‘നുഴഞ്ഞുകയറ്റക്കാരുടെ’ പേരിലുള്ള സ്ഥലനാമങ്ങൾ മാറ്റണം’; ബിജെപി നേതാവിൻ്റെ ഹർജി തള്ളി സുപ്രിം കോടതി

‘നുഴഞ്ഞുകയറ്റക്കാരുടെ’ പേരിലുള്ള സ്ഥലനാമങ്ങൾ മാറ്റണം എന്ന ഹർജി തള്ളി സുപ്രിം കോടതി. ബിജെപി നേതാവ് അശ്വിനി കുമാർ ഉപധ്യായുടെ ഹർജിയാണ് ജസ്റ്റിസ് കെഎം ജോസഫും ജസ്റ്റിസ് ബിവി നാഗരത്നയും ഉൾപ്പെടുന്ന ബെഞ്ച് തള്ളിയത്. ‘വിദേശത്തുനിന്ന് നുഴഞ്ഞുകയറിയ’ ആളുകളുടെ പേരിലുള്ള സ്ഥലങ്ങളുടെ ശരിയായ നാമം കണ്ടെത്താൻ ‘പേര് തിരുത്തൽ കമ്മീഷനെ’ നിയമിക്കണമെന്നായിരുന്നു ഹർജിക്കാരൻ്റെ ആവശ്യം. ഇങ്ങനെ ചെയ്താൽ വീണ്ടും അക്കാര്യം ചർച്ചചെയ്യപ്പെടുമെന്നും രാജ്യത്ത് ക്രമസമാധാന പ്രശ്നങ്ങളുണ്ടാവുമെന്നും കോടതി നിരീക്ഷിച്ചു. വർത്തമാന, ഭാവികാല തലമുറയെ അത് വേട്ടയാടുമെന്നും കോടതി പറഞ്ഞു.
“ഹിന്ദുയിസം ഒരു മതമല്ല, ജീവിത ചര്യയാണ്. ഹിന്ദുയിസത്തിൽ മതഭ്രാന്തില്ല. ഭൂതകാലം ചികഞ്ഞെടുക്കുന്നത് സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കും.”- കോടതി നിരീക്ഷിച്ചു.
അതേസമയം, രാജ്യത്ത് പേരുമാറ്റം തകൃതിയായി നടക്കുകയാണ്. മുഗൾ ഉദ്യാനത്തെ അടുത്തിടെ അമൃത് ഉദ്യാനെന്നാക്കി മാറ്റിയിരുന്നു.
Story Highlights: bjp petition rename supreme court rejected
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here