ഒരു പുസ്തകത്തിന്റെ വിലയാണോ ഇത്; 24 കോടി രൂപ, 400 വര്‍ഷത്തെ പഴക്കം…

പല വസ്തുക്കളുടെയും വില കേട്ടാൽ നമ്മൾ ഞെട്ടാറുണ്ട്. എന്നാൽ ഒരു പുസ്തകത്തിന്റെ വില കേട്ട് ഞെട്ടിയിട്ടുണ്ടോ? 24 കോടിയിലധികം വിലയുള്ള ഒരു പുസ്തകമാണ് ഇപ്പോൾ ആളുകൾക്ക് ആശ്ചര്യമായിരിക്കുന്നത്. അടുത്തകാലത്ത് ജര്‍മ്മന്‍ ലൈബ്രറിയായ ഹെര്‍സോഗ് ഓഗസ്റ്റ് ബിബ്ലിയോതെക്ക് ആണ് 24 കോടി 44 ലക്ഷം രൂപയ്ക്ക് ഈ പുസ്തകം സ്വന്തമാക്കിയത്.
നാനൂറ് വര്‍ഷത്തോളം പഴക്കമുണ്ട് ഈ പുസ്തകത്തിന്. പതിനേഴാം നൂറ്റാണ്ടിലെ യൂറോപ്യന്‍ ചക്രവര്‍ത്തിമാര്‍ മുതല്‍ രാജകുമാരന്മാര്‍ വരെയുള്ള നിരവധിപ്പേര്‍ ഒപ്പിട്ട പുസ്തകമാണ് ഇത്. അതുകൊണ്ടു തന്നെയാണ് ഈ പുസ്തകത്തിന് ഇത്രയധികം വിലമതിപ്പുള്ളതും.
ഫ്രണ്ട്ഷിപ്പ് പുസ്തകമെന്നാണ് ഈ പുസ്തകം അറിയപ്പെടുന്നത്. നൂറ്റാണ്ടുകള്‍ക്ക് മുമ്പുള്ള രാഷ്ട്രീയപ്രാധാന്യമുള്ള നിരവധിപ്പേരുടെ ചിത്രങ്ങളും ഈ പ്രണ്ട്ഷിപ്പ് പുസ്തകത്തില്‍ ഇടം നേടിയിരിക്കുന്നു. കൈയെഴുത്തിലൂടെ തയാറാക്കിയിരിക്കുന്നു എന്നതും ഈ പുസ്തകത്തെ ശ്രദ്ധേയമാക്കുന്നു.
ലോകമെമ്പാടുമുള്ള ഫ്രണ്ട്ഷിപ്പ് പുസ്തകങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് കൂടിയാണ് ഈ പുസ്തകം. നൂറ്റാണ്ടുകള്‍ക്ക് മുമ്പുള്ള രാഷ്ട്രീയ വ്യാപാര സംസ്‌കാരങ്ങള്‍ പ്രതിഫലിക്കുന്നുണ്ട് പുസ്തകത്തില്‍. ജര്‍മ്മന്‍ നയതന്ത്രജ്ഞനായ ഫിലിപ്പ് ഹൈന്‍ഹോഫറിന്റെ കയ്യിലായിരുന്നു ആദ്യകാലത്ത് ഈ പുസ്തകം. അദ്ദേഹമാണ് നിരവധിപ്പേരുടെ ഒപ്പുകളടക്കം ഈ പുസ്തകത്തില്‍ ശേഖരിച്ചതും.
ജര്‍മ്മന്‍ ഹൗസ് ഓഫ് വെല്‍ഫിലെ അംഗമായ ഡ്യൂക്ക് അഗസ്റ്റസ് തന്റെ ലൈബ്രറിയിലേക്ക് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ പുസ്തകം വാങ്ങാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ അന്ന് അതിന് സാധിച്ചില്ല. പിന്നീട് വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ ഈ പുസ്തകം ലണ്ടനിലെ ഒരു ലേലത്തില്‍ വീണ്ടും പ്രത്യക്ഷപ്പെട്ടു. അങ്ങനെയാണ് ഹെര്‍സോഗ് ഓഗസ്റ്റ് ബിബ്ലിയോതെക്കില്‍ എത്തിയത്.
Story Highlights: German library bought friendship book worth crores
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here