Advertisement

ദുസ്വപ്‌നം, എഴുത്ത്, നര്‍മം, മുറിവുകള്‍…; ആക്രമണത്തിന് ശേഷം ആദ്യമായി സല്‍മാന്‍ റുഷ്ദി ലോകത്തോട് സംസാരിക്കുമ്പോള്‍…

February 9, 2023
Google News 2 minutes Read

ഗ്ലാഡിയേറ്ററിനെപ്പോലൊരാള്‍…. അവ്യക്തമായ ഒരു നിഴല്‍.. കൈയില്‍ മൂര്‍ച്ചയുള്ള ആയുധം… പയ്യെ നടന്നുവന്ന് ഒരൊറ്റ കുത്ത്… തനിക്ക് നേരെയുണ്ടായ ആക്രമണത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് താന്‍ ഇങ്ങനെയൊരു ദുസ്വപ്‌നം കണ്ടതായി സല്‍മാന്‍ റുഷ്ദി ന്യൂയോര്‍ക്കര്‍ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നുണ്ട്. പക്ഷേ യഥാര്‍ത്ഥത്തില്‍ കഴിഞ്ഞ ഓഗസ്റ്റ് മാസം സംഭവിച്ചത് അതിനേക്കാള്‍ ഭയാനകമായ ആക്രമണമായിരുന്നു. റുഷ്ദി തന്റെ ജീവിതത്തില്‍ അതിജീവിച്ചതെല്ലാം ഒരു മനുഷ്യന്റെ ദുസ്വപ്‌നത്തേക്കാള്‍ പേടിപ്പെടുത്തുന്ന അനുഭവങ്ങളാണ്. തനിക്ക് നാളെയൊരിക്കല്‍ നേരിടേണ്ടി വന്നേക്കാവുന്ന ദുരനുഭവങ്ങളെക്കുറിച്ച് ഒരു എഴുത്തുകാരന് ഭാവന ചെയ്യാന്‍ സാധിക്കുന്നതിനേക്കാള്‍ തീവ്രതയേറിയ അനുഭവങ്ങള്‍… (Salman Rushdie gives first interview since 2022 stabbing)

സത്താനിക് വേഴ്‌സസ് എന്ന നോവലിന്റെ പേരില്‍ 1989ലെ വാലന്റൈന്‍സ് ദിനത്തില്‍ ആയത്തൊള്ള ഖൊമൈനി റുഷ്ദിക്കെതിരെ ഫത്വ പുറപ്പെടുവിച്ച ശേഷം ദശാബ്ദങ്ങളോളം അതിജീവന പോരാട്ടം നടത്തിയ റുഷ്ദിക്ക് നേരെയായിരുന്നു മാസങ്ങള്‍ക്ക് മുന്‍പ് ഹാദി മറ്റാര്‍ എന്നയാളിന്റെ ആക്രമണം. ജീവിതത്തിലേക്ക് വീണ്ടും ഭയത്തിന്റെ സാത്താന്മാര്‍ തിരികെയെത്തുകയാണെന്ന് അറിഞ്ഞിട്ടും ജീവിതത്തെ റുഷ്ദി നോക്കിക്കാണുന്നത് തന്റെ സ്വതസിദ്ധമായ ഹ്യൂമര്‍ സെന്‍സോടെയാണ്. ആക്രമണത്തിന് ശേഷം ആദ്യമായി അനുവദിച്ച അഭിമുഖത്തില്‍ എത്ര മുറിവുകള്‍ അക്രമിയുണ്ടാക്കി എന്ന ചോദ്യത്തെ നേരിടുമ്പോള്‍ പുഞ്ചിരിച്ചുകൊണ്ട് റുഷ്ദി പറയുന്നത് എനിക്ക് ആ സമയത്ത് ശരിക്കും എണ്ണാന്‍ പറ്റിയില്ല എന്നാണ്.

