‘എടുത്തുകൊണ്ട് പോയ ബാഗ് നൽകാമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ച് വരുത്തി, പക്ഷേ അത് ചതിയാണെന്ന് വൈകിയാണ് അറിഞ്ഞത്’; തമിഴ് സിനിമയിൽ നിന്നുണ്ടായ ദുരനുഭവം തുറന്ന് പറഞ്ഞ് അഞ്ജലി നായർ

തമിഴ് സിനിമയിൽ നിന്ന് തനിക്കുണ്ടായ ദുരനുഭവം തുറന്ന് പറഞ്ഞ് നടി അഞ്ജലി നായർ. ഫ്ളവേഴ്സിൽ സംപ്രേഷണം ചെയ്യുന്ന ഒരു കോടി എന്ന പരിപാടിയിലായിരുന്നു താരത്തിന്റെ തുറന്ന് പറച്ചിൽ. താൻ മൂന്ന് സിനിമകൾക്ക് ശേഷം തമിഴ് സിനിമാ രംഗം വിടാൻ തന്നെ കാരണം ആ സംഭവമാണെന്നും അഞ്ജലി പറഞ്ഞു. ( anjali nair about tamil film bad experience )
അഞ്ജലിയുടെ വാക്കുകൾ :
‘എന്റെ ആദ്യ സിനിമ 2009 ൽ ആയിരുന്നു. ഈ സിനിമയിലെ വില്ലനായിരുന്നു പ്രണയാഭ്യർത്ഥന നടത്തിയത്. സിനിമയുടെ സഹ നിർമാതാക്കളിൽ ഒരാളായിരുന്നു അയാൾ. അതുകൊ ണ്ട് തന്നെ ഷൂട്ട് ഇല്ലെങ്കിലും സെറ്റിൽ വരാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു. എന്റെ ചേച്ചി നന്ദന ഭരതരാജ് അങ്കിളിന്റെ മകനെ വിവാഹം കഴിച്ച വ്യക്തിയാണ്. അതുകൊണ്ട് തന്നെ ചേച്ചിക്ക് തമിഴ് സംസ്കാരത്തിലേക്ക് വരാമെങ്കിൽ എന്തുകൊണ്ട് അഞ്ജലിക്ക് എന്നെ വിവാഹം കഴിച്ചുകൂടായെന്ന് അയാൾ ചോദിച്ചു. പക്ഷേ എനിക്ക് അത് സ്വീകരിക്കാൻ സാധിക്കില്ലായിരുന്നു. എനിക്ക് നാട്ടിൽ നിക്കാനായിരുന്നു താത്പര്യം. സിനിമയ്ക്ക് വേണ്ടിയായിരുന്നു ഞാൻ തമിഴ്നാട്ടിലേക്ക് പോയത്. തുടർന്നുള്ള സിനിമയുടെ ലൊക്കേഷനിലെല്ലാം അയാൾ ശല്യമായി മാറി. മണിക്കൂറുകളോളം ദൂരെ മാറി നിന്ന് എന്നെ നോക്കിക്കൊണ്ട് നിൽക്കുക, ഞാൻ യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന വണ്ടി കണ്ടെത്തി അതിൽ കയറുക, ട്രെയിനിൽ നിന്ന് തള്ളിയിടാൻ നോക്കുക, ബാഗ് എടുത്ത് ഓടുക തുടങ്ങി കുറേ കാര്യങ്ങൾ ചെയ്തു. ഒരുദിവസം ഈ ബാഗ് തരാമെന്ന് പറഞ്ഞ് ഇയാളുടെ സഹോദരിമാർ എന്നെ വീട്ടിലേക്ക് വിളിച്ച് വരുത്തി. വീട്ടിൽ എന്റെ സിനിമാ പോസ്റ്ററുകളുണ്ട് അത് കണ്ടിട്ട് പോകാം, സഹോദരൻ വീട്ടിൽ ഇല്ലെന്നൊക്കെ പറഞ്ഞ് അകത്തേക്ക് ക്ഷണിച്ചു. ഇത് വിശ്വസിച്ച് ഞാൻ അകത്തേക്ക് കയറിയപ്പോൾ ഇയാളുടെ അനിയത്തി പെട്ടെന്ന് വാതിലടച്ച് കുറ്റിയിട്ടു. ഞാൻ ഹാളിൽ കാണുന്നത് ഇയാൾ നിൽക്കുന്നതായിരുന്നു. കൈയിൽ ഊരിപ്പിടിച്ച കത്തിയൊക്കെ ഉണ്ടായിരുന്നു. ആ സമയത്ത് കയ്യിൽ ഫോൺ ഇല്ലായിരുന്നു. ഇയാൾ എന്നെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി കുറേ മുദ്രപത്രത്തിലൊക്കെ ഒപ്പിടുവിച്ചു. അടുത്ത സിനിമയിൽ ഞാൻ തന്നെ നായികയായി അഭിനയിക്കാമെന്നുള്ള മുദ്രപത്രമായിരുന്നു അത്. ഇതിന് പുറമെ ഭീഷണിപ്പെടുത്തി എന്നെകൊണ്ട് ഒരു ലൗ ലെറ്ററും എഴുതിച്ചിരുന്നു. ഈ സമയത്ത് എന്റെ ഫോൺ അവരെ തന്നെ പിടിച്ച് വച്ചിരിക്കുകയായിരുന്നു. അമ്മയും ഒപ്പം വന്ന മറ്റ് സിനിമാ പ്രവർത്തകരും എന്നെ കാണാതെ പുറത്ത് നിന്ന് ഫോൺ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്ന് എനിക്കൊരു ബുദ്ധി തോന്നി ഞാൻ അയാളോട് പറഞ്ഞു, ആ ഫോൺ ഒന്ന് തരുമോ, ഞാൻ അമ്മയെ സമാധാനിപ്പിച്ചില്ലെങ്കിൽ അവരെല്ലാം പേടിച്ച് ഇവിടേക്ക് കയറി വരുമെന്ന്. ഇയാൾ ഫോൺ തന്നതോടെ ഞാൻ ആ ഫോൺ വാങ്ങി വേഗം അമ്മയ്ക്ക് സിഗ്നൽ നൽകി. ഉടൻ അമ്മയും സംഘവും എത്തി. അവൻ അപ്പോഴേക്കും ഇറങ്ങിയോടിയിരുന്നു. അന്ന് നാട്ടിലേക്കുള്ള എന്റെ ട്രെയിൻ ടിക്കറ്റെല്ലാം ക്യാൻസലാക്കി ചെന്നൈയിൽ നിന്ന് കൊച്ചി വരെ കാറിലാണ് അണിയപ്രവർത്തകർ എന്നെ എത്തിച്ചത്. അതിൽ പിന്നെ കുറച്ച് നാളത്തേക്ക് തമിഴ്നാട്ടിലേക്ക് പൊലീസ് പ്രൊട്ടക്ഷനോടെയാണ് ഞാൻ പോയിരുന്നത്’- അഞ്ജലി പറഞ്ഞു.
അങ്ങനെ താൻ മൂന്ന് സിനിമയോടെ തമിഴ് സിനിമാ അഭിനയം നിർത്തിയെന്നും പിന്നീട് ഇപ്പോഴാണ് വർഷങ്ങൾക്ക് ശേഷം തമിഴിലേക്ക് അഭിനയിക്കാൻ എത്തുന്നതെന്നും അഞ്ജലി ഫ്ളവേഴ്സ് ഒരുകോടിയിൽ പറഞ്ഞു.
മാനത്തെ വെള്ളിത്തേര്, ലാളനം എന്നീ മലയാള ചിത്രങ്ങളിലൂടെയാണ് അഞ്ജലി ബാലതാരമായി സിനിമയിലെത്തുന്നത്. സ്നേഹിതൻ എന്ന 2002 ൽ പുറത്തിറങ്ങിയ മലയാള ചിത്രത്തിലെ പ്രധാന വേഷം കൈകാര്യം ചെയ്ത നന്ദന അഞ്ജലിയുടെ അമ്മയുടെ സഹോദരിയുടെ മകളാണ്.
Story Highlights: anjali nair about tamil film bad experience
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here