‘അവസാനമായി കാണുന്നത് ഒന്നര വർഷം മുൻപ്’; സുബിയെ കുറിച്ചുള്ള ഓർമകൾ പങ്കുവച്ച് ജയറാം

അന്തരിച്ച സിനിമാ സീരിയൽ താരം സുബി സുരേഷിനെ കുറിച്ചുള്ള ഓർമകൾ ട്വന്റിഫോറുമായി പങ്കുവച്ച് നടൻ ജയറാം. ഹാസ്യ വേഷങ്ങൾ കൈകാര്യം ചെയ്യുന്നതിൽ സുബി സുരേഷിനുള്ള മികവ് താരം എടുത്ത് പറഞ്ഞു. ( jayaram about subi suresh )
‘ഞെട്ടിപ്പോയ വാർത്തയാണ് ഇത്. എത്ര സ്റ്റേജ് പരിപാടികളിൽ എന്റെയൊപ്പം പരിപാടി ചെയ്ത വ്യക്തിയാണ്. ഇത്രയും പർഫെക്ടായ സ്റ്റേജിന് വേണ്ടിയുള്ള ആർട്ടിസ്റ്റുകൾ വളരെ ചുരുക്കമുള്ളു. ഒരു സ്‌കിറ്റ് പറഞ്ഞുകൊടുത്താൽ അത് കൃത്യമായി നൂറ് ശതമാനം മനസിലാക്കി സ്റ്റേജിൽ റീപ്രൊഡ്യൂസ് ചെയ്യുന്ന അസാമാന്യ കഴിവുള്ള കുട്ടിയായിരുന്നു. സിനിമയിലാണെങ്കിലും ചെറിയ വേഷങ്ങളിൽ പോലും തിളങ്ങിയ വ്യക്തിയായിരുന്നു. ഒന്നര വർഷം മുൻപാണ് സുബിയെ അവസാനമായി കാണുന്നത്. അസുഖമായി കിടക്കുകയായിരുന്നു എന്ന് പോലും ഇപ്പോഴാണ് അറിയുന്നത്’- ജയറാം പറഞ്ഞു.
ജയറാമും സുബിയും പല വേദികളിലും സിനിമയലിലും ഒരുമിച്ചെത്തിയിട്ടുണ്ട്. ‘ഞാൻ ചെയ്‌തൊരു ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ ഊട്ടിയായിരുന്നു. അന്ന് പ്രധാന കോമഡി വേഷം ലീഡ് ചെയ്യാൻ സുബി സുരേഷിനെ വേണമെന്ന് രാജസേനനോട് സജസ്റ്റ് ചെയ്തത് ഞാനായിരുന്നു. സേനന് ഞാൻ സുബിയുടെ ഒരു വിഡിയോയും കാണിച്ചു കൊടുത്തിരുന്നു’- ജയറാം ഓർത്തു.
കരൾസംബന്ധമായ അസുഖത്തെ തുടർന്ന് ഇന്ന് രാവിലെ 10 മണിയോടെ കൊച്ചി രാജഗിരി ആശുപത്രിയിൽ വച്ചായിരുന്നു സുബി സുരേഷിന്റെ അന്ത്യം. മലയാളത്തിലെ അറിയപ്പെടുന്ന കോമഡി ആർട്ടിസ്റ്റ് ആയിരുന്നു. കഴിഞ്ഞ മാസം 9ന് സുബി സുരേഷ് ഫ്‌ലവേഴ്‌സ് ഒരു കോടി പരിപാടിയിൽ പങ്കെടുത്തിരുന്നു.
Story Highlights: jayaram about subi suresh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here