Advertisement

ഓ മൈ ഡാര്‍ലിംഗ് പുറത്തിറങ്ങുന്നതോടെ അനിഖയുടെ പ്രതിഭ കൂടുതല്‍ അംഗീകരിക്കപ്പെടും, ചിത്രം പറയുന്നത് ഇന്ത്യന്‍ സിനിമയില്‍ ഇതുവരെ വരാത്ത പ്രമേയം: ജിനീഷ് കെ ജോയ്- അഭിമുഖം

February 18, 2023
2 minutes Read

കൗമാര പ്രണയചിത്രങ്ങളെന്ന് അവകാശപ്പെട്ട് പുറത്തിറങ്ങിയ ചില മലയാള സിനിമളെങ്കിലും സെറ്റ് ചെയ്യപ്പെട്ടത് 90s കിഡ്‌സിന്റേതായ ലോകത്താണ്. കൗമാരക്കാരെക്കുറിച്ച് മറ്റാരോ ചിന്തിക്കുന്ന കാര്യങ്ങളാണ് ആ സിനിമകളിലൊക്കെ ഉണ്ടായിരുന്നത്. കൗമാരക്കാര്‍ക്കും യൗവനത്തിലേക്ക് ഇപ്പോള്‍ കാലെടുത്തുവച്ച് തുടങ്ങുന്നവര്‍ക്കും 100 ശതമാനം റിലേറ്റ് ചെയ്യാന്‍ പറ്റുന്ന കൗമാര പ്രണയകഥകള്‍ക്ക് മലയാള സിനിമയില്‍ ഇപ്പോള്‍ ക്ഷാമമുണ്ട്. കൊറിയന്‍ ഡ്രാമകളോടും പാട്ടുകളോടും ബിടിഎസിനോടുമൊക്കെ വല്ലാത്ത ക്രേസുള്ള, കുറച്ചുകൂടി വിശാലമായ ഭാവനയുള്ള, സ്വാതന്ത്ര്യമോഹങ്ങളുള്ള, വ്യത്യസ്തമായ പ്രണയമുള്ള കൗമാരക്കാരുടെ ഉള്ളിലേക്കിറങ്ങുന്ന ഒരു സിനിമയായി അനിഖ സുരേന്ദ്രന്‍ നായികയായ ഓ മൈ ഡാര്‍ലിംഗ് മാറുമെന്ന് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയിലര്‍ തെളിയിക്കുന്നുണ്ട്. ഏറെ ചര്‍ച്ചയായ ട്രെയിലറിനെക്കുറിച്ചും, സിനിമയെക്കുറിച്ചും, സിനിമാ മോഹങ്ങളെക്കുറിച്ചും ഓ മൈ ഡാര്‍ലിംഗിന്റെ തിരക്കഥാകൃത്ത് ജിനീഷ് കെ ജോയ് ട്വന്റിഫോറിനോട് സംസാരിക്കുന്നു. (oh my darling movie script writer interview)

ഓ മൈ ഡാര്‍ലിംഗ് ട്രെയിലര്‍ നല്ല ശ്രദ്ധ നേടുന്നുണ്ടല്ലോ. ട്രെയിലര്‍ പറയുന്നത് പോലെ സിനിമ ഒരു ഫീല്‍ ഗുഡ് പ്രണയചിത്രമാണോ?

ഫീല്‍ ഗുഡ് പ്രണയചിത്രമാണെന്നും നല്ലൊരു കുടുംബ ചിത്രമാണെന്നും പറയാമെങ്കിലും സിനിമ അത് മാത്രമല്ല. പ്രേക്ഷകനെ പിടിച്ചുലയ്ക്കുന്ന തരത്തില്‍ ഒരു ക്ലൈമാക്‌സ് ചിത്രത്തിനുണ്ട്. പ്രേക്ഷകര്‍ക്ക് അത് വലിയ സര്‍പ്രൈസും ത്രില്ലിംഗും ആയിരിക്കും. അധികം പുറത്തുവിടാന്‍ ഇപ്പോള്‍ സാധിക്കില്ലെങ്കിലും ഇന്ത്യന്‍ സിനിമയില്‍ ആരും കൈവയ്ക്കാന്‍ ശ്രമിച്ചിട്ടില്ലാത്ത ഒരു വിഷയമാണ് അതെന്ന് പറയാം. കൗമാരക്കാരായ പെണ്‍കുട്ടികള്‍ നേരിടേണ്ടി വരുന്ന ഒരു പ്രത്യേക അവസ്ഥ. സിനിമയിലെ പ്രണയവും കുടുംബബന്ധങ്ങളും തമാശയും എല്ലാം ഒടുവില്‍ ഈ പോയിന്റിലെത്തിയാണ് നില്‍ക്കുന്നത്. അത് പ്രേക്ഷകര്‍ക്ക് മറക്കാനാകാത്ത അനുഭവമായിരിക്കും. പ്രിവ്യൂ കണ്ട് ചില കൗമാരക്കാര്‍ എന്നോട് പറഞ്ഞിട്ടുണ്ട്. ഞങ്ങളില്‍ ഞങ്ങള്‍ പോലും മനസിലാക്കാന്‍ പ്രയാസപ്പെടുന്ന ഒരു കാര്യം ചേട്ടന്‍ മനസിലാക്കി സിനിമയില്‍ എടുത്തല്ലോ എന്ന്. ചില പ്രേക്ഷകര്‍ ഇത് കണ്ട് ഇതെന്തിന് ചിത്രത്തില്‍ ഉള്‍പ്പെടുത്തി എന്ന് പറഞ്ഞ് നെറ്റി ചുളിച്ചേക്കാം. പക്ഷേ ഈ യാഥാര്‍ത്ഥ്യം, ഈ പ്രശ്‌നം മറ്റൊരു സിനിമയും അറ്റംപ്റ്റ് ചെയ്യാന്‍ ധൈര്യം കാണിച്ചിട്ടില്ല.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

