Advertisement

അഹ്‌മദാബാദിൽ കിവീസിനെ തുരത്തി ഗിൽ; ഇന്ത്യക്ക് കൂറ്റൻ സ്കോർ

February 1, 2023
Google News 2 minutes Read

ന്യൂസീലൻഡിനെതിരായ അവസാന ടി-20 മത്സരത്തിൽ ഇന്ത്യക്ക് കൂറ്റൻ സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടപ്പെടുത്തി 234 റൺസ് നേടി. ടി-20 കരിയറിലെ ആദ്യ സെഞ്ചുറി കുറിച്ച ശുഭ്മൻ ഗില്ലാണ് (126 നോട്ടൗട്ട്) ഇന്ത്യയെ വമ്പൻ സ്കോറിലേക്ക് നയിച്ചത്. രാഹുൽ ത്രിപാഠി (22 പന്തിൽ 44), ഹാർദിക് പാണ്ഡ്യ (17 പന്തിൽ 30) എന്നിവരും ഇന്ത്യക്കായി തിളങ്ങി. ടി-20യിൽ ന്യൂസീലൻഡിനെതിരെ ഇന്ത്യയുടെ ഏറ്റവും ഉയർന്ന ടോട്ടലാണിത്.

ഇഷാൻ കിഷനെ (1) വേഗം നഷ്ടമായെങ്കിലും ആദ്യ പന്ത് മുതൽ ആക്രമണം അഴിച്ചുവിട്ട രാഹുൽ ത്രിപാഠിയും ടി-20 യുടെ വേഗതയിലേക്ക് സാവധാനത്തിൽ എത്തിച്ചേർന്ന ശുഭ്മൻ ഗില്ലും ചേർന്ന് ന്യൂസീലൻഡ് ബൗളർമാരെ തല്ലിച്ചതച്ചു. 80 റൺസിൻ്റെ തകർപ്പൻ കൂട്ടുകെട്ടിനൊടുവിൽ ത്രിപാഠി മടങ്ങി. 4 ബൗണ്ടറിയും മൂന്ന് സിക്സറും സഹിതമായിരുന്നു ത്രിപാഠിയുടെ വിസ്ഫോടനാത്‌മക ഇന്നിംഗ്സ്. നാലാം നമ്പറിലെത്തിയ സൂര്യകുമാർ യാദവും ആക്രമണം അഴിച്ചുവിട്ടതോടെ ഇന്ത്യ കുതിച്ചു. 13 പന്തിൽ ഒരു ബൗണ്ടറിയും രണ്ട് സിക്സറും സഹിതം 24 റൺസെടുത്ത് മടങ്ങുമ്പോഴേക്കും സൂര്യ മൂന്നാം വിക്കറ്റിൽ ഗില്ലുമൊത്ത് 38 റൺസിൻ്റെ കൂട്ടുകെട്ടിൽ പങ്കാളി ആയിരുന്നു.

അഞ്ചാം നമ്പറിലെത്തിയ ഹാർദിക് പാണ്ഡ്യയും ആക്രമണത്തിൻ്റെ പാത സ്വീകരിച്ചു. ഇതിനിടെ 35 പന്തിൽ ഗിൽ തൻ്റെ കന്നി ടി-20 ഫിഫ്റ്റിയിലെത്തി. ഫിഫ്റ്റിക്ക് ശേഷം ഗിയർ മാറ്റിയ ഗിൽ 54 പന്തിൽ മൂന്നക്കം കുറിച്ചു. സെഞ്ചുറി പിന്നിട്ടിട്ടും ഗിൽ വെടിക്കെട്ട് തുടർന്നു. അവസാന ഓവറിലെ ആദ്യ പന്തിൽ ഹാർദിക് മടങ്ങി. 17 പന്തിൽ 4 ബൗണ്ടറിയും ഒരു സിക്സറും സഹിതം 30 റൺസ് നേടിയ ഹാർദിക് നാലാം വിക്കറ്റിൽ ഗില്ലിനൊപ്പം 103 റൺസിൻ്റെ കൂട്ടുകെട്ടും ഉയർത്തി. 63 പന്തിൽ 12 ബൗണ്ടറിയും 7 സിക്സറും സഹിതം 126 റൺസ് നേടിയ ഗിൽ നോട്ടൗട്ടാണ്.

രാജ്യാന്തര ടി-20യിൽ ഒരു ഇന്ത്യൻ താരത്തിൻ്റെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ ആണ് ഇന്ന് ഗിൽ നേടിയത്. കഴിഞ്ഞ വർഷം നടന്ന ഏഷ്യാ കപ്പിൽ അഫ്ഗാനിസ്താനെതിരെ വിരാട് കോലി നേടിയ 122 നോട്ടൗട്ട് എന്ന റെക്കോർഡാണ് ഗിൽ പഴങ്കഥയാക്കിയത്.

Story Highlights: india huge score newzealand 3rd t20

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here