അനീതിയുടെ അഞ്ച് വർഷം: മധുവിന്റെ കൊലപാതകം പാഠമായില്ല
2018 ഫെബ്രുവരി 22. അട്ടപ്പാടി മുക്കാലിക്കടുത്ത് കടുകുമണ്ണ ഊരിലെ 27കാരനായ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട ദിവസം. സാക്ഷരകേരളം തങ്ങള്‍ക്ക് കണ്ടുകൂടാത്തവനെ തല്ലിക്കൊന്ന ദിവസം. മധുവിനെ കൊന്നതാകട്ടെ, മോഷണക്കുറ്റം ആരോപിച്ചും. നമ്മുടെ നാടിനെ, നമ്മുടെ ഭരണാധികാരികളെ സംബന്ധിച്ച് കുറേയേറെ കൊലപാതക കേസുകളിലൊന്നില്‍ കുറച്ച് കണ്ണീരും കുറച്ച് അപലപിക്കലും ചേര്‍ത്തിളക്കിയാല്‍ കിട്ടുന്ന ഒരു മരണമായിരുന്നു മധുവിന്റേത്. ( madhu murder 5 years )
ഇന്ന് അഞ്ചുവര്‍ഷങ്ങള്‍ക്കിപ്പുറം, 2023 ഫെബ്രുവരി 22. കോഴിക്കോട് മെഡിക്കല്‍ കോളജ് മാതൃശിശു പരിചരണ വിഭാഗത്തിന് പുറത്തുവച്ച്, മറ്റൊരു മധു ജനിക്കുന്നു. പേര് വിശ്വനാഥന്‍. ഇവിടെ 2018ലെ സമാനസംഭവം ആവര്‍ത്തിക്കപ്പെടുന്നു. മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ട വിചാരണയ്ക്ക് ഇരയായി ആത്മാഭിമാനം നഷ്ടപ്പെട്ട്, ജനമധ്യത്തില്‍ ജാള്യതയോടെ പിടിച്ചുനില്‍ക്കാനാകാതെ മരണത്തിലേക്ക് ഓടിമറഞ്ഞ വിശ്വനാഥന്‍….
മധു കൊല്ലപ്പെട്ടിട്ട് അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും നീതിയുടെ തരിമ്പെങ്കിലും ആ മനുഷ്യന് കിട്ടിയിട്ടുണ്ടോ? മധുവും വിശ്വനാഥനും പ്രതിനിധീകരിക്കുന്ന അധസ്ഥിത വിഭാഗത്തെ വീണ്ടും വീണ്ടും കല്ലെറിയാനും അവര്‍ക്കര്‍ഹതപ്പെട്ട അവകാശങ്ങളെ അവരില്‍ നിന്ന് പിടിച്ചുപറിക്കാനുമല്ലാതെ മറ്റെന്ത് മാറ്റമാണ് ഈ അഞ്ച് വര്‍ഷം കൊണ്ടുണ്ടായത്? മോഷണക്കുറ്റം ആരോപിച്ച ആള്‍ക്കൂട്ടത്തെയും സവര്‍ണ മേലാളന്മാരെയും പേടിച്ച് ഓടിമറയുകയും ഒടുവില്‍ ഒരു മരക്കൊമ്പില്‍ ജീവിതമവസാനിപ്പിക്കുകയും ചെയ്ത വിശ്വനാഥന്റെ കീറപ്പോക്കറ്റില്‍ നിന്ന് കിട്ടിയതാകട്ടെ, 140 രൂപ!
മധുവിന്റെ ഓര്‍മദിവസം മറ്റൊരു മധുവിനെ ജനിപ്പിക്കാന്‍ മാത്രമാണ് ഇക്കാലയളവില്‍ നമുക്ക് സാധിച്ചത്. മധു കൊലപാതക കേസിലെ അന്തിമ വാദം തുടങ്ങുന്നതാകട്ടെ ഫെബ്രുവരി 21നും. ഇതുവരെ കേട്ടുകേള്‍വി പോലുമില്ലാത്ത തരത്തിലാണ് മധുകേസ് കോടതി മുറികളില്‍ അപമാനം നേരിട്ടത്. പ്രോസിക്യൂഷന്‍ സാക്ഷികളായി കൊണ്ടുവന്നത് 127 പേരെ. ഇതില്‍ തുടര്‍ച്ചയായി കൂറുമാറി മധുവിന്റെ ആത്മാവിനെ പോലും നോവിച്ചതാകട്ടെ 24 പേരാണ്. വാര്‍ത്തകളില്‍ പോലും ഒരു മാറ്റവുമില്ലാതെ മധു കേസ് കൂറുമാറ്റങ്ങളുടെ തുടര്‍ക്കഥയായി. പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കിയത് 77 പേര്‍ മാത്രം.
മധുവിന്റെ കേസ് വാദിക്കാൻ പബ്ലിക് പ്രോസിക്യൂട്ടർ കോടതിയിൽ ഹാജരാകാതിരുന്നതും കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് കുടുംബത്തിന്റെ ആരോപണവും കേസിന്റെ ഗൗരവം വീണ്ടും ഓർമ്മപ്പെടുത്തി. ഒടുവിൽ 2022 ജൂൺ 25ന് സി രാജേന്ദ്രൻ സ്ഥാനം ഒഴിഞ്ഞ് പകരം അഡ്വക്കേറ്റ് രാജേഷ് എം മേനോൻ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആയി. വ്യക്തിപരമായ കാരണങ്ങളാൽ എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സി രാജേന്ദ്രന്റെ രാജി.ഇപ്പോൾ കേസിന്റ അന്തിമ വാദം നടക്കുന്നു..