Read Also: ‘തകർന്ന കെട്ടിടത്തിനടിയിൽ കുടുങ്ങിയ ബന്ധുക്കളുടെ കരച്ചിൽ കേൾക്കാൻ കഴിയുന്നുണ്ട്’; സിറിയയിൽ നിന്ന് വരുന്നത് ഉള്ളുലയ്ക്കുന്ന കാഴ്ചകൾ

നെഞ്ചിലും കരളിലും കൈയിലും മുഖത്തും കഴുത്തിലുമാണ് റുഷ്ദിക്ക് കുത്തേറ്റത്. വലതു കണ്ണിന്റെ കാഴ്ച ആക്രമണത്തില്‍ പൂര്‍ണമായും നഷ്ടപ്പെട്ടു. നോവലിന്റെ പേരില്‍ സ്വാതന്ത്ര്യവും സ്വസ്ഥതയും സമാധാനവും ബലികഴിക്കേണ്ടി വന്ന റുഷ്ദി ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടതിനെക്കുറിച്ചും സംസാരിക്കുന്നത് നര്‍മത്തിന്റെ നേരിയ ആവരണത്തോടെയാണ്. ഒരു കണ്ണില്‍ മാത്രം ടിന്ററ്റഡ് ലെന്‍സുള്ള പുതിയ കണ്ണട വെച്ച തന്നെ ഇപ്പോള്‍ കണ്ടാല്‍ പൈറേറ്റ്‌സ് ഓഫ് കരീബിയനിലെ ജോണി ഡെപ്പിനെപ്പോലെയുണ്ടെന്നാണ് റുഷ്ദി പറയുന്നത്. ആക്രമണത്തെ അതിജീവിച്ച റുഷ്ദിയുടെ വളരെ ആഴം തോന്നിക്കുന്ന സുന്ദരമായ ഒരു ചിത്രവും ന്യൂയോര്‍ക്കര്‍ മാസിക അഭിമുഖത്തിനൊപ്പം പ്രസിദ്ധീകരിച്ചിരുന്നു. അഭിമുഖം പബ്ലിഷ് ചെയ്യപ്പെട്ടതിന് തൊട്ടുപിന്നാലെ സോഷ്യല്‍ മീഡിയയിലൂടെ ഈ ചിത്രത്തെക്കുറിച്ചുള്ള തന്റെ അഭിപ്രായം പറഞ്ഞ് റുഷ്ദി രംഗത്തെത്തി. ന്യൂയോര്‍ക്കറിലെ ഫോട്ടോ നാടകീയവും ശക്തവുമാണ്, പക്ഷേ എന്റെ ഇപ്പോഴത്തെ യാഥാര്‍ഥ്യത്തോട് കൂടുതല്‍ അടുത്ത് നില്‍ക്കുന്ന ചിത്രം ഇതാണെന്ന് പറഞ്ഞ് റുഷ്ദി തന്റെ മറ്റൊരു ഫോട്ടോ പങ്കുവച്ചു. വെറുപ്പും ഭീതിയും കൊണ്ട് വേട്ടയാടപ്പെട്ട ഒരു എഴുത്തുകാരന്റെ കൂടുതല്‍ യഥാര്‍ത്ഥമായ ഒരു ചിത്രം.

തന്നെ ആക്രമിച്ച യുവാവിനെക്കുറിച്ച് എന്തെങ്കിലും പറയാന്‍ തനിക്ക് അയാളെക്കുറിച്ച് യാതൊന്നും അറിയില്ലല്ലോ എന്ന് റുഷ്ദി പറയുന്നു. മാധ്യമങ്ങളിലൂടെയാണ് ഞാനും അയാളെക്കുറിച്ച് അറിയുന്നത്. വെറും 27 സെക്കന്റുകള്‍ മാത്രമാണ് അയാള്‍ക്ക് അന്ന് ലഭിച്ചത്. 27 സെക്കന്റുകള്‍ കൊണ്ട് ഒരാള്‍ക്ക് നമ്മില്‍ ഉണ്ടാക്കാനാകുന്ന ആഘാതം ഇത്രത്തോളം വരുമെന്നും റുഷ്ദി പറയുന്നുണ്ട്.

തന്റെ എഴുത്തിന്റെ പേരില്‍ മാത്രം പൊളളുന്ന ജീവിതാനുഭവങ്ങളുള്ള ഈ എഴുത്തുകാരന്‍ പക്ഷേ തന്റെ എഴുത്തുകള്‍ തന്റെ ജീവിതത്തില്‍ നിന്ന് വേര്‍തിരിച്ച് വായിക്കപ്പെടണമെന്നാണ് ആഗ്രഹിക്കുന്നത്. എന്റെ ജീവിതത്തേക്കാള്‍ രസകരമാണ് എന്റെ എഴുത്തുകള്‍. എനിക്ക് നേരെയുണ്ടായ ആക്രമണത്തിന് ശേഷം എന്നെ വായിക്കുമ്പോള്‍ എഴുത്തുകളുടെ ഉള്ളടക്കത്തില്‍ നിന്ന് എന്റെ ജീവിതത്തിലേക്ക് വായിക്കുന്നവരുടെ ശ്രദ്ധ തിരിയുമോ എന്ന് ആശങ്കയുണ്ട്. ഒരു ഇര എന്ന നിലയിലേക്ക് എന്നെത്തന്നെ കാണാന്‍ കുറച്ചുബുദ്ധിമുട്ടാണ്. ഈ പുസ്തകം എഴുതിയ ആളെ ഒരാള്‍ കുത്തിപ്പരുക്കേല്‍പ്പിച്ചു, പാവം എന്ന തോന്നലല്ല വായനക്കാരന് എന്റെ പുസ്തകങ്ങള്‍ വായിക്കുമ്പോള്‍ തോന്നേണ്ടതെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. റുഷ്ദി പറയുന്നു.

