ഒരുപാട് രാജ്യങ്ങൾ, നിരവധി സ്റ്റേജുകൾ, എന്റെയും പിഷാരടിയുടെയും ഒപ്പം സുബി ഉണ്ടായിരുന്നു; ധർമജൻ ബോൾഗാട്ടി

അന്തരിച്ച സുബി സുരേഷിനെ ഓർമിച്ച് നടൻ ധർമജൻ ബോൾഗാട്ടി. വർഷങ്ങളായി എന്റെയും രമേഷ് പിഷാരടിയുടെയും ഒപ്പം നിരവധി പരിപാടികൾ അവതരിപ്പിച്ചിട്ടുള്ള ആളാണ് സുബി സുരേഷ്. മറ്റുള്ള നായികമാരെ പോലെയല്ല ഞങ്ങളുടെ ഒപ്പം ഒറ്റയ്ക്കാണ് സുബി പരിപാടികളിൽ പങ്കെടുക്കാൻ എത്തിയിരുന്നത്. ഒരുപാട് രാജ്യങ്ങൾ, നിരവധി സ്റ്റേജുകൾ സുബി എന്റെയും രമേശിന്റേയും ഒപ്പം ഉണ്ടായിരുന്നു. ഞങ്ങളുടെ പ്രോഗ്രാം ഗ്രൂപ്പ് ഒരുപാട് കാലം നിലനിന്നിരുന്നു. സുബി നല്ളൊരു നർത്തകിയാണ്. എത്ര ക്ഷീണം ഉണ്ടെങ്കിലും എത്രനേരം വേണമെങ്കിലും പ്രാക്ടീസ് ചെയ്യാൻ സുബിക്ക് ഒരു മടിയും ഉണ്ടായിരുന്നില്ലെന്ന് ധർമജൻ ബോൾഗാട്ടി ട്വന്റി ഫോറിനോട് പറഞ്ഞു.
എന്റെ വീടിന്റെ അടുത്താണ് സുബി താമസിക്കുന്നത്. വീട്ടിൽ ഇടയ്ക്ക് സന്ദർശനം നടത്താറുണ്ട്, എന്റെ ഭാര്യയായിട്ടും കുടുംബവുമായിട്ടും നല്ല അടുപ്പം ഉണ്ടായിരുന്നു. സുബിയുടെ കല്യാണത്തെക്കുറിച്ച് അവളുടെ അമ്മയോട് ഞാൻ സംസാരിക്കുമായിരുന്നു. അതിന് അവൾ എന്നെ ഉപദേശിക്കുമായിരുന്നു. സുബിയുടെ വിടവാങ്ങൽ സങ്കടപ്പെടുത്തുന്നതാണെന്ന് ധർമജൻ കൂട്ടിച്ചേർത്തു.
കരൾസംബന്ധമായ അസുഖത്തെ തുടർന്ന് ഇന്ന് രാവിലെ 10 മണിയോടെ കൊച്ചി രാജഗിരി ആശുപത്രിയിൽ വച്ചായിരുന്നു സുബി സുരേഷിന്റെ അന്ത്യം. ഇന്ന് സുബിയുടെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിക്കും. നാളെ വരാപ്പുഴയിലെ വീട്ടിലേക്ക് കൊണ്ടുപോകുമെന്നാണ് വിവരം.
Read Also: 25 ദിവസത്തോളമായി ആശുപത്രിയിലായിരുന്നു; സുബിയുടെ പ്രതിശ്രുത വരൻ
ടെലിവിഷൻ ചാനലുകളിലും സ്റ്റേജ് ഷോകളിലുമായി സ്‌കിറ്റുകൾ അവതരിപ്പിച്ച് കോമഡി റോളുകളിൽ തിളങ്ങിയ താരമാണ് സുബി സുരേഷ്. കോമഡി പരമ്പരയിലൂടെയും സിനിമാലയിലൂടെയും സുബി സുരേഷ് പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറി. സൂര്യ ടിവിയിലെ കുട്ടിപ്പട്ടാളം എന്ന കൊച്ചുകുട്ടികളുടെ പരിപാടിയുടെ അവതാരകയായിരുന്നു സുബി. രാജസേനൻ സംവിധാനം ചെയ്ത കനക സിംഹാസനം എന്ന സിനിമയിലൂടെ 2006ലാണ് സുബി സുരേഷ് ചലച്ചിത്രലോകത്തേയ്ക്ക് കടക്കുന്നത്.
Story Highlights: Dharmajan Bolgatty About Subi Suresh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here