യുക്രൈനിൽ അപ്രതീക്ഷിത സന്ദർശനം നടത്തി ജോ ബൈഡൻ; നീക്കം ചൈനക്കുള്ള മുന്നറിയിപ്പെന്ന് സൂചന

യുക്രൈൻ – റഷ്യ സംഘർഷം ഒന്നാം വാർഷികത്തിലേക്ക് കടക്കുന്ന വേളയിൽ അപ്രതീക്ഷിത നീക്കവുമായി അമേരിക്ക. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഇന്ന് യുക്രൈൻ സന്ദർശിച്ചു. യുക്രൈനിലെ റഷ്യൻ അധിനിവേശത്തിന് ഒരു വർഷം തികയാനിരിക്കേയാണ് ജോ ബൈഡൻ കീവിലെത്തി പ്രസിഡന്റ് വൊളോദിമിർ സെലൻസ്കിയുമായി കൂടിക്കാഴ്ച നടത്തിയത്. Joe Biden makes surprise visit to Ukraine
റഷ്യൻ സേന വ്യാപക ആക്രമണം തുടരുന്നതിനിടെയാണ് യുക്രൈന് പരസ്യ പിന്തുണയുമായി ജോ ബൈഡൻ തലസ്ഥാനമായ കീവിൽ എത്തിയത്. യുക്രൈനിലെ റഷ്യൻ അധിനിവേശത്തിന് ശേഷം ഇതാദ്യമായാണ് ജോ ബൈഡൻ യുക്രൈനിലെത്തുന്നത്. പ്രസിഡന്റായതിനു ശേഷമുള്ള ബൈഡന്റെ ആദ്യസന്ദർശനം കൂടിയായിരുന്നു ഇത്. പ്രസിഡന്റ് വൊളോദിമിർ സെലൻസ്കിയുമായുള്ള കൂടിക്കാഴ്ചയിൽ ബൈഡൻ, യുക്രൈന് 50 കോടി യുഎസ് ഡോളറിന്റെ സഹായം പ്രഖ്യാപിച്ചു. കൂടുതൽ ആയുധങ്ങളും സൈനിക ഉപകരണങ്ങളും ഇതിൽ ഉൾപ്പെടുന്നു.
ടെലിവിഷനിൽ സംയുക്ത പ്രസ്താവന നടത്തവേ, യുദ്ധത്തിന് മുന്നിൽ പതറാതെ പിടിച്ചുനിന്ന യുക്രൈനെ പ്രസിഡന്റ് ജോ ബൈഡൻ അഭിനന്ദിച്ചു. ജനാധിപത്യവും യുക്രൈനും ധീരതയോടെ നിവർന്നു നിൽക്കുന്നുവെന്ന് പറഞ്ഞ ബൈഡൻ, യുക്രൈന്റെ അതിർത്തികൾ സംരക്ഷിക്കാൻ അവസാനം വരെ കൂടെനിൽക്കുമെന്ന് ഉറപ്പ് നൽകി. യുക്രൈൻ ജനതക്കുള്ള അമേരിക്കയുടെ പരസ്യ പിന്തുണ എന്നാണ് സന്ദർശനത്തെ വൊളോദിമിർ സെലൻസ്കി വിശേഷിപ്പിച്ചത്. അമേരിക്കൻ സഹായത്തിന് സെലൻസ്കി നന്ദി അറിയിച്ചു.
പോളണ്ടിലേക്കുള്ള യാത്രക്കിടെയായിരുന്നു ജോ ബൈഡന്റെ യുക്രൈൻ സന്ദർശനം. സുരക്ഷാ പ്രശ്നങ്ങൾ മൂലമാണ് യുഎസ് പ്രസിഡന്റിന്റെ സന്ദർശന വിവരം രഹസ്യമാക്കി വെച്ചതെന്നാണ് സൂചന. റഷ്യയുടെത് മാനവരാശിക്കെതിരായ യുദ്ധക്കുറ്റകൃത്യമാണെന്ന് അമേരിക്ക കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. റഷ്യക്ക് പിന്തുണ നൽകുന്നതിന് ചൈനക്കും അമേരിക്ക മുന്നറിയിപ്പ് നൽകിയിരുന്നു. റഷ്യക്കും ചൈനക്കുമുള്ള മുന്നറിയിപ്പാണ് ജോ ബൈഡന്റെ യുക്രൈൻ സന്ദർശനമെന്നാണ് വിലയിരുത്തൽ.
Story Highlights: Joe Biden makes surprise visit to Ukraine
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here