ഇപ്പോള്‍ തനിക്ക് ആക്രമണത്തിന് ശേഷം എഴുതുന്നതിനും ടൈപ്പ് ചെയ്യുന്നതിനും വളരെ പ്രയാസമാണെന്ന് റുഷ്ദി പറയുന്നു. റൈറ്റേഴ്‌സ് ബ്‌ളോക്ക് എന്നൊന്നും ഞാന്‍ പറയില്ല. ഒന്നും തലയിലേക്ക് വരാത്ത ഒരു പോയിന്റ് ഒക്കെ എല്ലാവരുടേയും ജീവിതത്തില്‍ കാണും. എഴുപത്തഞ്ചു വയസിനിടയില്‍ ഇരുപത്തിയൊന്ന് പുസ്തകങ്ങള്‍ എഴുതിയതിന്റെ ഒരു കാര്യം, നിങ്ങള്‍ ശ്രമിച്ചാല്‍ എന്തെങ്കിലും വരുമെന്ന് നിങ്ങള്‍ക്കറിയാം എന്നതാണ്. റുഷ്ദി പറയുന്നു.

തനിക്കെതിരെ നടന്ന അപ്രതീക്ഷിതവും അസാധാരണവുമായ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത് താന്‍ ഭാഗ്യവാനായത് കൊണ്ടാണെന്ന് റുഷ്ദി പറഞ്ഞു. എല്ലാവരോടും നിറഞ്ഞ നന്ദിയാണ് ഇപ്പോള്‍ മനസില്‍ തോന്നുന്ന വികാരം. പ്രത്യേകിച്ച് മക്കളായ സഫറും മിലാനും ഉള്‍പ്പെടുന്ന കുടുംബത്തോട് കൂടെ നിന്നതിന് നന്ദിയുണ്ടെന്ന് റുഷ്ദി പറഞ്ഞു.

എനിക്ക് ഇപ്പോള്‍ സ്വന്തമായി എഴുന്നേറ്റ് നടക്കാം. സുഖമാണെന്ന് പറഞ്ഞാല്‍ തന്നെയും എന്റെ ശരീരഭാഗങ്ങളൊക്കെ ഇടയ്ക്കിടെ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. ശരിക്കും അതൊരു വലിയ ആക്രമണമായിരുന്നു. റുഷ്ദി പറഞ്ഞു. തനിക്ക് നേരെയുണ്ടായ ആക്രമണത്തോട് എല്ലാവരും പ്രതികരിച്ചതില്‍ സന്തോഷം തോന്നിയെന്നും റുഷ്ദി പറയുന്നു. ഞാന്‍ വധിക്കപ്പെടുമ്പോള്‍ ആളുകള്‍ എങ്ങനെയാകും അതിനോട് പ്രതികരിക്കുക എന്നത് താന്‍ മുന്‍പൊരിക്കലും ചിന്തിച്ചിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ഓഗസ്റ്റ് മാസം 12നാണ് ന്യൂയോര്‍ക്കില്‍വച്ച് റുഷ്ദി ആക്രമിക്കപ്പെടുന്നത്. ഇന്ത്യന്‍ സമയം രാത്രി 8.30നാണ് ഷട്ടോക്വ വിദ്യാഭ്യാസകേന്ദ്രത്തിലെ ചടങ്ങിനിടെ വേദിയിലേക്കു പാഞ്ഞെത്തിയ അക്രമി റുഷ്ദിയെ കഴുത്തില്‍ കുത്തിവീഴ്ത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ന്യൂജഴ്‌സിയില്‍ നിന്നുള്ള ഹാദി മറ്റാര്‍ (24) ആണു പിടിയിലായത്.

Story Highlights: Salman Rushdie gives first interview since 2022 stabbing

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here