മുഖ്യമന്ത്രിയും കുടുംബവും കേരളത്തിൻറെ ഐശ്വര്യം; ഇ.പി ജയരാജൻ

മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തിയും പ്രതിരോധ ജാഥയെ പ്രശംസിച്ചും കോൺഗ്രസിനെയും ബി.ജെ.പിയെയും കടന്നാക്രമിച്ചും ഇ.പി ജയരാജൻ. മുഖ്യമന്ത്രിക്കെതിരെ കറുത്ത തുണിയിൽ കല്ലുംകെട്ടി അക്രമത്തിന് തുനിഞ്ഞാൽ ജനങ്ങൾ നോക്കി നിൽക്കില്ലെന്ന് ജയരാജൻ തുറന്നടിച്ചു. മുഖ്യമന്ത്രിയും കുടുംബവും കേരളത്തിൻറെ ഐശ്വര്യമാണെന്നും ജയരാജൻ പറഞ്ഞു. വിവാദങ്ങൾക്കിടെയാണ് ഇ പി തൃശൂർ തേക്കിൻകാട് മൈതാനിയിൽ സിപിഐഎം ജനകീയ പ്രതിരോധ ജാഥാ സ്വീകരണവേദിയിലെത്തിയത്. ( EP Jayarajan praised Pinarayi Vijayan ).
ജാഥയിൽ നിന്ന് വിട്ടുനിൽക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് വിരാമമിട്ട് ഇപി ജയരാജൻ തൃശൂരിലെത്തിയത് ഇന്ന് ഉച്ചയോടെയാണ്. രാമനിലയത്തിൽ തങ്ങിയ അദ്ദേഹം വൈകീട്ട് തേക്കിൻകാട് മൈതാനിയിൽ നിടന്ന പൊതു സമ്മേളനത്തിനെത്തി. വേദിയിൽ നേതാക്കൾ ഇ പിയെ സ്വീകരിച്ചു. കേന്ദ്രസർക്കാരിനെയും കോൺഗ്രസിനെയും നിശ്ശിതമായി വിമർശിച്ച അദ്ദേഹം മുഖ്യമന്ത്രിയെ ഏറെ പ്രകീർത്തിച്ചു. പിണറായി വിജയനും കുടുംബവും നാടിൻറെ ഐശ്വര്യമാണെന്ന് ഇ പി പറഞ്ഞു.
ഇപിയുടെ പ്രസംഗം അവസാനിപ്പിച്ചതിന് പിന്നാലെ ജാഥാ ക്യാപ്റ്റൻ എം വി ഗോവിന്ദൻ മാസ്റ്റർ വേദിയിലെത്തി. ഗോവിന്ദൻമാസ്റ്റർ പ്രസംഗം തുടങ്ങിയപ്പോഴാണ് ഇ പി ജയരാജൻ വേദി വിട്ടത്. ജനകീയ പ്രതിരോധ ജാഥ നാളെയും മറ്റന്നാളും തൃശൂർ ജില്ലയിൽ പര്യടനം തുടരും.
Story Highlights: EP Jayarajan praised Pinarayi Vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here