2023 ഫെബ്രുവരി 10നായിരുന്നു പണവും ഫോണും മോഷ്ടിച്ചെന്നാരോപിച്ച് ആൾക്കൂട്ടം വിചാരണ ചെയ്ത വയനാട് കൽപ്പറ്റ വെള്ളാരംകുന്ന് പാറവയൽ കോളനിയിലെ ആദിവാസി യുവാവ് വിശ്വനാഥനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരിച്ച വിശ്വനാഥന്റെ കേസിലാകട്ടെ മധുവിന്റെതിനു സമാനമായി, ആദിവാസിയാണെന്നറിഞ്ഞ് ബോധപൂർവ്വം മോഷണക്കുറ്റം ആരോപിച്ചു ജനക്കൂട്ടം വിചാരണ ചെയ്യുകയും കൈയിലുണ്ടായിരുന്ന സഞ്ചി പരിശോധിക്കുകയും ചെയ്തു. ജനമധ്യത്തിൽ അപമാനിക്കപ്പെട്ടതിലുള്ള മനോവിഷമം കൊണ്ടാണ് വിശ്വനാഥൻ ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് മനുഷ്യാവകാശ കമ്മീഷന് മുൻപാകെ സമർപ്പിച്ച റിപ്പോർട്ടിലുള്ളത്.
2018ളേയും 2023ലെയും സംഭവങ്ങൾക്ക് ഒരു സാമ്യം കൂടിയുണ്ട്.ഇരു കേസുകളിലും കുറ്റവാളികൾക്ക് ശിക്ഷ വാങ്ങികൊടുക്കാൻ ഇതുവരെ വേണ്ടപ്പെട്ടവർക്ക് കഴിഞ്ഞിട്ടില്ല.
മാറിമാറി വരുന്ന ഭരണകൂടങ്ങളുടെ കാര്യവും ഒട്ടും വ്യത്യസ്തമല്ല. അരികുവിഭാഗങ്ങളോടുള്ള ഭരണകൂടങ്ങളുടെ അവഗണനയ്ക്ക് ചരിത്രത്തിനോളം തന്നെ പഴക്കമുണ്ട്. രാഷ്ട്രീയ കേരളം സാക്ഷ്യം വഹിച്ച സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ ഭൂസമരം നടന്ന രണ്ടു പതിറ്റാണ്ട് പിന്നിടുമ്പോഴും മുഖ്യധാരയുടെ മനുഷ്യവിരുദ്ധത തെളിമങ്ങാതെ തന്നെ നിലനിൽക്കുന്നുണ്ട്.
പ്രതിലോമകരമായ പൊതുബോധമാണ് കറുത്ത, മുഷിഞ്ഞ വസ്ത്രങ്ങൾ ധരിച്ച, മുടിയും താടിയും ചീവിയൊതുക്കാത്ത ഒരാളെ കണ്ടാൽ അവൻ ആദിവാസിയാണെന്നും അവൻ മോഷ്ടിക്കുമെന്നുമൊക്കെയുള്ള ചിന്ത ഒരാളിൽ ജനിപ്പിക്കുന്നത്. ആൾക്കൂട്ട കൊലപാതകമെന്നും മർദ്ദനമെന്നുമൊക്കെ കേൾക്കുമ്പോൾ ഉത്തരേന്ത്യയിലേക്ക് വിരൽചുണ്ടുന്നവരാണ് സാക്ഷര കേരളമെന്ന് സ്വയം പറഞ്ഞു കർണപടങ്ങളെ പാകപ്പെടുത്തിയ കേരളത്തിലെ സിവിൽ സമൂഹം. അട്ടപ്പാടിയിൽ മധുവിനെയും കോഴിക്കോട് വിശ്വനാഥനേയും നിർദാക്ഷണ്യം കൊലപ്പെടുത്തിയ ആൾക്കൂട്ടം കൃത്യമായ പദ്ധതിയിലൂടെയോ അജണ്ടയിലൂടെയോ അല്ല ഇരുവരെയും ഇല്ലാതാക്കിയത്. ആ നരാധമന്മാർ പെട്ടന്ന് കൂട്ടം ചേർന്നുണ്ടാവരാണ്. ആ കൂട്ടം ചേരലിലേക്ക് നയിച്ചതാകട്ടെ നേരത്തെ പറഞ്ഞ പൊതുബോധവും. ആ ആൾക്കൂട്ടം പൊതു സമൂഹത്തിൻറെ ചിന്താധാരയുടെ പ്രതിഫലനമാണ്. അത്തരത്തിലാണ് ഇവിടെ ജനിച്ചുവീഴുന്ന, വളരുന്ന ഓരോ മനുഷ്യനെയും സമൂഹം പറഞ്ഞു പാകപ്പെടുത്തുന്നത്.
Story Highlights: madhu murder 5 years
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here