Advertisement

ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നടപടികളില്‍ ഹൈക്കോടതിയ്ക്ക് തൃപ്തി, സ്വമേധയാ എടുത്ത കേസ് തീര്‍പ്പാക്കി

February 22, 2023
Google News 2 minutes Read
govt employee strike is illegal says highcourt

സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നടപടികളില്‍ ഹൈക്കോടതിയ്ക്ക് തൃപ്തി. ഭക്ഷ്യവിഷബാധ സംബന്ധിച്ച വാര്‍ത്തകളെ തുടര്‍ന്ന് ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് തീര്‍പ്പാക്കി. ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാറും ജസ്റ്റിസ് ഷാജി പി ചാലിയും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് കേസ് തീര്‍പ്പാക്കിയത്. ഇതുസംബന്ധിച്ച് സര്‍ക്കാരിനോട് ഹൈക്കോടതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഭക്ഷ്യവിഷബാധ തടയാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഈ കാലയളവില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഭക്ഷ്യ സുരക്ഷാ കമ്മീഷണറും നല്‍കിയിരുന്നു. ഇത് പരിശോധിച്ചാണ് കോടതി കേസ് തീര്‍പ്പാക്കിയത്.

ഭക്ഷ്യവിഷബാധയൊഴിവാക്കാന്‍ സര്‍ക്കാര്‍ നേരത്തെ തന്നെ ഇടപെടലുകള്‍ നടത്തിയിരുന്നു. ഷവര്‍മ മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കുകയും നടപ്പിലാക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കുകയും ചെയ്തു. ഇവ ലംഘിക്കുന്നുണ്ടോയെന്നറിയാന്‍ പരിശോധനകള്‍ ശക്തമാക്കിയിരുന്നു. അവബോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. ഭക്ഷ്യവിഷബാധയേറ്റ് മരണം ഉണ്ടായപ്പോള്‍ തന്നെ അടിയന്തര ഇടപെടല്‍ നടത്തി. ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് യോഗം ചേര്‍ന്ന് പരിശോധനകള്‍ ശക്തമാക്കാന്‍ നിര്‍ദേശം നല്‍കി. ഭക്ഷണ സ്ഥാപനങ്ങളിലെ എല്ലാവര്‍ക്കും ഫോസ്റ്റാക് ട്രെയിനിംഗ് കര്‍ശനമാക്കി.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പിന്തുണ ഉറപ്പാക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുമായി ആരോഗ്യ വകുപ്പ് മന്ത്രി ചര്‍ച്ച നടത്തി. സമ്പൂര്‍ണ ഭക്ഷ്യ സുരക്ഷാ പഞ്ചായത്ത് പദ്ധതി ശക്തിപ്പെടുത്താന്‍ തീരുമാനിച്ചു. ഹോട്ടല്‍, റെസ്റ്റോറന്റ്, കാറ്ററിഗ്, തെരുവ് കച്ചവടക്കാര്‍ തുടങ്ങിയവരുടെ സംഘടനാ പ്രതിനിധികളുടെ യോഗവും ആരോഗ്യ വകുപ്പ് മന്ത്രി വിളിച്ചു ചേര്‍ത്തു. ഈ യോഗങ്ങളുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ ശക്തമായ തീരുമാനങ്ങളെടുത്തു. സംസ്ഥാന തലത്തില്‍ അപ്രതീക്ഷിത പരിശോധനകള്‍ക്കായി സംസ്ഥാനതല സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു. ഭക്ഷണ പാഴ്‌സലില്‍ തീയതിയും സമയവും നിര്‍ബന്ധമാക്കി.

പച്ചമുട്ടകൊണ്ടുണ്ടാക്കുന്ന മയോണൈസ് നിരോധിച്ചു. ഷവര്‍മ്മ ഗൈഡ്‌ലൈന്‍ ശക്തമാക്കി. എല്ലാ ജിവനക്കാര്‍ക്കും ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കി. ഭക്ഷ്യ സ്ഥാപനങ്ങളില്‍ ഹൈജീന്‍ റേറ്റിംഗ് നടപ്പിലാക്കി. സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന് ഭക്ഷ്യ സുരക്ഷാ വകുപ്പ് കൃത്യമായ ഇടവേളകളില്‍ ശാസ്ത്രീയവും അപ്രതീക്ഷിതവുമായ പരിശോധനകള്‍ നടത്തി നടപടി സ്വീകരിച്ചു വരുന്നു. ഇവയെല്ലാം വിലയിരുത്തിയാണ് ഹൈക്കോടതി കേസ് തീര്‍പ്പാക്കിയത്.

Story Highlights: High Court is satisfied with the actions of the Food Safety Department

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here