Advertisement

‘പേരും പ്രശസ്തിയും വേണ്ട’; കുഞ്ഞുനിർവാന് 11 കോടിയിലധികം രൂപയുടെ സഹായവുമായി അജ്ഞാതൻ

February 21, 2023
Google News 0 minutes Read

കുഞ്ഞ് നിർവാന് കൈത്താങ്ങായി അജ്ഞാതൻ. സ്പൈനൽ മസ്കുലാർ അട്രോഫി (എസ്എംഎ) എന്ന അപൂർവ ജനിതക രോഗം പിടിപ്പെട്ട ഒന്നര വയസ്സുകാരൻ നിർവാൻ സാരംഗിന് 11 കോടിയിലധികം രൂപയുടെ സഹായമാണ് അജ്ഞാതൻ നൽകിയിരിക്കുന്നത്. വിദേശത്തു നിന്നുള്ള പേരു വെളിപ്പെടുത്താത്ത വ്യക്തിയാണ് ധനസഹായം സ്വരൂപിക്കാൻ ആരംഭിച്ച അക്കൗണ്ടിലേക്ക് 1.4 മില്യൻ ഡോളര്‍ അതായത് ഏകദേശം 11.6 കോടി ഇന്ത്യൻ രൂപ സംഭാവന ചെയ്തത്. ഇതോടെ, നിർവാനിന്റെ ചികിത്സാ സഹായ നിധിയിൽ 16 കോടിയിലധികം രൂപയായി. ആകെ 17.5 കോടിയോളം രൂപയാണ് ചികിത്സയ്ക്ക് വേണ്ടത്.

തന്നേക്കുറിച്ചുള്ള ഒരു വിവരവും പുറത്തുവിടരുതെന്ന കർശന നിര്‍ദേശത്തോടെയാണ് ഇദ്ദേഹം പണം കൈമാറിയിരിക്കുന്നത്. നിര്‍വാനിന്റെ മാതാപിതാക്കള്‍ക്കുപോലും ഇദ്ദേഹത്തെക്കുറിച്ച് യാതൊരു വിവരവും അറിയില്ല. കുഞ്ഞിന് ശരിയായ ചികിത്സ ലഭിക്കണമെന്നും അതിന് പ്രശസ്തിയുടെ ആവശ്യമില്ലെന്നും നിർവാന് വേണ്ടി പ്രാർത്ഥിക്കുന്നുവെന്നും ഇദ്ദേഹം പറഞ്ഞിരുന്നുവെന്നാണ് ക്രൗഡ് ഫണ്ടിങ് പ്ലാറ്റ്‌ഫോം അറിയിച്ചത്.

നിർവാന് സോള്‍ജന്‍സ്മ എന്ന ഒറ്റത്തവണ ജീൻ മാറ്റിവയ്ക്കൽ ചികിത്സയ്ക്ക്17.5 കോടിയിലേറെ ചെലവ് വരുന്ന മരുന്നാണ് വേണ്ടത്. അമേരിക്കയിൽനിന്ന് മരുന്ന് എത്തിക്കാൻ വേണ്ടി കുട്ടിയുടെ മാതാപിതാക്കൾ സുമനസ്സുകളുടെ സഹായം തേടിയിരുന്നു. എസ്എംഎ ടൈപ്പ് 2 രോഗബാധിതനായ കുഞ്ഞിന് ഏഴ് മാസത്തിനകം കുത്തിവയ്പ് ആവശ്യമാണ്.

പ്രായമായിട്ടും മകൻ ഇരിക്കാനും എഴുന്നേൽക്കാനും മടികാണിച്ചതോടെ ഡോക്ടറെ സമീപിക്കുകയായിരുന്നു. ആദ്യ പരിശോധനകളിൽ ഞരമ്പിനു പ്രശ്നമുണ്ടെന്നും നട്ടെല്ലിന് 19 ഡിഗ്രി വളവും കണ്ടെത്തിയിരുന്നു. വീണ്ടും പരിശോധന നടത്തിയതോടെയാണ് ജനുവരി 5നു കുഞ്ഞിന് എസ്എംഎ ടൈപ്പ് 2 ആണെന്നു സ്ഥിരീകരിച്ചത്. അമേരിക്കയിൽ നിന്ന് 17.4 കോടി രൂപ വിലയുള്ള മരുന്ന് എത്തിക്കണം. രണ്ടു വയസ്സിനു മുൻപു മരുന്നു നൽകിയാലേ പ്രയോജനമുള്ളൂ. ഓരോ ദിവസം വൈകുന്തോറും രോഗം കൂടും. പണം സ്വരൂപിക്കാൻ ഏറെ ബുദ്ധിമുട്ടേറുന്ന സമയത്താണ് അജ്ഞാതന്റെ സഹായം കുഞ്ഞ് നിർവാന് കൈത്താങ്ങായത്.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here