Advertisement

വിനോദയാത്രയ്ക്ക് ശേഷം കോന്നി താലൂക്ക് ഓഫീസ് ജീവനക്കാർ ഇന്ന് ആദ്യമായി ജോലിക്കെത്തും

February 13, 2023
2 minutes Read
konni taluk office return

വിവാദമായ വിനോദയാത്രയ്ക്ക് ശേഷം കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാർ ഇന്നു ആദ്യമായി ജോലിക്കെത്തും. കൂട്ടത്തോടെ അവധിയെടുത്ത ഉദ്യോഗസ്ഥർക്കെതിരായ വകുപ്പുതല അന്വേഷണവും ഇന്നാരംഭിക്കും. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് റവന്യുവകുപ്പിലെ ജീവനക്കാർ ഒന്നിച്ച് വിനോദയാത്ര പോയത്. വിവാദത്തിൽ കോന്നി എം.എൽ.എയും സി പി എം നേതാവുമായ കെ.യു.ജെനീഷ് കുമാറും സി.പി.ഐ അനുകൂല സർവീസ് സംഘടനയും തമ്മിലുള്ള വാക്പോര് ഇന്നലെയും തുടർന്നു. (konni taluk office return)

എംഎൽഎക്കെതിരെ ജീവനക്കാരുടെ ഗ്രൂപ്പിൽ ഡെപ്യൂട്ടി തഹസീൽദാരുടെ സന്ദേശം പ്രത്യക്ഷപ്പെട്ടിരുന്നു. എല്ലാം എംഎൽഎയുടെ നാടകമാണെന്നും ഭിന്നശേഷിക്കാരനെ താലൂക്ക് ഓഫിസിൽ കൊണ്ടുവന്നത് എംഎൽഎ ആണെന്ന് ഉൾപ്പെടെ പറഞ്ഞുകൊണ്ടാണ് ഡെപ്യൂട്ടി തഹസിൽദാർ എം സി രാജേഷ് വാട്ട്‌സ്ആപ്പ് സന്ദേശം അയച്ചത്. പത്ത് പേരെങ്കിലും സേവനം കിട്ടാതെ താലൂക്ക് ഓഫിസിൽ നിന്ന് മടങ്ങിപോയെന്ന് ജനീഷ് കുമാർ പറഞ്ഞത് വാസ്തവമാണെങ്കിൽ താൻ ജോലി രാജിവയ്ക്കാമെന്നും എം സി രാജേഷ് മെസേജിലൂടെ വെല്ലുവിളി ഉയർത്തിയിട്ടുമുണ്ട്.

Read Also: കോന്നിക്ക് പിന്നാലെ കോഴിക്കോട്ടും കൂട്ട അവധി; സബ് കളക്ടറുടെ വിവാഹത്തിനായി അവധിയെടുത്തത് പോയത് 22 പേർ

എംഎൽഎ ജനീഷ് കുമാർ തന്നെ ഒരു നാടകം തയാറാക്കി അതിൽ എംഎൽഎ തന്നെ നിറഞ്ഞാടി എന്നും സന്ദേശത്തിലൂടെ എം സി രാജേഷ് ആക്ഷേപിച്ചു. ഒരു ഭിന്നശേഷിക്കാരനെ പണം നൽകി താലൂക്ക് ഓഫിസിലെത്തിച്ച് നാടകം നടത്തി. ഈ കസേരയിൽ കയറിയിരിക്കാൻ എംഎൽഎയ്ക്ക് ആരാണ് അധികാരം കൊടുത്തതെന്ന് ചോദിച്ച ഡെപ്യൂട്ടി തഹസിൽദാർ എഡിഎമ്മിന് എല്ലാം മനസിലായിട്ടുണ്ടെന്നും വാട്ട്‌സ്ആപ്പിൽ കുറിച്ചു.

വിനോദയാത്രയുടെ വിവരങ്ങൾ പുറത്തുവന്നതിന് കോന്നി താലൂക്ക് ഓഫിസിലെ ജീവനക്കാർ ട്വന്റിഫോറിനെ പഴിക്കുകയാണ്. ട്വന്റിഫോർ കാണുന്നത് നിർത്തുകയാണെന്നും വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ സന്ദേശം വ്യാപിക്കുകയാണ്.

വിനോദയാത്ര സംബന്ധിച്ച വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകിയത് ഇവിടുത്തെ ജീവനക്കാർ തന്നെയാണെന്ന് വ്യക്തമാണെന്നും ഈ ജീവനക്കാരോട് സഹതാപം മാത്രമാണ് തോന്നുന്നതെന്നും ഡെപ്യൂട്ടി തഹസിൽദാർ വാട്ട്‌സ്ആപ്പ് സന്ദേശത്തിൽ പറഞ്ഞു. രേഖകൾ പരിശോധിക്കാൻ എംഎൽഎയ്ക്ക് എന്താണ് അവകാശം എന്നും ഡെപ്യൂട്ടി തഹസിൽദാർ എം സി രാജേഷ് ചോദിച്ചു.

Story Highlights: konni taluk office employees return

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top