Advertisement

വിദേശത്തേക്ക് കുടിയേറുന്നവർ മൂന്ന് തരം; ശ്രദ്ധേയമായി ഫേസ്ബുക്ക് പോസ്റ്റ്

March 4, 2023
Google News 2 minutes Read
migration facebook post viral

വിദേശ കുടിയേറ്റവുമായി ബന്ധപ്പെട്ട് രഞ്ജിത്ത് ആൻ്റണി എന്ന ഫേസ്ബുക്ക് പ്രൊഫൈൽ പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയം. എന്തുകൊണ്ട് ആളുകൾ ഇന്ത്യയിൽ നിന്ന് മറുനാട്ടിലേക്ക് ചേക്കേറുന്നു എന്ന് വളരെ വിശദമായി പ്രതിപാദിച്ചിരിക്കുന്ന പോസ്റ്റിൽ വിദേശത്തേക്ക് കുടിയേറുന്നവർ മൂന്ന് തരം ആളുകളാണെന്നും കുറിച്ചിരിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റ് വൈറലാണ്. (migration facebook post viral)

Read Also: കുടിയേറ്റ കലാപം; പലസ്തീന്‍ ജനതയ്ക്ക് മൂന്ന് ലക്ഷം ഡോളറിന്റെ സഹായവുമായി ഇസ്രായേല്‍

