‘എഎപി സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമം’; ഇഡി കുറ്റപത്രത്തെ വിമർശിച്ച് കെജ്രിവാൾ

സർക്കാരിനെ അസ്ഥിരപ്പെടുത്താൻ കേന്ദ്രസർക്കാർ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ ഉപയോഗിക്കുകയാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഡൽഹി മദ്യ നയ അഴിമതി കേസിൽ അന്വേഷണ ഏജൻസി സമർപ്പിച്ച കുറ്റപത്രങ്ങൾ സാങ്കൽപ്പികമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഡൽഹി മദ്യ കുംഭകോണത്തിൽ നിന്ന് സമ്പാദിച്ച പണം പാർട്ടി ഗോവ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചുവെന്ന് ഇഡി കുറ്റപത്രത്തിൽ ആരോപിച്ചതിന് തൊട്ടുപിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഈ സർക്കാരിന്റെ കാലത്ത് 5000 കുറ്റപത്രങ്ങളാണ് ഇഡി സമർപ്പിച്ചത്. കേസുകൾ വ്യാജമാണെന്നും തെറ്റായ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നും അദ്ദേഹം ഇന്ത്യാ ടുഡേയോട് പറഞ്ഞു.
അതിനിടെ അഴിമതിൽ നിന്നും ലഭിച്ച ഫണ്ടിന്റെ ഒരു ഭാഗം എഎപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചതായി കണ്ടെത്തിയതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അവകാശപ്പെട്ടു. എഎപിയുടെ സർവേ ടീമുകളുടെ ഭാഗമായ സന്നദ്ധപ്രവർത്തകർക്ക് ഏകദേശം 70 ലക്ഷം രൂപ പണമായി നൽകിയതായി ഇഡി പറയുന്നു. ഇതാദ്യമായാണ് ഇഡി സമർപ്പിച്ച കുറ്റപത്രത്തിൽ അരവിന്ദ് കെജ്രിവാളിനെ പരാമർശിക്കുന്നത്. 2022ൽ നടന്ന ഗോവ നിയമസഭാ തെരഞ്ഞെടുപ്പിൽ എഎപി രണ്ട് സീറ്റുകൾ നേടിയിരുന്നു.
Story Highlights: CM Kejriwal slams ED chargesheet says bid to topple AAP govt