കൊച്ചിയിലെ സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം ചർച്ച ചെയ്യാൻ യോഗം വിളിച്ച് മന്ത്രി ആന്റണി രാജു; സ്വകാര്യ ബസ് ഉടമകൾ പങ്കെടുക്കും

കൊച്ചിയിലെ സ്വകാര്യ ബസുകളുടെ മത്സര ഓട്ടത്തെ തുടർന്നുണ്ടാവുന്ന അപകട സാഹചര്യങ്ങൾ ചർച്ച ചെയ്യുവാൻ ഗതാഗമന്ത്രി ആന്റണി രാജു യോഗം വിളിച്ചു ചേർക്കുന്നു. എറണാകുളത്ത് ഫെബ്രുവരി 14 ന് രാവിലെ 1030ന് ആണ് യോഗം. മോട്ടോർ വാഹന വകുപ്പ്, പൊലീസ്, റോഡ് സേഫ്റ്റി അതോറിറ്റി, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥരും സ്വകാര്യ ബസ് ഉടമകൾ, തൊഴിലാളി സംഘടനകൾ എന്നിവയുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും. ( Private bus accidents Antony Raju meeting ).
സംസ്ഥാനത്തെ റോഡുകളിൽ പ്രത്യേകിച്ച് എറണാകുളം നഗരത്തിലെ സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം മൂലം നിരന്തരമുണ്ടാകുന്ന അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് യോഗം ചേരുവാൻ തീരുമാനിച്ചതെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. കൊച്ചിയിൽ സ്വകാര്യ ബസ് ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ച സംഭവത്തിൽ ഡ്രൈവർ അറസ്റ്റിലായിരുന്നു. ദീപു കുമാർ ആണ് അറസ്റ്റിലായത്. മനപ്പൂർവമല്ലാത്ത നരഹത്യ ചുമത്തിയാണ് അറസ്റ്റ്. അപകടത്തിന് പിന്നാലെ ഇയാൾ ഓടി രക്ഷപ്പെട്ടിരുന്നു. മറൈൻ ഡ്രൈവ് ഭാഗത്ത് നിന്ന് കാക്കനാട് ഇൻഫോപാർക്കിലേക്ക് പോവുകയായിരുന്ന സിംല എന്ന ബസിടിച്ചായിരുന്നു അപകടം നടന്നത്.
Read Also: റോഡുകളിലെ കേബിൾ കെണി അപകടം വർധിക്കുന്നു; യോഗം വിളിച്ച് മന്ത്രി ആന്റണി രാജു
കച്ചേരിപ്പടി മാധവ ഫാർമസി ജംഗ്ഷനിലായിരുന്നു അപകടം. സിഗ്നലിൽ നിന്ന് ബസ് അമിത വേഗതയിൽ മുന്നോട്ടെടുക്കുകയായിരുന്നു. തുടർന്ന് ബസ് ഇടത് വശം ചേർന്ന് പോവുകയായിരുന്ന ബൈക്കിലിടിച്ചു. ബസ്സിനടിയിലേക്ക് വീണ വൈപ്പിൻ സ്വദേശി ആൻറണി(46) സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. അതേസമയം സംഭവം ഞെട്ടിപ്പിക്കുന്നതെന്ന് ഹൈക്കോടതി വ്യക്തമാക്കി.
അപകടത്തിന് കാരണമായ ബസ് ഓടിച്ചത് അശ്രദ്ധയോടെയാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ നടപടിയെടുത്തെ മതിയാവൂ. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ കോടതി തുറന്ന മുറിയിൽ കണ്ടു. സംഭവത്തിൽ സ്വമേധയാ കേസെടുത്ത ഹൈക്കോടതി കൊച്ചി ഡിസിപിയെ വിളിച്ചുവരുത്തുകയായിരുന്നു. ഇനി ഒരു മരണം റോഡിൽ അനുവദിക്കാൻ ആകില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കേസ് പരിഗണിക്കുന്നതിനിടെ പറഞ്ഞു.
Story Highlights: Private bus accidents Antony Raju meeting
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here