രഞ്ജിത്ത് ആൻ്റണിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

ഒരു കോടി നേടൂ, നാട്ടിലേയ്ക്ക് മടങ്ങൂ എന്ന സ്കീമിലാണ് ഞാൻ നാടു വിടുന്നത്. ഒരു മൂന്ന് കൊല്ലം കൊണ്ട് ഒരു കോടി രൂപ സമ്പാദിക്കുക, എന്നിട്ട് നാട്ടിൽ ചെന്ന് “സൂഖമായി” ജീവിക്കുക. 90 കളുടെ അവസാനത്തിൽ നടന്ന സംഭവമാണ്. അതു വരെ അമ്പതിനായിരം രൂപ പോലും ഒരു കെട്ടായി കണ്ടവരെ കൂടെ കണ്ടിട്ടില്ലായിരുന്നു. അതിനാൽ ഒരു കോടി അന്ന് വലിയൊരു സംഖ്യ ആയിരുന്നു.
ഈ ഒരു കോടിക്ക് നാട്ടിൽ കൊച്ചിയിൽ ഒരു വീട്, ഒരു കാറ്. ബാക്കി 50 ലക്ഷം ബാങ്ക് ഡിപ്പോസിറ്റ്. വർഷാ വർഷം 10% പലിശ എന്ന് പറയുമ്പോൾ, ഒരു അഞ്ച് ലക്ഷം രൂപ. അത് മതി ജീവിക്കാൻ. വളരെ മിനിമം ആഗ്രഹമേ ഉണ്ടായിരുന്നുള്ളു.
കുറ്റം പറയരുത്. 2000 ത്തിന്റെ ആദ്യ പകുതിയിൽ അവിധിക്ക് നാട്ടിൽ വരുമ്പോൾ കാക്കനാട് ഭാഗത്ത് ചെന്ന് സ്ഥലത്തിന് വില ചോദിക്കും. സ്മാർട്ട് സിറ്റി ഇതാ വരുന്നു, ഇൻഫോ പാർക്ക് വന്ന് കൊണ്ടിരിക്കുന്നു എന്നൊക്കെ കേട്ട് തുടങ്ങിയ സമയമാണ്. സെന്റിന് 5 ലക്ഷം തൊട്ട് 50 ലക്ഷം രൂപ വരെ അന്ന് വില പറഞ്ഞ ആൾക്കാരുണ്ട്. എന്റെ സുഖമായൊരു ജീവിതമെന്ന ലക്ഷ്യം വളരെ അകലെ ആണെന്ന് നിരാശയോടെ മനസ്സിലാക്കും. തിരിച്ച് വണ്ടി കയറും.
ഇപ്പൊ 23 കൊല്ലമായി. ഇത് വരെ തിരിച്ച് പോയിട്ടില്ല.
ഇപ്പോൾ നാട്ടിൽ നിന്ന് ആൾക്കാർ കൂട്ടമായി യൂറോപ്പിലേയ്ക്കും, കാനഡയിലേയ്ക്കും കുടിയേറുന്നത് ചർച്ച ആയി നിൽക്കുകയാണല്ലൊ. ഞാനെപ്പഴും ആലോചിക്കും, ഇവരൊക്കെ ഞാൻ 23 കൊല്ലം മുന്നെ ചിന്തിച്ചപോലുള്ള ലക്ഷ്യവുമായി ആണോ വരുന്നത് എന്ന്!. എന്റെ മിനിമം ചില ഗവേഷണങ്ങളിൽ നിന്നും എനിക്ക് മനസ്സിലായത്, ഒരാൾ പോലും തിരിച്ച് പോകാനുള്ള ഉദ്ദേശത്തോടെ അല്ല വരുന്നത്. അഞ്ച് കൊല്ലം കൊണ്ട് 50 കോടി ഉണ്ടാക്കിയാലും ആരും തിരിച്ച് പോകുന്നതിനെ കുറിച്ച് ആലോചിക്കുന്നേ ഇല്ല.
90 കളിൽ ഞാൻ നാടു വിട്ട ഒരു സാഹചര്യമല്ല ഇന്ന് കേരളത്തിൽ. കൊച്ചിയിൽ ഞാൻ ജോലി ചെയ്തിരുന്ന കമ്പനി അടക്കം 5 അക്ക ശമ്പളം കിട്ടുന്ന മൂന്ന് കമ്പനികളെ അന്ന് എർണാകുളത്ത് ഉണ്ടായിരുന്നുള്ളു. ഇന്ന് കൊച്ചി തൊട്ട് തെക്കോട്ട് ചേർത്തല വരെയും, വടക്കോട്ട് കൊരട്ടി വരെയും ഉള്ള ദൂരത്തിൽ 750 IT കമ്പനികളുണ്ട്. അതിൽ തന്നെ 60 IT കമ്പനികൾ പബ്ലിക്ക് ലിമിറ്റഡ് കമ്പനികളാണ്. കുറുക്കനും, കീരിയും, പാമ്പും, പൊന്തക്കാടും നിറഞ്ഞ കാക്കനാട് ഇന്ന് മറ്റൊരു സിറ്റിയാണ്. ജോലി സാദ്ധ്യതകളും സാമൂഹിക സാഹചര്യങ്ങളും 90 കളിൽ നിന്ന് വളരെ പുരോഗമിച്ചിട്ടുണ്ട്. എന്നിട്ടും കേരളത്തിൽ നിന്നും കുട്ടികൾ എന്തിന് പുറത്തു പോകുന്നു?
ഇതിനുത്തരം കിട്ടണമെങ്കിൽ കുടിയേറ്റം എന്ന പ്രക്രിയയെ കുറച്ചുകൂടെ ശാസ്ത്രീയമായി അപഗ്രഥിക്കണം.
