Advertisement

‘രണ്ട് ടീമും ഒരു പിച്ചിലാണ് കളിക്കുന്നത്’; ഓസീസ് ടീമിനെതിരെ രൂക്ഷവിമർശനവുമായി മുൻ താരം

February 12, 2023
Google News 2 minutes Read
ian chappel australia test

ബോർഡർ- ഗവാസ്കർ ട്രോഫിയിലെ ആദ്യ മത്സരത്തിൽ ദയനീയമായി പരാജയപ്പെട്ട ഓസീസ് ടീമിനെ വിമർശിച്ച് മുൻ ക്യാപ്റ്റൻ ഇയാൻ ചാപ്പൽ. പിച്ചുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ശ്രദ്ധ കൊടുക്കുന്നതിനു പകരം കളിയിലാണ് ശ്രദ്ധ കൊടുക്കേണ്ടതെന്ന് ചാപ്പൽ പറഞ്ഞു. രണ്ട് ടീമും കളിച്ചത് ഒരു പിച്ചിലാണെന്നും അദ്ദേഹം ഇഎസ്പിഎൻ ക്രിക്കിൻഫോയിലെ കോളത്തിൽ കുറിച്ചു. (ian chappel australia test)

“പിച്ചിൽ കൃത്രിമം കാണിക്കുന്നു എന്ന മട്ടിലുള്ള മാധ്യമവാർത്തകൾ പുതിയല്ല. ഈ വാർത്തകളൊന്നും താരങ്ങൾ ശ്രദ്ധിക്കരുത്. രണ്ട് ടീമുകളും ഒരു പിച്ചിലാണ് കളിക്കുന്നത് എന്നോർക്കണം. സ്പിൻ ബൗളിംഗിനെതിരെ ഓസ്ട്രേലിയൻ ബാറ്റിംഗിൻ്റെ ദൗർബല്യം ആദ്യ ടെസ്റ്റിൽ വ്യക്തമായി. ഇതിൽ തളരില്ലെന്ന് അവർ ഉറപ്പുവരുത്തണം.”- ചാപ്പൽ കുറിച്ചു.

Read Also: സ്പിന്നർ മാത്യു കുൻഹ്‌മാനെ ഇന്ത്യക്കെതിരായ ടീമിൽ ഉൾപ്പെടുത്തി ഓസ്ട്രേലിയ

മത്സരത്തിൽ സെഞ്ചുറി നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയെ ചാപ്പൽ അഭിനന്ദിച്ചു. “പിച്ചിൻ്റെ സ്വഭാവം രോഹിത് ശർമ കണക്കിലെടുത്തു. ആത്‌മവിശ്വാസത്തോടെ ഒരു തകർപ്പൻ ഇന്നിംഗ്സാണ് അദ്ദേഹം കളിച്ചത്. കളിക്കാൻ തീരെ സാധിക്കാത്ത ഒരു പിച്ച് ആയിരുന്നില്ല ഇത്. പ്രതിരോധത്തിൽ രോഹിതിൻ്റെ ആത്‌മവിശ്വാസം നിർണായകമായിരുന്നു.”- അദ്ദേഹം തുടർന്നു.

ആദ്യ ടെസ്റ്റിൽ ഇന്ത്യ ഇന്നിംഗ്‌സ് ജയം സ്വന്തമാക്കിയിരുന്നു. 223 റൺസിൻറെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് വഴങ്ങിയ ഓസ്‌ട്രേലിയ മൂന്നാംദിനം 91 റൺസിന്‌ എല്ലാവരും പുറത്തായി. രണ്ടാം ഇന്നിംഗ്സിൽ ആർ അശ്വിന്റെ 5 വിക്കറ്റ് പ്രകടനമാണ് ഓസീസ് നിരയെ തകർത്തത്. ആദ്യ ഇന്നിംഗ്സിൽ മൂന്ന് വിക്കറ്റ് വീഴ്ത്തിയ അശ്വിൻ ഇതോടെ ആദ്യ 8 വിക്കറ്റ് സ്വന്തമാക്കി. രവീന്ദ്ര ജഡേജയും മുഹമ്മദ് ഷമിയും രണ്ട് വിക്കറ്റുകൾ വീതവും അക്‌സർ പട്ടേൽ ഒരു വിക്കറ്റും വീഴ്ത്തി. ഓസീസ് നിരയിലെ ഏഴ് ബാറ്റർമാർ രണ്ടക്കം കാണാതെ പുറത്തായി. 51 പന്തിൽ 25 റൺസെടുത്ത് പുറത്താവാതെ നിന്ന സ്റ്റീവ് സ്മിത്ത് മാത്രമാണ് ഓസീസ് നിരയിൽ മാന്യമായി ബാറ്റ് ചെയ്തത്.

നേരത്തെ ഏഴു വിക്കറ്റ് നഷ്ടത്തിൽ 321 റൺസ് എന്ന നിലയിൽ മൂന്നാം ദിനം ബാറ്റിംഗ് തുടങ്ങിയ ഇന്ത്യ സ്‌കോർ ബോർഡിൽ 79 റൺസ് കൂട്ടിച്ചേർത്തു. മുഹമ്മദ് ഷമിയും അക്‌സർ പട്ടേലും ചേർന്നാണ് സ്‌കോർ 400-ൽ എത്തിച്ചത്. ജയത്തോടെ ഇന്ത്യ നാലുമൽസരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിൽ 1–0ന് മുന്നിലെത്തി.

Story Highlights: ian chappel australia test cricket

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here