Advertisement

കെഎസ്ആർടിസിയിലെ നിർബന്ധിത വിആർഎസ്; വാർത്ത വ്യാജമെന്ന് കെഎസ്ആർടിസി

February 25, 2023
Google News 2 minutes Read
Mandatory VRS at KSRTC news is fake

കെഎസ്ആർടിസിയിൽ നിർബന്ധിതമായി വി.ആർ.എസ് നടപ്പാക്കാൻ പോകുന്നുവെന്നും, അതിനായി 7200 ഓളം പേരുടെ പട്ടിക തയ്യാറാക്കിയെന്നുമുള്ള വാർത്തയ്ക്ക് അടിസ്ഥാനമില്ലെന്ന് കെഎസ്ആർടിസി മാനേജ്മെന്റ് അറിയിച്ചു. വാർത്തകളിൽ വരുന്നത് പോലെ നിർബന്ധിത വി.ആർ.എസിന് വേണ്ടി 50 വയസിന് മുകളിൽ പ്രായം ഉള്ളവരുടേയും, 20 വർഷത്തിൽ അധികം സർവ്വീസ് ഉള്ളവരുടേതുമായ 7200രത്തോളം പേരുടെ ലിസ്റ്റ് കെഎസ്ആർടിസി ഇന്നുവരെ തയ്യാറാക്കിയിട്ടുമില്ല. അത്തരത്തിലൊരു കാര്യം കെഎസ്ആർടിസി ആലോചിക്കുന്നതേയില്ലെന്നും മാനേജ്മെന്റ് അറിയിച്ചു. ( Mandatory VRS at KSRTC news is fake ).

കെഎസ്ആർടിസിയിൽ നിർബന്ധിത വി ആർ എസ് നടപ്പിലാക്കുന്നുവെന്ന തരത്തിൽ മുൻപും വാർത്തകൾ മാധ്യമങ്ങളിൽ വന്നിരുന്നതാണ്. നിർബന്ധിത വി ആർ എസ് എന്ന് പറയുന്നത് തന്നെ തെറ്റായ പ്രയോ​ഗമാണ്. വി ആർഎസ് എന്നാൽ വോളണ്ടറി റിട്ടേഡ്മെന്റ് സ്കീമാണ്. അത് പ്രകാരം താൽപര്യമുള്ളവർക്ക് സ്വയം വിരമിക്കാമെന്നാണ്. അല്ലാതെ നിർബന്ധിത വി.ആർ.എസ് എന്നൊരു പ്രയോ​ഗമേ ഇല്ല.

എന്നാൽ 1243 ഓളം ജീവനക്കാർ നിലവിൽ തന്നെ ജോലിക്ക് വരാത്തവരായി ഉണ്ട്. ഏതാണ്ട് 600 ഓളം ജീവനക്കാർക്ക് പലമാസങ്ങളിലും 16 ഡ്യൂട്ടി എന്ന നിബന്ധന ചെയ്യുന്നതുമില്ല. ഈ സാഹചര്യത്തിലാണ് രണ്ട് വർഷം മുൻപ് അങ്ങനെ വരാത്തവർക്ക് വേണ്ടി വി ആർ എസ് സ്കീം നടപ്പാക്കാൻ സർക്കാരിനോട് 200 കോടി രൂപയുടെ ഒരു നിർദ്ദേശം സമർപ്പിച്ചത്.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

സർക്കാർ അന്ന് തന്നെ ആ പദ്ധതിക്ക് പണം അനുവദിക്കാൻ പറ്റില്ലെന്ന് വ്യക്തമാക്കിയതോടെ ആ പദ്ധതി ഉപേക്ഷിച്ചിരുന്നു. അതിന് ശേഷം പകുതി ശമ്പളത്തോടെയുള്ള അവധി നൽകി ഫർലോ ലീവ് നടപ്പാക്കാൻ ഉത്തരവായി. സ്ഥിരമായി ഡ്യൂട്ടിക്ക് വരാത്തവരായുള്ള 2000 പേരെങ്കിലും ഫർലോ ലീഫ് പ്രയോജനപ്പെടുത്തിയിരുന്നുവെങ്കിൽ 4 കോടി രൂപയോളം രൂപ പ്രതിമാസം ശമ്പളത്തിൽ കുറവ് വരുമായിരുന്നു.

പക്ഷെ അതിന് എതിരെ ഒരു വിഭാ​ഗം ശക്തമായ പ്രചരണം നടത്തി. ഫർലോ ലീവ് എടുക്കുന്നവരെ കുറെ നാൾ കഴിഞ്ഞ് പിരിച്ചുവിടുമെന്നുള്ള പ്രചരണം നടത്തി ആ പദ്ധതി പരാജയപ്പെടുത്തുകയാണ് ഉണ്ടായത്. ഇപ്പോൾ നിർബന്ധിത വി ആർ എസ് നടപ്പാക്കുമെന്ന തരത്തിലുള്ള വാർത്ത സൃഷ്ടിക്കുന്നത് ജീവനക്കാരുടെ മനോ വിഷമം ഉണ്ടാക്കാനേ സാധിക്കൂള്ളൂ. അതിന് വേണ്ടി കെഎസ്ആർടിസി മാനേജ്മെന്റ് തയ്യാറല്ല.

മാനേജ്മെന്റ് വിആർഎസ് നടപ്പാക്കുകയാണെങ്കിൽ അതിന് വേണ്ടി താൽപര്യമുള്ളവർക്ക് മാത്രമായിരിക്കും. അല്ലാതെ 50 വയസ് കഴിഞ്ഞവർക്കോ, 20 വർഷം പൂർത്തിയായവർക്കോ നടപ്പാക്കാൻ ഉദ്ദേശിക്കുന്നില്ല. കെഎസ്ആർടിസിയിൽ ഇപ്പോൾ ഓരോ വർഷവും ആയിരത്തോളം പേരാണ് പെൻഷനാകുന്നത്. അതിൽ 3.5 കോടി രൂപയോളം ശമ്പളയിനത്തിൽ പ്രതിമാസം കുറവ് വന്നാലും, പെൻഷൻ ആനൂകൂല്യം ഉൾപ്പെടെ 125 കോടിയോളം രൂപ ഒരു വർഷം കൊടുക്കേണ്ടി വരുന്നുണ്ട് . അതിന് വേണ്ടി പ്രതിമാസം 10 കോടിയോളം രൂപ ആ ഇനത്തിന് വേണ്ടി അധികമായി കണ്ടെത്തേണ്ടി വരുന്നു. ഈ സാഹചര്യത്തിൽ വി.ആർ.എസിനുള്ള ഒരു തീരുമാനവും കെഎസ്ആർടിസി കൈകൊണ്ടിട്ടില്ല.

അങ്ങനെ വിആർഎസ് നടപ്പാക്കാനുള്ള തീരുമാനം എടുക്കുന്നുവെങ്കിൽ അം​ഗീകൃത യൂണിയനുകളുമായി ചർച്ച ചെയ്തു, സ്വീകാര്യമായ പാക്കേജ് ഉൾപ്പെടെയുളളവ പരി​ഗണിച്ച് മാത്രമേ അങ്ങനെ ചിന്തിക്കുകയുളളൂവെന്നും, അതിനുള്ള സാധ്യത വിദൂരമാണെന്നും മാനേജ്മെന്റ് അറിയിച്ചു.

Story Highlights: Mandatory VRS at KSRTC news is fake

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here