സമ്മാനാർഹമായ ലോട്ടറി ടിക്കറ്റിന്റെ കളർ പ്രിന്റ് ഉണ്ടാക്കി പണം തട്ടാൻ ശ്രമം; രണ്ട് പേർ പിടിയിൽ

ചെന്നൈ വ്യാജ ലോട്ടറി ഹാജരാക്കി സമ്മാനത്തുക തട്ടാൻ ശ്രമിച്ചതിന് തിരുവനന്തപുരം ആറ്റിങ്ങലിൽ രണ്ടു യുവാക്കൾ പിടിയിൽ. മലപ്പുറം സ്വദേശി സജിൻ, കണ്ണൂർ സ്വദേശി നിഖിൽ എന്നിവരാണ് പിടിയിലായത്. സമ്മാനാർഹമായ ടിക്കറ്റിന്റെ കളർ പ്രിന്റ് ഉണ്ടാക്കി ഹാജരാക്കി പണം തട്ടാനായിരുന്നു ശ്രമം.
ആറ്റിങ്ങൽ ടൗണിലെ വിവിധ ലോട്ടറി കടകളിൽ വ്യാജ ലോട്ടറി ടിക്കറ്റ് ഹാജരാക്കി സമ്മാനം മാറിയെടുക്കാൻ ശ്രമിച്ച കേസിലാണ് പ്രതികൾ പിടിയിലായത്. സമ്മാനാർഹമായ ടിക്കറ്റ് ഏതാണെന്നു മനസ്സിലാക്കി അതിനനുസരിച്ചു വ്യാജമായി ടിക്കറ്റ് നിർമിച്ച് ലോട്ടറി കടകളിൽ കാണിച്ചു സമ്മാനം തട്ടിയെടുക്കാനായിരുന്നു നീക്കം. ആറ്റിങ്ങലിലെ ഒരു ലോട്ടറി കടയിൽ എത്തി ടിക്കറ്റ് കാണിച്ച് സമ്മാനം ആവശ്യപ്പെട്ടപ്പോൾ സംശയം തോന്നി കൂടുതൽ വിവരങ്ങൾ തിരക്കിയപ്പോഴാണ് തട്ടിപ്പ് പുറത്താവുന്നത്.
തുടർന്ന് ആറ്റിങ്ങൽ പോലീസ് സജിനെയും നിഖിലിനെയും പിടികൂടുകയായിരുന്നു. 5000 രൂപ സമ്മാനം നേടിയ ലോട്ടറിയുടെ 12 വ്യാജ ടിക്കറ്റാണ് പിടികൂടിയത്. പ്രതികൾ സമാനമായ രീതിയിൽ കൂടുതൽ തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന് അന്വേഷിച്ചു വരികയാണ്. സ്ഥിരമായി തട്ടിപ്പ് നടത്തുന്ന സംഘമാണോ എന്നും പോലീസ് സംശയിക്കുന്നു.
Story Highlights: lottery ticket fraud; Two people arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here