Advertisement

നികുതി ബഹിഷ്കരണത്തിൽ മലക്കം മറിഞ്ഞ് കെ. സുധാകരൻ; തന്റെ വാക്കുകളെ പിണറായിക്കുള്ള മറുപടിയായി കണ്ടാൽ മതിയെന്ന് വിശദീകരണം

February 11, 2023
Google News 1 minute Read
k Sudhakaran changed his stance on tax boycott

ബഡ്ജറ്റിൽ ഇന്ധന സെസ് ഏർപ്പെടുത്തിയതിനെ തുടർന്ന് നികുതി ബഹിഷ്കരണം നടത്തണമെന്ന് പ്രവർത്തകരോട് ആഹ്വാനം ചെയ്ത കെപിസിസി അധ്യക്ഷൻ കെ സുധാകരൻ നിലപാട് മാറ്റി. നികുതി ബഹിഷ്കരണം പിണറായിക്ക് വ്യക്തിപരമായി നൽകിയ മറുപടിയാണെന്നാണ് അദ്ദേഹം വിശദീകരണം. പാർട്ടിയിൽ കൂടിയാലോചിച്ചല്ല ഇക്കാര്യം പറഞ്ഞത്. തന്റെ വാക്കുകളെ പിണറായിയുടെ പ്രസ്താവനയ്ക്ക് നൽകിയ മറുപടിയായി കണ്ടാൽ മതി.

പക്ഷെ നികുതി ബഹിഷ്കരണം ഉൾപ്പടെയുള്ള സമരത്തിലേക്ക് പോകേണ്ടിവരും. കോൺഗ്രസ് പാർട്ടി കൂടിയാലോചിച്ച് ഇക്കാര്യം തീരുമാനിക്കും.
വൻ സമരപരിപടികൾ ഉണ്ടാകും. ജനത്തിനെ ബുദ്ധിമുട്ടിച്ചിട്ട് അവരെ തന്നെ വെല്ലുവിളിക്കുകയാണ് ഇടതുപക്ഷ സർക്കാരെന്നും അദ്ദേഹം വിമർശിച്ചു. അധിക നികുതി അടയ്ക്കരുതെന്ന് കോൺഗ്രസ് ജനങ്ങളോടാവശ്യപ്പെടുകയാണ് എന്നാണ് അദ്ദേഹം മുൻപ് പറഞ്ഞിരുന്നത്. നികുതി അടയ്ക്കാത്തതിനെതിരെ നടപടി വന്നാൽ കോൺഗ്രസ് സംരക്ഷിക്കുമെന്നും അധിക നികുതി പാർട്ടി പ്രവർത്തകർ അടക്കില്ലെന്ന് യുഡിഎഫ് സർക്കാരിൻ്റെ കാലത്ത് പിണറായി പറഞ്ഞിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഈ നിലപാടാണ് സുധാകരൻ തിരുത്തിയത്.

യുഡിഎഫ് സർക്കാരിന്റെ കാലത്ത് 17 തവണ ഇന്ധന നികുതി കൂട്ടിയെന്ന ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ വാദം കല്ലുവെച്ച നുണയാണ്. അന്താരാഷ്ട്രവിപണയിൽ അസംസ്‌കൃത എണ്ണയുടെ വില മാറുന്നതിനനുസരിച്ച് വില നിർണയിക്കുന്ന രീതി വന്നതിനെ തുടർന്നാണ് കേന്ദ്രസർക്കാർ വില കൂട്ടിയതനുസരിച്ച് യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഇന്ധന നികുതി കൂടിയതെന്ന് കെ സുധാകരൻ പറഞ്ഞു. കേരളത്തിന്റെ ചരിത്രത്തിൽ ഉണ്ടാകാത്ത വിധത്തിൽ ഇന്ധനനികുതി കുത്തനേ കൂട്ടിയിട്ട് അതിനെ ന്യായീകരിക്കാൻ യുഡിഎഫിനെ പഴിക്കുകയാണ് ധനമന്ത്രി ചെയ്യുന്നതെന്ന് കെ സുധാകരൻ ആഞ്ഞടിച്ചു.

കേന്ദ്രം വില കൂട്ടിയപ്പോൾ നാലു തവണ അധികനികുതി വേണ്ടെന്നുവച്ച് യുഡിഎഫ് സർക്കാർ ജനങ്ങൾക്ക് 619.17 കോടിയുടെ സമാശ്വാസം നൽകിയെന്ന് കെ സുധാകരൻ പറയുന്നു. സർക്കാർ ഈ മാതൃക പിന്തുടർന്നില്ലെന്നു മാത്രമല്ല ഇപ്പോൾ ലിറ്ററിന് 2 രൂപ സെസ് കൂട്ടുകയും ചെയ്തു. ഇതോടെ കേരളത്തിൽ ശരാശരി വില പെട്രോളിന് 107.59 രൂപയും ഡീസലിന് 96.53 രൂപയുമായി കുത്തനേ ഉയർന്നു. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്ന രീതിയിലാണ് കേന്ദ്ര സംസ്ഥാന സർക്കാരുകൾ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.

രാജ്യത്ത് ഇന്ധനങ്ങൾക്ക് ഏറ്റവുമധികം നികുതിയും വിലയുമുള്ള സംസ്ഥാനമാണ് കേരളം. പെട്രോളിന് എക്സൈസ് നികുതി 19.90 രൂപയും സംസ്ഥാന വിൽപ്പന നികുതി 23.32 (30.08%) രൂപയുമാണ്. പെട്രോളിന് എക്സൈസ് നികുതി 15.80 രൂപയും സംസ്ഥാന വിൽപ്പന നികുതി 16.90 ( 22.76%) രൂപയുമാണ്. ഇതു കൂടാതെയാണ് ഇപ്പോൾ 2 രൂപയുടെ സെസ്.

Story Highlights: k Sudhakaran changed his stance on tax boycott

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here