ബിടിഎസിനോടുള്ള ആരാധന, സീരിസുകളോടുള്ള ഭ്രമം, സകലതും യൂട്യൂബില്‍ നോക്കി ചെയ്യുന്ന ശീലം, സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള വ്യത്യസ്ത കാഴ്ച്ചപ്പാടുകള്‍ തുടങ്ങി കൗമാരക്കാരുടെ ചില ജീവിത വീക്ഷണങ്ങള്‍ വളരെ റിയലിസ്റ്റിക്കായി മലയാള സിനിമയില്‍ വന്നിട്ടുള്ളത് വളരെ കുറവല്ലേ, ഒന്നോ രണ്ടോ സിനിമകളേ പറയാന്‍ കാണൂ. പ്രണയത്തെക്കുറിച്ചുമൊക്കെ വളരെ വ്യത്യസ്ത കാഴ്ചപ്പാടുകളുള്ള പ്രായമാണല്ലോ. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ റിലേഷന്‍ഷിപ്പുകളിലെ പക്വത വികസിച്ചുവരാന്‍ തുടങ്ങുന്നതേയുണ്ടാകൂ. ഈ പ്രായത്തിലുള്ളവരെ കുറിച്ച് എഴുതാന്‍ തീരുമാനിക്കുന്നത് എങ്ങനെയാണ്?

ഈ കൊറിയന്‍ പാട്ടുകളോടും കൊറിയന്‍ ഡ്രാമകളോടും സീരിസുകളോടുമുള്ള ആരാധന എന്റെ ജീവിതത്തില്‍ നിന്നാണ് ഞാന്‍ എടുത്തത്. ചിത്രത്തിലെ നായിക വളരെ ഭാവനയുള്ള ആളാണ്. അതാണ് ഗാനരംഗങ്ങളും അവളുടെ ചിത്രങ്ങളും മറ്റും കൊറിയന്‍ ഡ്രാമകളുടെ ഒരു ഫ്‌ളേവറില്‍ എടുത്തിരിക്കുന്നത്. എന്നെക്കാള്‍ പ്രായം കുറവുള്ള കൗമാരക്കാരോടാണ് എനിക്ക് കൂടുതലും കൂട്ട്. അവരെ ഞാന്‍ നന്നായി നിരീക്ഷിക്കാറുണ്ട്. അവര്‍ പറയുന്ന കാര്യങ്ങളൊക്കെ കേട്ടിരിക്കാറുണ്ട്. ഒളിച്ചും പാത്തും ബസിലൊക്കെ ഇരുന്നുള്ള പ്രണയങ്ങള്‍ പോലെയല്ല പലപ്പോഴും അവരുടേത്. കുറച്ചുകൂടി തുറന്ന ലോകമാണ്. ഈ ചിത്രത്തിലെ നായകന്‍ നായികയെ കാണാനായി പോകുന്നത് അവളുടെ വീട്ടിലാണ്. കുറച്ചുകൂടി ഓപ്പണാണ് കൗമാരക്കാരുടെ ബന്ധങ്ങള്‍.

അനിഖ സുരേന്ദ്രന്‍ പല മലയാളികളുടെ മനസിലും ഒരു കൊച്ചുകുട്ടിയാണ്. ലിപ് ലോക്ക് രംഗങ്ങളൊക്കെ ഉള്‍പ്പെട്ട ട്രെയിലര്‍ കണ്ടപ്പോള്‍ പലര്‍ക്കും അത് സ്വീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടായെന്ന് കമന്റുകള്‍ സൂചിപ്പിക്കുന്നു. വളരെ ഓപ്പണായ ലവ് മേക്കിംഗ് രംഗങ്ങള്‍ ചിത്രത്തിലുണ്ടെന്നാണ് മനസിലാക്കുന്നത്. ട്രെയിലര്‍ പുറത്തുവന്നതിന് പിന്നാലെ വന്ന ചര്‍ച്ചകള്‍ കണ്ടപ്പോള്‍ എന്താണ് തോന്നിയത്?

