തൃശൂരിൽ ജനവാസ കേന്ദ്രത്തിൽ ഒറ്റയാനിറങ്ങി; ആന വനപാലകരെ ഓടിച്ചു, ഭീതിയോടെ പ്രദേശവാസികൾ

തൃശൂർ കൊടകര മുരിക്കുങ്ങൽ പത്തുകുളങ്ങര താളൂപാടത്ത് ജനവാസ കേന്ദ്രത്തിൽ ഒറ്റയാൻ ഇറങ്ങിയത് പ്രദേശവാസികളിൽ പരിഭ്രാന്തി പരത്തി. വീട്ടുമുറ്റത്തെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ആന ഒരു പശുവിനെയും ആക്രമിച്ചു. ഇതിന് ശേഷം വാട്ടർ ടാങ്ക് തകർക്കുകയും സോളാർ വേലി നശിപ്പിക്കുകയും ചെയ്തു. ആനയെ തുരത്താനെത്തിയ വനപാലകരെയും നാട്ടുകാരെയും കൊമ്പൻ ഓടിച്ചു. ( elephant attack in Thrissur ).
മുണ്ടാടൻ പോളിൻ്റെ പശുവിനെയാണ് ആന ആക്രമിച്ചത്. കയർപൊട്ടി ഓടിയതുമൂലമാണ് പശു പരിക്കേൽക്കാതെ രക്ഷപ്പെട്ടതെന്ന് സമീപവാസികൾ പറയുന്നു. കുണ്ടുവായിൽ ഉസ്മാൻ്റെ വീട്ടുമുറ്റത്ത് സ്ഥാപിച്ച വാട്ടർ ടാങ്കും സ്റ്റാൻ്റും ആന തകർത്തു. അതേസമയം, ഇടുക്കിയിൽ തുടർച്ചയായി കാട്ടാന ആക്രമണമുണ്ടാകുന്ന പശ്ചാത്തലത്തിൽ വിളിച്ചുചേർത്ത വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിർണായക യോഗം ഇന്ന് നടക്കും. സിസിഎഫ് ആർ എസ് അരുൺ, വെറ്റിനറി സർജൻ ഡോ അരുൺ സഖറിയ എന്നിവർ ഉൾപ്പെടെയാണ് ഇന്നത്തെ യോഗത്തിൽ പങ്കെടുക്കുന്നത്.
Read Also: മണ്ണാർക്കാട് മരം വലിക്കുന്ന ആന ഇടഞ്ഞോടി
ആക്രമണകാരിയായ അരിക്കൊമ്പനെ മയക്കുവെടി വച്ച് പിടിക്കണമെന്ന നിർദേശം ഇന്ന് ചർച്ച ചെയ്യും. നിരന്തരം ജനവാസമേഖലയിൽ ഭീതി സൃഷ്ടിക്കുന്ന ചക്കക്കൊമ്പൻ, മൊട്ടവാലൻ എന്നീ കാട്ടാനകൾക്ക് റേഡിയോ കോളർ ഘടിപ്പിക്കണമെന്നും നിർദേശമുണ്ടായിരുന്നു. ഇക്കാര്യത്തിലും ഇന്നത്തെ യോഗം ചർച്ച ചെയ്ത് തീരുമാനമെടുക്കും.
ശാന്തൻപാറ, ചിന്നക്കനാൽ പഞ്ചായത്തുകളിലെ അക്രമകാരികളായ കാട്ടാനകളെ ആർ ആർ ടി സംഘം കഴിഞ്ഞ ദിവസം മുതൽ ഡ്രോൺ ഉപയോഗിച്ച് നിരീക്ഷിച്ചു തുടങ്ങിയിരുന്നു. കാട്ടാനകളുടെ സഞ്ചാരപഥം ഉൾപ്പെടെ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് നടപടി. അക്രമകാരികളായ ആനകളെ കുറിച്ചുള്ള വിവരശേഖരണം പുരോഗമിക്കുകയാണ്. അരിക്കൊമ്പനെ ഡോ അരുൺ സഖറിയയുടെ നേതൃത്വത്തിലുള്ള സംഘം നിരീക്ഷിച്ചുവരികയായിരുന്നു. ഈ നിരീക്ഷണത്തിന്റെ ഫലങ്ങൾ കൂടി അടിസ്ഥാനമാക്കിയാകും കാട്ടാനശല്യത്തിൽ തുടർനടപടി സ്വീകരിക്കുക.
Story Highlights: elephant attack in Thrissur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here