ഫെബ്രുവരിയിൽ വിവാഹം നടക്കുമെന്ന് പറഞ്ഞു, അതേ മാസം തന്നെ മരണം കവർന്നെടുത്തു; സുബി സുരേഷ് അന്ന് പറഞ്ഞത്

സുബി സുരേഷ് ആദ്യമായി തന്റെ വിവാഹത്തെ കുറിച്ചുള്ള ചോദ്യത്തിന് ഉത്തരം നൽകുന്നത് ഫ്‌ളവേഴ്‌സ് ഒരുകോടിയുടെ ഫ്‌ളോറിൽ വച്ചായിരുന്നു. തന്നെ ഇഷ്ടമാണെന്ന് പറഞ്ഞ് ഒരാൾ വന്നിട്ടുണ്ടെന്നും രാഹുൽ ഫെബ്രുവരിയിൽ വിവാഹം നടത്തണമെന്ന് പറഞ്ഞ് ഇരിക്കുകയാണെന്നും സുബി സുരേഷ് ആർ ശ്രീകണ്ഠൻ നായരോട് പറഞ്ഞു. ( subi suresh about marriage flowers orukodi )
‘എന്നെ കല്യാണം കഴിക്കണമെന്ന് പറഞ്ഞ് ഒരാൾ കൂടെ കൂടിയിട്ടുണ്ട് അപ്പോൾ. പുള്ളിക്കാരൻ ഏഴ് പവന്റെ താലി മാലയ്ക്ക് വരെ ഓർഡർ കൊടുത്തിട്ട് ഫെബ്രുവരിയിൽ കല്യാണം നടത്തണമെന്ന് പറഞ്ഞ് നിൽക്കുകയാണ്. പക്ഷേ ഞാൻ തത്പരകക്ഷിയല്ല. ഞങ്ങൾ കാനഡയിൽ ഒരുമിച്ച് പരിപാടി ചെയ്തപ്പോഴാണ് അദ്ദേഹത്തിന് അങ്ങനൊരു താത്പര്യം ഉടലെടുക്കുന്നത്. വീട്ടിൽ വന്ന് സംസാരിച്ചിട്ടൊക്കെയുണ്ട്’- സുബി സുരേഷ് അന്ന് പറഞ്ഞതിങ്ങനെ.
ഫെബ്രുവരിയിൽ വിവാഹം നടത്തണമെന്ന് പറഞ്ഞിട്ട് അതേ ഫെബ്രുവരിയിൽ തന്നെ സുബി ലോകത്തോട് വിട പറയേണ്ടി വന്നതിന്റെ ഞെട്ടലിലാണ് മലയാളി പ്രേക്ഷകർ. മലയാളത്തിന്റഎ മഹാനടിയും ഹാസ്യവേഷങ്ങൾ മികവോടെ ചെയ്തിരുന്ന വ്യക്തിയുമായ കെപിഎസി ലളിത മരിച്ചതും ഇതേ ദിവസമായിരുന്നു. അന്ന് തന്നെ മലയാളത്തിന്റെ പ്രിയ ഹാസ്യതാരം സുബി സുരേഷും യാത്രയായിരിക്കുകയാണ്.
കരൾ-ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ഇന്ന് രാവിലെ 10 മണിയോടെ കൊച്ചി രാജഗിരി ആശുപത്രിയിൽ വച്ചായിരുന്നു സുബി സുരേഷിന്റെ അന്ത്യം.
ടെലിവിഷൻ ചാനലുകളിലും സ്റ്റേജ് ഷോകളിലുമായി സ്‌കിറ്റുകൾ അവതരിപ്പിച്ച് കോമഡി റോളുകളിൽ തിളങ്ങിയ താരമാണ് സുബി സുരേഷ്. കോമഡി പരമ്പരയിലൂടെയും സിനിമാലയിലൂടെയും സുബി സുരേഷ് പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറി. സൂര്യ ടിവിയിലെ കുട്ടിപ്പട്ടാളം എന്ന കൊച്ചുകുട്ടികളുടെ പരിപാടിയുടെ അവതാരകയായിരുന്നു സുബി. രാജസേനൻ സംവിധാനം ചെയ്ത കനക സിംഹാസനം എന്ന സിനിമയിലൂടെ 2006ലാണ് സുബി സുരേഷ് ചലച്ചിത്രലോകത്തേയ്ക്ക് കടക്കുന്നത്.
Story Highlights: subi suresh about marriage flowers orukodi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here