Advertisement

ഡൽഹി മദ്യ നയം: കെജ്‌രിവാളിന്റെ പേഴ്‌സണൽ അസിസ്റ്റന്റിനെ ഇഡി ചോദ്യം ചെയ്തു

February 23, 2023
2 minutes Read

ഡൽഹി മദ്യ നയവുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പേഴ്‌സണൽ അസിസ്റ്റന്റിനെ ഇഡി ചോദ്യം ചെയ്തു. ബിഭാവ് കുമാറിനെ വ്യാഴാഴ്ച എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയായിരുന്നു. കുറ്റപത്രത്തിൽ കെജ്‌രിവാളിന്റെ പേര് പരാമർശിച്ച് ആഴ്ചകൾക്ക് ശേഷമാണ് ഇഡിയുടെ പുതിയ നീക്കം.

അഴിമതിയുടെ തെളിവുകൾ മറച്ചുവെക്കാൻ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ബിഭാവ് കുമാറും ഉൾപ്പെടെയുള്ള 36 പ്രതികൾ, 170 ഫോണുകൾ ‘നശിപ്പിക്കുകയോ ഉപയോഗിക്കുകയോ’ ചെയ്‌തു എന്ന ഏജൻസിയുടെ കണ്ടെത്തലിൻ്റെ പശ്ചാത്തലത്തിലാണ് ചോദ്യം ചെയ്യൽ. ഡൽഹിയിലെ ഇഡി ഓഫീസിന് മുന്നിലാണ് ബിഭാവ് കുമാർ ഹാജരായത്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ വകുപ്പുകൾ പ്രകാരമാണ് ഇയാളുടെ മൊഴി രേഖപ്പെടുത്തിയതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.

ഈ കേസിൽ ഇഡി ഇതുവരെ രണ്ട് കുറ്റപത്രങ്ങൾ സമർപ്പിക്കുകയും ആകെ ഒമ്പത് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. അടുത്തിടെ ഡൽഹി റോസ്‌ അവന്യൂ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ കെജ്‌രിവാളിന്റെ പേര് ഇഡി പരാമർശിച്ചിരുന്നു. മദ്യവ്യവസായിയും എക്‌സൈസ് നയ അഴിമതിക്കേസിലെ മുഖ്യപ്രതിയുമായ സമീർ മഹേന്ദ്രു അരവിന്ദ് കെജ്‌രിവാളുമായി വീഡിയോ കോളിൽ സംസാരിച്ചുവെന്ന് കുറ്റപത്രത്തിൽ പറയുന്നു. എഎപിയുടെ കമ്മ്യൂണിക്കേഷൻ ഇൻ ചാർജ് വിജയ് നായരെ വിശ്വസിക്കാൻ കെജ്‌രിവാൾ സമീറിനോട് ആവശ്യപ്പെട്ടതായും ഇഡി വെളിപ്പെടുത്തി.

Story Highlights: Delhi liquor scam: ED questions Arvind Kejriwal’s personal assistant

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top