ഇന്നത്തെ നിയമസഭാ സമ്മേളനത്തിലും മാധ്യമങ്ങളുടെ ക്യാമറാ വിലക്ക് തുടരുന്നു; പ്രതിപക്ഷ പ്രതിഷേധം കാണിക്കാതെ സഭാ ടിവി

വിവാദങ്ങൾക്കിടെ ഇന്ന് കൂടിയ നിയമസഭാ സമ്മേളനത്തിലും, മാധ്യമങ്ങളുടെ ക്യാമറകൾക്ക് വിലക്ക് തുടരുന്നു. പ്രതിപക്ഷ പ്രതിഷേധം സഭാ ടിവി കാണിക്കുന്നില്ലെന്നാണ് പ്രതിപക്ഷത്തിന്റെ ആക്ഷേപം. സർക്കാരിനെതിരായ പ്ലക്കാർഡുകളുമായാണ് പ്രതിപക്ഷം സഭയിലെത്തിയത്. പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിട്ടും സഭയിൽ മാധ്യമ ക്യാമറകൾ അനുവദിച്ചിട്ടില്ല. നിയമസഭയിലെ ദ്യശ്യങ്ങൾ പകർത്തുന്നതിന് മാധ്യമങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഇന്നലെ സ്പീക്കർക്ക് കത്ത് നൽകിയിരുന്നു. ( kerala Assembly session ban on media cameras ).
ചോദ്യോത്തര വേള വരെയുള്ള നടപടിക്രമങ്ങളുടെ ദൃശ്യങ്ങൾ പകർത്താൻ ദൃശ്യമാധ്യമ പ്രവർത്തകരെ ഗാലറിയിൽ പ്രവേശിപ്പിക്കുന്നതായിരുന്നു കാലങ്ങളായി നിയമസഭയിലെ കീഴ് വഴക്കം. എന്നാൽ കൊവിഡിന്റെ പശ്ചാത്തലത്തിൽ ഇത് റദ്ദാക്കിയിരുന്നു. ലോകത്താകെ കൊവിഡ് ഭീഷണി ഒഴിയുകയും നിയമസഭയിലെ കൊവിഡ് പ്രോട്ടോകോൾ പിൻവലിക്കുകയും ചെയ്ത് കാലങ്ങൾ കഴിഞ്ഞിട്ടും മാധ്യമങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന ഈ വിലക്ക് പിൻവലിച്ചിട്ടില്ല. ഇന്ധന സെസിൽ പ്രതിഷേധം കടുപ്പിക്കാനാണ് യുഡിഎഫ് നിയമസഭാ കക്ഷി യോഗത്തിന്റെ തീരുമാനം. പ്രതിഷേധ സൂചകമായി എം.എൽ.എമാരായ ഷാഫി പറമ്പിലും മാത്യു കുഴൽനാടനും കറുത്ത വസ്ത്രത്തിൽ ആണ് സഭയിലെത്തിയത്. കൊച്ചിയിലെ പൊലീസ് നടപടിയിൽ അടിയന്തര പ്രമേയത്തിന് അനുമതി തേടിയിരിക്കുകയാണ് ഷാഫി പറമ്പിൽ.
Read Also: നിയമസഭാ സമ്മേളനം; ഷാഫി പറമ്പിലും മാത്യു കുഴൽനാടനും സഭയിലെത്തിയത് കറുത്ത വസ്ത്രമണിഞ്ഞ്
ജനാധിപത്യ സംവിധാനത്തിൽ നിയമ നിർമ്മാണ സഭകൾ, ഭരണ നിർവഹണ സംവിധാനം, നീതി നിർവഹണ സംവിധാനം എന്നിവയ്‌ക്കൊപ്പം നാലാം തൂൺ ആണ് മാധ്യമങ്ങളെന്ന് വിഡി സതീശൻ ഇന്നലെ ചൂണ്ടിക്കാട്ടിയിരുന്നു. ഈ നാല് തൂണുകളും ഒരു പോലെ ശക്തവും കർമ്മനിരതവുമാകുന്നതാണ് ജനാധിപത്യത്തിന്റെ ഔന്നത്യവും സൗന്ദര്യവും. നിയമ നിർമ്മാണ നടപടിക്രമങ്ങൾ ജനങ്ങളെ അറിയിക്കുന്നതിനായി മാധ്യമ പ്രവർത്തകർക്കും സമാജികർക്കൊപ്പം അർഹമായ പരിഗണന നൽകിപ്പോരുന്ന കീഴ് വഴക്കമാണ് രൂപീകൃതമായ കാലം മുതൽക്കെ കേരള നിയമസഭയ്ക്കുള്ളത്.
എന്നാൽ കോവിഡ് മാഹാമാരിയുടെ പശ്ചാത്തലത്തിൽ ചോദ്യോത്തര വേള വരെയുള്ള നടപടിക്രമങ്ങളുടെ ദൃശ്യങ്ങൾ പകർത്താൻ ദൃശ്യമാധ്യമ പ്രവർത്തകരെ ഗാലറിയിൽ പ്രവേശിപ്പിക്കുന്നതിനുള്ള അനുവാദം താൽക്കാലികമായി റദ്ദാക്കിയിരുന്നു. ലോകത്താകെ കോവിഡ് ഭീഷണി ഒഴിയുകയും നിയമസഭയിലെ കോവിഡ് പ്രോട്ടോകോൾ പിൻവലിക്കുകയും ചെയ്ത് കാലങ്ങൾ കഴിഞ്ഞിട്ടും മാധ്യമങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന ഈ വിലക്ക് പിൻവലിച്ചിട്ടില്ല.
നിയമസഭാ ദൃശ്യങ്ങൾക്കായി മാധ്യമങ്ങൾ ആശ്രയിക്കുന്ന സഭ ടി.വിയാകട്ടെ പ്രതിപക്ഷത്തിന്റെ പ്രതിഷേധങ്ങൾ പുറത്ത് വിടാതെ ഭരണകക്ഷിക്ക് വേണ്ടി മാത്രമുള്ള ചാനലായി മാറിയിരിക്കുകയാണ്. ജനാധിപത്യത്തിന്റെ ശ്രീകോവിൽ എന്ന് വിശേഷിപ്പിക്കപ്പെടുന്ന നിയമനിർമ്മാണ സഭയിൽ മാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നത്, പ്രത്യേകിച്ചും അത് കേരളത്തിലാകുമ്പോൾ നിയമസഭയുടെ അന്തസ്സ് ഇടിച്ച് താഴ്ത്തുന്നതും മാധ്യമ സ്വാതന്ത്ര്യം സംബന്ധിച്ച തെറ്റായ സന്ദേശവുമാണ് നൽകുന്നത്.
ഈ സാഹചര്യത്തിൽ നിയമസഭയുടെ കീഴ് വഴക്കം അനുസരിച്ച് എല്ലാ അംഗീകൃത ദൃശ്യ മാധ്യമ ചാനലുകൾക്കും ചോദ്യോത്തര വേളയുടെ തത്സമയം ദൃശ്യങ്ങൾ പകർത്തുന്നതിനുള്ള അനുവാദം പുന:സ്ഥാപിച്ചു നൽകണമെന്നായിരുന്നു വിഡി സതീശന്റെ ആവശ്യം.
Story Highlights: kerala Assembly session ban on media cameras
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here