സെൽഫിയെടുക്കാൻ വിസമ്മതിച്ചതിന് ആക്രമണം; പൃഥ്വി ഷായ്ക്കെതിരെ മറുപരാതിയുമായി സപ്ന ഗിൽ

സെൽഫിയെടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ ആക്രമണത്തിൽ ഇന്ത്യൻ ക്രിക്കറ്റ് താരം പൃഥ്വി ഷായ്ക്കെതിരെ മറുപരാതിയുമായി ഭോജ്പുരി നടി സപ്ന ഗിൽ. പൃഥ്വി ഷാ നൽകിയ പരാതിയിൽ അറസ്റ്റിലായി ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിനു പിന്നാലെയാണ് പൃഥ്വി ഷാ സ്ത്രീത്വത്തെ അപമാനിച്ചു എന്നും തൻ്റെ ദേഹത്ത് അനാവശ്യമായി സ്പർശിക്കുകയും പിടിച്ച് തള്ളുകയും ചെയ്തു എന്നും ആരോപിച്ച് സപ്ന ഗിൽ പരാതിനൽകിയത്. മുംബൈ എയർപോർട്ട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. (prithvi shaw selfie controversy)
ഈ മാസം 16നാണ് സംഭവം നടന്നത്. സാന്താക്രൂസിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ അത്താഴം കഴിക്കാൻ പോയ പൃഥ്വി ഷായെ അജ്ഞാതർ സമീപിച്ച് സെൽഫി ആവശ്യപ്പെടുകയായിരുന്നു. ഷാ രണ്ട് പേർക്കൊപ്പം സെൽഫിയെടുത്തു. എന്നാൽ സംഘത്തിലെ മറ്റുള്ളവർക്കൊപ്പവും സെൽഫിയെടുക്കാൻ ഇവർ ആവശ്യപ്പെട്ടു. സുഹൃത്തിനോടൊപ്പം ഭക്ഷണം കഴിക്കാൻ വന്നതാണെന്നും ശല്യപ്പെടുത്തരുതെന്നും പറഞ്ഞ് ഷാ ഇവരെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു.
Read Also: പൃഥ്വി ഷാ സഞ്ചരിച്ച കാർ ആക്രമിച്ച സംഭവം; യുവതി അറസ്റ്റിൽ
കൂടുതൽ നിർബന്ധിച്ചപ്പോൾ പൃഥ്വിയുടെ സുഹൃത്ത് ഹോട്ടൽ മാനേജരെ വിളിച്ച് പരാതി അറയിച്ചു. പിന്നാലെ സംഘത്തോട് ഹോട്ടൽ വിടാൻ മാനേജർ ആവശ്യപ്പെട്ടു. അത്താഴം കഴിച്ച് ഷായും സുഹൃത്തും ഹോട്ടലിന് പുറത്ത് വരുമ്പോൾ ചിലർ ബേസ്ബോൾ ബാറ്റുകളുമായി ആക്രമണം നടത്തുകയായിരുന്നുവെന്ന് സുഹൃത്ത് ആശിഷ് സുരേന്ദ്ര യാദവ് നൽകിയ പരാതിയിൽ പറയുന്നു.
പൃഥ്വി കാറിലുണ്ടായിരുന്ന സമയത്ത് ഇവർ കാറിന്റെ ചില്ല് തകർത്തു. ഇവർ കാറിനെ പിന്തുടരുകയും, ജോഗേശ്വരിയിലെ ലോട്ടസ് പെട്രോൾ പമ്പിന് സമീപം കാർ തടയുകയും ചെയ്തു. പ്രശ്നം പരിഹരിക്കണമെങ്കിൽ 50,000 രൂപ നൽകണമെന്നും അല്ലാത്തപക്ഷം താൻ കള്ളക്കേസ് കൊടുക്കുമെന്ന് ഒരു യുവതി ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയിൽ ഉന്നയിക്കുന്നു. സംഭവത്തിൽ 8 പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
അതേസമയം, പൃഥ്വി ഷായും സുഹൃത്തുക്കളും ചേർന്ന് തന്നെ ആക്രമിച്ചു എന്ന് നടി ആരോപിച്ചു. വടി ഉപയോഗിച്ച് തന്നെ ആക്രമിക്കുകയാണെന്നാണ് ആരോപണം. വൈദ്യ പരിശോധനയ്ക്ക് പോകാൻ പൊലീസ് ഇവരെ അനുവദിക്കുന്നില്ലെന്നും യുവതിയുടെ അഭിഭാഷകൻ പ്രതികരിച്ചിരുന്നു.
Story Highlights: prithvi shaw selfie controversy complaint
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here