഹസ്യ വിവരത്തെ തുടർന്നുള്ള പരിശോധനയിലാണ് അനധികൃത വെടിമരുന്ന് ശേഖരം പിടികൂടിയത്.
വെസ്റ്റ് കൊരട്ടിയിൽ കണ്ണമ്പുഴ വർഗ്ഗീസിന്റെ വീടിനോട് ചേർന്നുള്ള മൂന്നു ഷെഡുകളിലായി പ്രവർത്തിച്ചിരുന്ന പടക്ക നിർമ്മാണ ശാലയിലാണ് റെയ്ഡ് നടന്നത്. വൻ തോതിൽ പടക്കങ്ങളും ഗുണ്ടും കരിമരുന്നും പോലിസ് പിടിച്ചെടുത്തു. 100 കിലോയോളം വെടിമരുന്നും രണ്ടായിരത്തോളം ഗുണ്ടും, അമ്പതിനായിരത്തോളം ഓലപടക്കങ്ങളുമാണ് പിടികൂടിയത്. സമീപത്തെ പള്ളിയിലെ പെരുന്നാളിന് വെടിക്കെട്ടിനായി നിർമ്മിച്ചിരുന്ന വെടിക്കോപ്പുകളാണ് പിടികൂടിയത്.
വർഷങ്ങൾക്ക് മുൻപ് അങ്കമാലിയിലെ പടക്ക വിപണന ശാലയിൽ ജോലി ചെയ്തതിന്റെ പരിചയത്തിലണ് വർഗ്ഗീസ് പടക്ക നിർമ്മാണം നടത്താറുള്ളതെന്ന് പൊലീസ് പറഞ്ഞു. ആലുവയിൽ നിന്നുമാണ് ഇതിനായുള്ള വെടിമരുന്ന് കൊണ്ട് വരുന്നത്. അങ്കമാലി കൊരട്ടി സ്വദേശികളായ തൊഴിലാളികളാണ് ഇയാൾക്കൊപ്പമുള്ളത്. ഒരു മാനദണ്ഡവും പാലിക്കാതെ പടക്കനിർമ്മാണ ശാല പ്രവർത്തിക്കുന്നുവെന്ന വിവരത്തിൻറെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കുണ്ടന്നൂർ അപകടത്തിൻറെ പശ്ചാത്തലത്തിൽ പൊലീസ് ഇത്തരം സ്ഥാപനങ്ങൾ നിരീക്ഷിച്ച് വരികയാണ്.
Story Highlights: thrissur 100 kilograms fireworks held