കുടിയേറ്റം; അതായത്, കമ്യൂണിറ്റി മൈഗ്രേഷൻ. എന്ന് വെച്ചാൽ ഒരേ ഭാഷയും, സംസ്കാരവും പിന്തുടരുന്ന ഒരു ഗ്രൂപ് അവർ അത് വരെ ജീവിച്ചിരുന്ന സ്ഥലം വിട്ട് മറ്റൊരു സ്ഥലത്തേയ്ക്ക് പോകുന്ന പ്രക്രിയ. ഈ പ്രക്രിയയ്ക്ക് മൂന്ന് ഘട്ടം ഉണ്ട്. ആദ്യം നാടു വിടുന്ന ഗ്രൂപ്പാണ് പയനീയെഴ്സ് (Pioneers). സാഹസികരാണ് അവർ. ഒരു ചിത്രത്തിൽ പോലും തങ്ങൾ ചെന്ന് താമസിക്കണ്ട സ്ഥലം അവർ മുൻപ് കണ്ടിട്ടില്ല. പെട്ടിയും പാക് ചെയ്ത് ഇറങ്ങുകയാണ്. കടുത്ത ക്ഷാമം, പ്രകൃതി ദുരന്തങ്ങൾ, വിദ്യാഭ്യാസത്തിന് അനുയോജ്യമായ ജോലി ലഭിക്കാത്ത് ഒക്കെ കൊണ്ടാണ് ഇത്തരം മനുഷ്യർ തങ്ങളുടെ ആവാസവ്യവസ്ഥ ഉപേക്ഷിച്ച് മറ്റൊരു നാട്ടിലേയ്ക്ക് പോകാൻ തയ്യാറാകുന്നത്. അടുത്ത ഗ്രൂപ്പാണ് ഫോളോവേഴ്സ് (Followers). ആദ്യ ഗ്രൂപ്പിലെ പയനീയേഴ്സിന്റെ പ്രേരണ കൊണ്ട്, ആ എന്നാൽ ഒന്ന് പോയി നോക്കാം, പറ്റിയില്ലെങ്കിൽ തിരിച്ചു പോരാമല്ലൊ എന്ന് വിചാരിക്കുന്ന ഗ്രൂപ്പാണ് ഫോളോവേഴ്സ്. അടുത്ത ഗ്രൂപ്പാണ് സെറ്റ്ലേഴ്സ് (Settlers). ആദ്യ രണ്ട് ഗ്രൂപ് ചെന്ന് അവിടെ ഒരു സാമൂഹിക സാമ്പത്തിക ഇൻഫ്രാ സ്ട്രക്ചർ ഒക്കെ പടുത്തുയർത്തിയെന്ന് ഉറപ്പിച്ചതിനു ശേഷം മാത്രം കുടിയേറുന്ന ഗ്രൂപ്പാണ് സെറ്റ്ലേഴ്സ്.
നമുക്ക് മുന്നിൽ മലബാറിലേയ്ക്കുള്ള കുടിയേറ്റം കൃത്യമായി അടയാളപ്പെടുത്തി വെച്ചിട്ടുണ്ട്. ആദ്യം ചെന്നവർ കാട് വെട്ടിത്തെളിച്ചും, വന്യമൃഗങ്ങളുമായി മല്ലിട്ടും കൃഷി തുടങ്ങി. അവർ കവലയിൽ ഒരു ചായക്കടയും, പലചരക്ക് കടയും ഉണ്ടാക്കി. അതിനെ അവർ സിറ്റി എന്ന് വിളിച്ചു. പയനീയർ ഗ്രൂപ്പാണിവർ. അവരെ പിന്തുടർന്ന് അവരുടെ ബന്ധുക്കൾ ഫോളോ ചെയ്തെത്തി. ആദ്യമെത്തിയ പയനീയഴ്സിന്റെ സഹായത്തോടെ വെള്ളവും വെളിച്ചവുമുള്ള കൃഷിസ്ഥലം കണ്ടെത്താൻ അവർക്ക് ബുദ്ധിമുട്ടുണ്ടായില്ല. അവർ സിറ്റിയിൽ ഒരു തയ്യൽക്കടയും ഒരു ബേക്കറിയും തുടങ്ങിക്കാണും. ഇവരാണ് ഫോളോവേഴ്സ്. കാലം ചെല്ലും തോറും സിറ്റീ വളർന്നു. നാട്ടിലേയ്ക്ക് ബസ് സർവ്വീസ് തുടങ്ങി. മണ്ണിട്ട പാതകളിൽ ജീപ്പുകൾ ഓടിത്തുടങ്ങി. പയനീയർ ഗ്രൂപ്പിലും, ഫോളോവർ ഗ്രൂപ്പിലുമുള്ളവർ പഞ്ചായത്തിലേയ്ക്കൊക്കെ തിരഞ്ഞെടുക്കപ്പെട്ടു. അവർ അവിടുത്തെ പ്രമുഖരായി. പിന്നെ ഒരു സെറ്റ്ലർ ഗ്രൂപ്പും പുറകെ എത്തി. ആദ്യ ഗ്രൂപ്പുകൾ തുടങ്ങിയ സ്കൂളുകളിൽ പഠിപ്പിക്കാനായൊ, റബർ കടയിൽ ജോലിക്കായൊ ഒക്കെ വന്നവർ. അവരും കുറച്ച് സ്ഥലമൊക്കെ വാങ്ങി അവിടെ സെറ്റിലായി. സിറ്റി വളർന്നു, മുനിസിപ്പാലിറ്റിയായി.
ലോകത്ത് നടന്നിട്ടുള്ള മനുഷ്യരുടെ കുടിയേറ്റങ്ങളിൽ ഈ മൂന്ന് ഗ്രൂപ്പിന്റെ വരവും കാലഘട്ടവും വ്യക്തമായി അടയാളപ്പെടുത്തിയിരിക്കുന്നത് കാണാം.
