വനിതാ പ്രീമിയർ ലീഗിലെ ആദ്യ ത്രില്ലർ; ഗ്രേസ് ഹാരിസിൻ്റെ വെടിക്കെട്ടിൽ യുപി വാരിയേഴ്സിന് ത്രസിപ്പിക്കുന്ന ജയം

വനിതാ പ്രീമിയർ ലീഗ് സീസണിലെ ആദ്യ ത്രില്ലർ പോരിൽ ഗുജറാത്ത് ജയൻ്റ്സിനെതിരെ യുപി വാരിയേഴ്സിന് ത്രസിപ്പിക്കുന്ന ജയം. അവസാന ഓവർ വരെ നീണ്ട പോരാട്ടത്തിൽ 3 വിക്കറ്റിനാണ് യുപിയുടെ ജയം. ഗുജറാത്ത് മുന്നോട്ടുവച്ച 170 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ യുപി 7 വിക്കറ്റ് നഷ്ടപ്പെടുത്തി ഒരു പന്ത് ബാക്കിനിൽക്കെ വിജയിച്ചു. ആറാം നമ്പറിലെത്തി വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്ത ഗ്രേസ് ഹാരിസാണ് യുപിയുടെ വിജയശില്പി. 26 പന്തുകളിൽ 59 റൺസെടുത്ത ഹാരിസ് പുറത്താവാതെ നിന്നു. കിരൺ നവ്ഗിരെ (43 പന്തിൽ 53), സോഫി എക്ലസ്റ്റൺ (12 പന്തിൽ 22 നോട്ടൗട്ട്) എന്നിവരും യുപിക്കായി തിളങ്ങി. (up warriorz won gujarat)
ഹർലീൻ ഡിയോളിൻ്റെ (32 പന്തിൽ 46) ഇന്നിംഗ്സാണ് ഗുജറാത്തിനെ മികച്ച സ്കോറിലെത്തിച്ചത്. ആഷ്ലി ഗാർഡ്നർ (19 പന്തിൽ 25)സബ്ബിനേനി മേഘന (15 പന്തിൽ 24), ഡയലൻ ഹേമലത (13 പന്തിൽ 21 നോട്ടൗട്ട്) എന്നിവരും ഗുജറാത്തിനായി തിളങ്ങി. യുപിക്കായി ദീപ്തി ശർമ, സോഫി എക്ലസ്റ്റൺ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
Read Also: ടാര നോറിസിന് 5 വിക്കറ്റ്; ഡൽഹിക്ക് വമ്പൻ ജയം
മറുപടി ബാറ്റിംഗിൽ കിം ഗാർത്ത് ഗുജറാത്തിനായി തകർത്തെറിഞ്ഞപ്പോൾ അലിസ ഹീലി, ശ്വേത സെഹരാവത്, തഹിലിയ മഗ്രാത്ത് എന്നിവർ വേഗം മടങ്ങി. നാലാം വിക്കറ്റിൽ ദീപ്തി ശർമയും കിരൺ നവ്ഗിരെയും ചേർന്ന് 66 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി യുപിയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. 40 പന്തുകളിൽ നവ്ഗിരെ ഫിഫ്റ്റി തികച്ചു. പിന്നാലെ ദീപ്തിയും (11) നവ്ഗിരെയും മടങ്ങിയതോടെ യുപി വീണ്ടും ബാക്ക്ഫൂട്ടിലായി. സിമ്രാൻ ശൈഖ്, ദേവിക വൈദ്യ എന്നിവർ കൂടി മടങ്ങിയതോടെ ഗുജറാത്ത് ജയം മണത്തു. ഇതിനിടെ കിം ഗാർത്ത് അഞ്ച് വിക്കറ്റ് തികച്ചു. 7 വിക്കറ്റ് നഷ്ടത്തിൽ 105 റൺസെന്ന നിലയിൽ പതറിയ യുപിയെ 8ആം വിക്കറ്റിലെ അവിശ്വസനീയ കൂട്ടുകെട്ടിൽ ഗ്രേസ് ഹാരിസും സോഫി എക്ലസ്റ്റണും ചേർന്ന് വിജയിപ്പിക്കുകയായിരുന്നു. ആക്രമിച്ചുകളിച്ച ഗ്രേസ് ഹാരിസിന് എക്ലസ്റ്റൺ ഉറച്ച പിന്തുണ നൽകി. 25 പന്തുകളിൽ ഫിഫ്റ്റി തികച്ച ഹാരിസ് സിക്സർ അടിച്ചാണ് വിജയറൺ കുറിച്ചത്. എക്ലസ്റ്റണും ഹാരിസും ചേർന്ന് എട്ടാം വിക്കറ്റിൽ അപരാജിതമായ 70 റൺസാണ് അടിച്ചുകൂട്ടിയത്.
Story Highlights: up warriorz won gujarat giants wpl
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here