ചെറുപ്പത്തിൽ ത്രില്ലടിപ്പിച്ച സിനിമ, ‘സ്‌ഫടികം’ ഒരു പാരന്റിംഗ് പാഠം; ഫാ. ജിൽസൺ മാത്യു കക്കാട്ടുപിള്ളിൽ

28 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും തിയേറ്ററുകളിലെത്തിയ സ്ഫടികം രണ്ടാം വാരവും നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ്. മോഹന്‍ലാലിനെ നായകനാക്കി ഭദ്രന്‍ സംവിധാനം ചെയ്ത ചിത്രം കേരളത്തില്‍ 150-ല്‍ പരം തിയേറ്ററുകളിലും ലോകമെമ്പാടും 500-ല്‍ പരം തിയേറ്ററുകളിലുമാണ് റിലീസ് ചെയ്തത്. ചിത്രം 4k മികവോടെ തിയേറ്ററില്‍ അവതരിപ്പിച്ചപ്പോള്‍ മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. മുന്‍പ് കണ്ടിട്ടുണ്ടെങ്കിലും സ്ഫടികത്തിന്റെ തിയറ്റര്‍ അനുഭവം പകരം വയ്ക്കാനാകാത്തതാണെന്നാണ് ആളുകള്‍ അഭിപ്രായപ്പെടുന്നത്. ഇപ്പോഴിതാ ഒരു പാരന്റിംഗ് പാഠം കൂടിയാണ് ചിത്രമെന്ന് പറയുകയാണ് ഫാ. ജിൽസൺ മാത്യു കക്കാട്ടുപിള്ളിൽ.
ഫാ. ജിൽസൺ മാത്യു കക്കാട്ടുപിള്ളിലിന്റെ വാക്കുകൾ
പൊതുവെ സിനിമ കാണാനായി തിയറ്ററിൽ പോകുന്ന ശീലമില്ല. സിനിമ കാണുന്നത് ചുരുക്കമാണ്. പക്ഷെ സ്‌ഫടികം വീണ്ടും റീലിസ് ചെയ്യുന്നുവെന്ന് അറിഞ്ഞപ്പോൾ കാണണമെന്ന് ആഗ്രഹം തോന്നി. സ്‌ഫടികം ഇറങ്ങിയ കാലഘട്ടത്തിൽ ഞാനൊരു ചെറുപ്പക്കാരനാണ്. അന്ന് ആ സിനിമ എന്നെ ത്രില്ലടിപ്പിച്ചിരുന്നു. പക്ഷെ സിനിമ നല്ലതായിരുന്നു എന്നതിനപ്പുറം ആ ചിത്രത്തിനെ ഞാൻ കാര്യമായി വിശകലനം ചെയ്തിരുന്നില്ല.
പക്ഷെ അതിനുശേഷം പാരന്റിംഗിനെ കുറിച്ചുള്ള ചർച്ചകൾ നടക്കുമ്പോൾ എന്റെ സുഹൃത്തുക്കൾ സ്‌ഫടികത്തിലെ ചില മുഹൂർത്തങ്ങളെക്കുറിച്ച് പറഞ്ഞു. അപ്പോഴാണ് ചിത്രത്തെക്കുറിച്ച് ഞാൻ വീണ്ടും ആലോചിക്കുന്നതും കൂടുതൽ ചിന്തിക്കുന്നതും.
അങ്ങനെ നാളുകൾ കഴിഞ്ഞ് വീണ്ടും സ്‌ഫടികം തിയറ്ററിൽ റിലീസ് ചെയ്തിരിക്കുന്നു. സിനിമ പോയി കണ്ടു, ഗംഭീരമായ ചിത്രമാണ്, പണ്ട് കണ്ട സിനിമയല്ല വീണ്ടും കണ്ടപ്പോൾ. ആടുതോമയും ചാക്കോ മാഷും മറ്റ് കഥാപത്രങ്ങളും നമ്മെ ആഴത്തിൽ ചിന്തിപ്പിക്കുന്നുണ്ട്. ഇപ്പോഴുള്ള വിദ്യാസമ്പന്നരായിട്ടുള്ള മാതാപിതാക്കൾ ചാക്കോ മാഷിനേക്കാളും ഭീകരനാണെന്ന് തോന്നിപ്പോകും, കാരണം ഒന്നിനും സമയമില്ലാത്ത, ജീവിതം വെട്ടിപ്പിടിക്കാൻ ശ്രമിക്കുന്നതിനിടയിൽ കുട്ടികളെയെല്ലാം ചിതറിച്ചു കളയുന്ന മാതാപിതാക്കളുടെ എണ്ണം പെരുകുകയാണ്. അവരുടെ മുമ്പിൽ ചാക്കോ മാഷ് ഒരു വലിയ ചോദ്യചിഹ്നമാണ്. ഇന്ന് സ്‌ഫടികം വീണ്ടും കണ്ടപ്പോൾ ചിത്രത്തിന്റെ മൂല്യങ്ങളെക്കുറിച്ച് ചിന്തിച്ചു- ഫാ.ജിൽസൺ മാത്യു പറഞ്ഞു.
Story Highlights: Fr. Jilson Mathew Kakkattupillil About Spadikam Movie
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here