യൂറോപ്പിലേയ്ക്കും, നോർത്ത് അമേരിക്കയിലേയ്ക്കും ഇൻഡ്യയിൽ നിന്ന് ഏറ്റവുമധികം കുടിയേറുന്ന എത്നിക് ഗ്രൂപ് ഗുജറാത്തികളാണ്. 2007 ൽ 1000 വീടുകളിൽ നിന്ന് 3 പേരാണ് കുടിയേറിയിരുന്നതെങ്കിൽ 2012 ആയപ്പോൾ അത് 8 പേരായി. 2016 ആയപ്പോൾ 27 ഉം, 2021 ആയപ്പോൾ 62 ഉം ആയി. രണ്ടാമത്തെ എത്നിക് ഗ്രൂപ് ആന്ധ്രക്കാരാണ്. അവരുടെയും മൈഗ്രേഷന്റെയും കണക്കെടുത്താൽ ഏകദേശം ഇതേ തോത് തന്നെ വരും. കേരളത്തിൽ ഇത് ഇന്ന് 1000 ത്തിൽ 3 എന്ന നിലയിലാണ് ഇപ്പോഴും. (ഈ കണക്കുകളിൽ പിഴവുണ്ടാകും, ഇൻഡ്യൻ പൌരത്വം ഉപേക്ഷിക്കുന്നവരുടെ കണക്കേ ഗവണ്മെന്റ് സൈറ്റുകളിൽ നിന്ന് ലഭ്യമായുള്ളു. NSS, ഇതര NGO കളുടെ ഒക്കെ സർവ്വേ മാത്രമേ എനിക്ക് കണ്ടെത്താൻ സാധിച്ചുള്ളു)
ഗുജറാത്തിൽ നിന്ന് പുറമേയ്ക്കുള്ള മൈഗ്രേഷൻ 1850 കളിൽ തന്നെ തുടങ്ങിയിരുന്നു. പയനീയഴസും, ഫോളോവേഴ്സും ചേർന്ന് സെറ്റ്ലേഴ്സിന് അനുകൂലമായ ഒരു രാഷ്ട്രീയ സാംസ്കാരിക സാമ്പത്തിക ഇൻഫ്രാസ്ട്രക്ചർ 1980 കളിൽ തന്നെ നോർത്ത് അമേരിക്കയിലെങ്കിലും സൃഷ്ടിച്ചു കഴിഞ്ഞിരുന്നു. ഇപ്പോൾ പോകുന്ന സെറ്റ്ലെഴ്സിന് താൻ ഇൻഡ്യയിൽ ജീവിച്ച് പരിചയിച്ച അതേ സാംസ്കാരിക പരിസരത്തിലേയ്ക്കാണ് അമേരിക്കയിലും, കാനഡയിലും വിമാനമിറങ്ങുന്നത്. വീട്, ഭക്ഷണം, കാറ് ഒക്കെ സംഘടിപ്പിക്കാനുള്ള പോംവഴികളും സാദ്ധ്യതകളും മുൻപ് പോയ പയനീയേഴ്സും, ഫോളോവേഴ്സും ഉണ്ടാക്കി വെച്ചിട്ടുണ്ട്. അത്രയ്ക്ക് എളുപ്പമായതിനാൽ പുതിയ സെറ്റ്ലേഴ്സിന് കുടിയേറണോ, വേണ്ടയൊ എന്ന് ആലോചിച്ച് തലപുണ്ണാക്കണ്ട.
ഇൻഡ്യയിൽ സമ്പത്തിന്റെ ഒരു ഗോൾഡൻ സ്റ്റാൻഡേർഡ് ആണല്ലൊ ഗുജറാത്ത്. അവിടെ നിന്നും എല്ലാ അഞ്ച് വർഷം കൂടുമ്പഴും കുടിയേറ്റം മൂന്നിരട്ടി വർദ്ധിക്കുന്നതായി കാണാം. കുടിയേറ്റത്തിന്റെ ഒരു പ്രത്യേകതയാണത്. കുടിയേറ്റം സെറ്റ്ലേഴ്സിനെ സ്വീകരിക്കാൻ പരുവമാകുമ്പോൾ, സ്ഥലം വിടാനുള്ള കാരണങ്ങൾ വളരെ ബാലിശമായി മാറിക്കൊണ്ടിരിക്കും. കൂടുതൽ ആളുകൾക്ക് കുടിയേറാനുള്ള ആഗ്രഹവും, അതിനുള്ള സാദ്ധ്യതകളും തുറന്ന് വരും. അവർ പോകും. അത്ര തന്നെ.
കേരളത്തിൽ സംഭവിക്കുന്നതും ഇത് തന്നെയാണ്. മലയാളികളുടെ ഒരു പോപ്പുലേഷൻ ഇവിടങ്ങളിൽ ചുവടുറപ്പിച്ചിട്ടുണ്ട്. പുതുതായി വരുന്ന സെറ്റ്ലേഴ്സിന് ഉതകുന്ന ഒരു സാംസ്കാരിക പശ്ചാത്തലവും അവർ ഒരുക്കിയിട്ടുണ്ട്. അത് മുതലെടുക്കാൻ ഇന്നത്തെ ചെറുപ്പക്കാർക്ക് ഒരു മടിയുമില്ല. അതിനാൽ അവർ പോകുന്നു. കുടിയേറ്റം എന്ന പ്രക്രിയയുടെ ഒരു സ്വാഭാവിക പരിണാമസന്ധി മാത്രമാണ് ഈ കുത്തൊഴുക്ക്.

Story Highlights: migration facebook post viral

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here