റഫറല്‍ രോഗികളുടെ എണ്ണം ആനുപാതികമായി കുറയണം: മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് സര്‍ക്കാര്‍, സ്വകാര്യ മെഡിക്കല്‍ കോളജുകളിലെ പിജി ഡോക്ടര്‍മാരുടെ സേവനം ഗ്രാമീണ മേഖലയിലേക്ക് ലഭ്യമാക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. വിവിധ മെഡിക്കല്‍ കോളജുകളില്‍ നിന്നും 1382 പിജി ഡോക്ടര്‍മാരാണ് മറ്റാശുപത്രിയിലേക്ക് പോകുന്നത്. അതനുസരിച്ച് പെരിഫറല്‍ ആശുപത്രികളില്‍ നിന്നും റഫറല്‍ ചെയ്യുന്ന രോഗികളുടെ എണ്ണം ആനുപാതികമായി കുറയണം. ചുറ്റുമുള്ള അനുഭവങ്ങളിലൂടെയും ആശുപത്രി അന്തരീക്ഷത്തിലൂടെയുമെല്ലാം പ്രൊഫഷണല്‍ രംഗത്ത് കൂടുതല്‍ മികവാര്‍ന്ന പ്രവര്‍ത്തനം നടത്താന്‍ പിജി വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കും. സാധാരണക്കാരായ രോഗികള്‍ക്ക് സഹായകരമായ രീതിയില്‍ എല്ലാവരും സേവനം നല്‍കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.
പിജി ഡോക്ടര്‍മാരുടെ സേവനം ഗ്രാമീണ മേഖലയിലേക്ക് വ്യാപിപ്പിക്കുന്ന ജില്ലാ റസിഡന്‍സി പ്രോഗ്രാം സംസ്ഥാനതല ഉദ്ഘാടനം ജനറല്‍ ആശുപത്രി അപെക്‌സ് ട്രെയിനിംഗ് സെന്ററില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. രണ്ട് പതിറ്റാണ്ടുകളായി ആലോചിച്ചിരുന്ന കാര്യമാണ് ഈ സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാക്കിയത്. മെഡിക്കല്‍ കോളജുകളിലെ രണ്ടാം വര്‍ഷ പിജി ഡോക്ടര്‍മാരെ താലൂക്ക്, ജില്ല, ജനറല്‍ ആശുപത്രികളിലേക്കാണ് നിയമിച്ചത്. 3 മാസം വീതമുള്ള 4 ഗ്രൂപ്പുകളായിട്ടാണ് ഇവരുടെ സേവനം ലഭ്യമാകുന്നത്. 100 കിടക്കകള്‍ക്ക് മുകളില്‍ വരുന്ന താലൂക്കുതല ആശുപത്രികള്‍ മുതലുള്ള78 ആശുപത്രികളിലാണ് ഇവരെ നിയമിക്കുന്നത്.
പിജി വിദ്യാര്‍ത്ഥികളെ സംബന്ധിച്ചിടത്തോളം കേരളത്തിന്റെ ആരോഗ്യ മേഖലയെപ്പറ്റി അടുത്തറിയാനും അതിലൂടെ ലഭ്യമാകുന്ന ചികിത്സയിലും രോഗീപരിചരണത്തിലുമുള്ള അനുഭവങ്ങള്‍ ലോകത്തിന്റെ ഏത് ഭാഗത്ത് പോയാലും സഹായകരമാകും. താലൂക്ക്, ജില്ല, ജനറല്‍ ആശുപത്രികളുടെ ഭരണസംവിധാനങ്ങള്‍, ജീവിതശൈലീ രോഗ നിയന്ത്രണ പരിപാടി, സംസ്ഥാന, ദേശീയ ആരോഗ്യ പദ്ധതികള്‍ എന്നിവ അടുത്തറിയാനാകുന്നു. എല്ലാവരും ഈ സിസ്റ്റത്തിന്റെ ഭാഗമായി ആരോഗ്യ മേഖലയെ ചേര്‍ത്ത് പിടിക്കണം.
ജില്ലാ റെസിഡന്‍സി പ്രോഗ്രാമിന്റെ ഭാഗമായി 75 പിജി ഡോക്ടര്‍മാരെയാണ് തിരുവനന്തപുരം ജില്ലയില്‍ നിയമിക്കുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് 57, ശ്രീ ഗോകുലം മെഡിക്കല്‍ കോളജ് 9, സിഎസ്‌ഐ മെഡിക്കല്‍ കോളജ് കാരക്കോണം 6, ആര്‍സിസി 3 എന്നിവിടങ്ങളില്‍ നിന്നാണ് നിയമിക്കുന്നത്. ജനറല്‍ ആശുപത്രി തിരുവനന്തപുരം 33, തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി 6, നെയ്യാറ്റിന്‍കര ജനറല്‍ ഹോസ്പിറ്റല്‍ 12, പേരൂര്‍ക്കട ജില്ലാ മാതൃക ആശുപത്രി 4, പേരൂര്‍ക്കട ജില്ലാ മാനസികാരോഗ്യ കേന്ദ്രം 3, നെടുമങ്ങാട് ജില്ലാ ആശുപത്രി 8, പുലയനാര്‍കോട്ട നെഞ്ചുരോഗ ആശുപത്രി 1, പാറശാല താലൂക്ക് ഹെഡ് കോര്‍ട്ടേഴ്‌സ് ഹോസ്പിറ്റല്‍ 4, ചിറയന്‍കീഴ് താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ഹോസ്പിറ്റല്‍ 4 എന്ന ക്രമത്തിലാണ് പിജി ഡോക്ടര്‍മാരുടെ സേവനം തിരുവനന്തപുരം ജില്ലയില്‍ ലഭ്യമാക്കുന്നത്.
Story Highlights: Number of referral patients should decrease proportionately: Veena George
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here