ഇത്തരം ലവ് മേക്കിംഗ് രംഗങ്ങളും ലിപ് ലോക്കുമൊക്കെ കഥയില്‍ വളരെ അനിവാര്യമാണെന്ന് തോന്നിയത് കൊണ്ടാണ് അത് ഉള്‍പ്പെടുത്തിയത്. ഞാന്‍ പറഞ്ഞല്ലോ, അവസാനം ഒരും സര്‍പ്രൈസുണ്ട്. തിരക്കഥ ഇത്തരം രംഗങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്. അനിഖയെ ചിലപ്പോള്‍ പ്രേക്ഷകര്‍ കുട്ടിയെന്ന രീതിയില്‍ കരുതുന്നത് കൊണ്ടാകാം. പക്ഷേ ചിത്രത്തില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന എല്ലാവരേക്കാളും അനിഖയുടെ പ്രകടനം ഒരു പടി മുന്നില്‍ നില്‍ക്കുന്നുണ്ട്. ഈ ചിത്രം പുറത്തിറങ്ങുന്നതോടെ അനിഖയുടെ യഥാര്‍ത്ഥ പ്രതിഭ വ്യക്തമാക്കപ്പെടും. ഒരു കലാകാരിയെന്ന നിലയ്ക്ക് അവര്‍ കൂടുതല്‍ അംഗീകരിക്കപ്പെടും എന്ന് ഞാന്‍ വിശ്വസിക്കുന്നുണ്ട്.

ഈ പ്രായത്തിനിടെ 42 തിരക്കഥ എഴുതിയ ഒരാളാണെന്ന് കേട്ടിട്ടുണ്ട്. സിനിമയോട് അത്ര അഭിനിവേശമാണെന്ന് അറിയാം. അമ്മയാണ് ഇതിനെല്ലാം പ്രചോദനമാകുന്നതെന്നും കേട്ടിട്ടുണ്ട്. സത്യത്തില്‍ അതൊരു സിനിമാ വീട് തന്നെയാണല്ലേ? ഇനി എന്തൊക്കെയാണ് പ്രതീക്ഷകള്‍?

ഞാന്‍ നിയോ ഫിലിം സ്‌കൂളിലാണ് പഠിച്ചത്. സിനിമ പണ്ട് മുതലേ ഹരമാണ്. വീട്ടില്‍ ഞാനും അമ്മയും മാത്രമാണുള്ളത്. അമ്മ കൂലിപ്പണി ചെയ്തും തൊഴിലുറപ്പിന് പോയുമൊക്കെയാണ് എന്നെ വളര്‍ത്തിയത്. പഠിച്ചിറങ്ങിയിട്ടും എന്റെ കൈയിലുണ്ടായ തിരക്കഥകളൊന്നും കാലങ്ങളോളം സിനിമയായില്ല. അമ്മ പണിയെടുത്ത് തളരുകയാണ്. മറ്റ് വല്ല ജോലിയും ചെയ്ത് അമ്മയെ സഹായിക്കാമെന്ന് ഞാന്‍ തീരുമാനിച്ചു. അപ്പോഴൊക്കെ അമ്മ എന്നോട് പറയുന്നത് വേറെ പണിക്ക് പോയാല്‍ നിന്റെ മുട്ടുകാല് തല്ലിയൊടിക്കും എന്നാണ്. ആമ്പല്ലൂരാണ് എന്റെ വീട്. നാട് എന്റെ പേരില്‍ അറിയപ്പെടണമെന്നാണ് അമ്മയുടെ ആഗ്രഹം. 40 ഓ 50ഓ വയസായാലും ഞാന്‍ സിനിമാക്കാരനായാല്‍ മതിയെന്നാണ് അമ്മ പറയുന്നത്. വേറെ പണികളൊന്നും ചെയ്യാതെ ഞാന്‍ ഇതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് അമ്മയ്ക്ക്. ഞാന്‍ ദിവസം നാല് സിനിമയെങ്കിലും കാണും. 2 എണ്ണമെങ്കിലും അമ്മയുടെ കൂടെയായിരിക്കും. മറ്റെവിടെ ഇരുന്ന് എഴുതിയാലും എനിക്ക് തൃപ്തി വരില്ല. അമ്മ അടുത്തുണ്ടായാലേ ആ വൈബ് വരൂ. ഞാന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ആത്മകഥാംശമുള്ള ഒരു പ്രൊജക്ടാണ് ഇനി മനസിലുള്ളത്.

Story Highlights: oh my darling movie script writer interview

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top