Advertisement

വനിതാ പ്രീമിയർ ലീഗിൽ തിളങ്ങി മൂന്നു കേരള താരങ്ങൾ; ഊഴം കാത്ത് അതിലേറെപ്പേർ

March 18, 2024
Google News 2 minutes Read
wpl malayali players kerala team

വനിതാ പ്രീമിയർ ലീഗ് ക്രിക്കറ്റിൻ്റെ രണ്ടാം പതിപ്പിൽ ബാംഗളൂർ റോയൽ ചാലഞ്ചേഴ്സിൻ്റെ കിരീട നേട്ടത്തിൽ പങ്കാളിയായി ആശ ശോഭന. ഫൈനലിൽ പരാജയപ്പെട്ട ഡൽഹി ക്യാപ്പിറ്റൽസ് ടീമിൽ സാന്നിധ്യമറിയിച്ച് മിന്നു മണി. നോക്കൗട്ട് റൗണ്ടിൽ എത്തിയ മുംബൈ ഇന്ത്യൻസ് ടീമിൽ സജന സജീവൻ അംഗമായിരുന്നു. ലീഗിലെ മികച്ച ക്യാച്ചിനുള്ള പുരസ്കാരവും സജന സ്വന്തമാക്കി. യു.പി. വാരിയേഴ്സിൻ്റെ സോഫി എക്ലസ്റ്റനെ പുറത്താക്കാൻ എടുത്ത ക്യാച്ചാണ് സജനയ്ക്ക് പുരസ്കാരം നേടിക്കൊടുത്തത്. (wpl malayali players kerala)

ഓൾറൗണ്ടർ സജന ബാറ്റിങ് മികവുകൊണ്ടും ശ്രദ്ധിക്കപ്പെട്ടു. എട്ടാം നമ്പറിൽ നിന്ന് ഓപ്പണർ ആയി മാറിയ മികവായിരുന്നു അത്. അവസാന പന്തിൽ സിക്സർ അടിച്ച ആത്മവിശ്വാസവും ആ ബാറ്റിങ്ങിൽ കണ്ടു. ആദ്യ മത്സരത്തിൽ ഡൽഹിക്കെതിരെ വിജയിക്കാൻ അവസാന പന്തിൽ അഞ്ചു റൺസ് വേണ്ടിയിരിക്കെ സിക്സർ അടിച്ച് സജന മുംബൈക്ക് ലക്ഷ്യം നേടിക്കൊടുത്തത് ശ്രദ്ധേയം.

1986 ൽ ഷാർജയിൽ ഓസ്ട്രലേഷ്യ കപ്പ് ഫൈനലിൽ ഇന്ത്യക്കെതിരെ അവസാന പന്തിൽ ചേതൻ ശർമയ്‌ക്കെതിരെ സിക്സർ അടിച്ച് ജാവേദ് മിയാൻദാദ് പാക്കിസ്ഥാന് വിജയം ഒരുക്കിയപ്പോൾ സജന സജീവൻ ജനിച്ചിട്ടില്ലായിരുന്നു. ആ സംഭവം ഓർത്തെടുക്കാൻ സജനയുടെ കൂറ്റൻ ഷോട്ട് സഹായിച്ചു എന്നു കൂടി പറയട്ടെ.

തിരുവനന്തപുരം പേരൂർക്കട സ്വദേശി ആശ ശോഭന ഫൈനലിൽ നേടിയ രണ്ടു വിക്കറ്റ് ഉൾപ്പെടെ 12 വിക്കറ്റ് നേടി. പ്ളേ ഓഫിൽ അവസാന ഓവർ എറിയാൻ ലെഗ് സ്പിന്നർ ആശയെയാണ് റോയൽ ചലഞ്ചേഴ്സ് നായിക സ്മൃതി മന്ദന നിയോഗിച്ചത്. മുംബൈ ടീമിന് ജയിക്കാൻ 12 റൺസ് വേണ്ടിയിരിക്കെ ആറു റൺസ് മാത്രം വിട്ടു കൊടുത്ത് ഒരു വിക്കറ്റും വീഴ്ത്തി ആശ ടീമിനെ ഫൈനലിൽ എത്തിച്ചു. ലീഗ് റൗണ്ടിൽ ആദ്യ മത്സരത്തിൽ യു.പി ടീമിനെതിരെ 22 റൺസിന് അഞ്ചു വിക്കറ്റ് നേട്ടവുമായി തിളക്കമാർന്ന തുടക്കമാണ് ആശ കാഴ്ചവച്ചത്. മുൻപ് അണ്ടർ 19 ഇന്ത്യൻ ക്യാംപിൽ എത്തിയ ആശയുടെ സീനിയർ തലത്തിലെ തുടക്കം മാത്രമാണിത്.

തുടർച്ചയായ രണ്ടാം വർഷം ഫൈനലിൽ എത്തിയ ഡൽഹി ടീമിൽ രണ്ടു തവണയും അംഗമായ മിന്നു മണിയുടെ ഓഫ് സ്പിൻ മികവ് ഇത്തവണ ശ്രദ്ധിക്കപ്പെട്ടു. ഫൈനലിൽ സ്മൃതിയെ പുറത്താക്കിയത് മിന്നുവാണ്. ഗ്രൂപ്പ് തലത്തിലെ അവസാന മത്സരത്തിൽ ഗുജറാത്ത് ടീമിനെതിരെ ഒൻപത് റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. ഇന്ത്യയുടെ ട്വൻ്റി 20 ടീമിൽ അംഗമായ മിന്നു ഹാങ്ചോ ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ഇന്ത്യൻ ടീമിലും കളിച്ചിരുന്നു. സജനയും മിന്നുവും മാനന്തവാടി സ്വദേശികളാണ്. ശ്രീകുമാറിൻ്റെയും ബിജു ജോർജിൻ്റെയും ശിക്ഷണത്തിലാണ് ആശ വളർന്നത്. മിന്നുവിൻ്റെയും സജനയുടെയും വളർച്ചയിൽ പരിശീലകൻ കൂടിയായ നിഥിൻ നാങ്ങോത്തിന് വലിയ പങ്കുണ്ട്. വനിതാ പ്രീമിയർ ലീഗിൽ നിഥിൻ ഇരുവരുടെയും മെൻ്റർ ആയിരുന്നു.

1970 കളിൽ ഇന്ത്യക്കായി ടെസ്റ്റ് ക്രിക്കറ്റ് കളിച്ച തമിഴ്നാട് താരങ്ങളായ സുധാ ഷായുടെ അമ്മയുടെ കണ്ണൂർ ബന്ധവും സൂസൻ ഇട്ടിച്ചെറിയയുടെ നിരണത്തെ തറവാടും ചികഞ്ഞെടുത്ത് ആശ്വാസം കൊണ്ട മലയാളികൾ മിന്നുവും സജനയും ആശയും ഇന്ത്യൻ ടെസ്റ്റ് ക്യാപ് അണിയുമോ എന്നു ചോദിച്ചു തുടങ്ങുന്നു. ഇവർക്ക് കൂടുതൽ നേട്ടങ്ങൾ ആശംസിക്കുമ്പോൾ അര ഡസനിലേറെ താരങ്ങൾ പ്രതീക്ഷ ഉയർത്തുന്നു എന്നത് ഓർക്കണം.

തലശേരിക്കാരി അക്ഷയ സദാനന്ദൻ പരുക്കിൻ്റെ പിടിയിൽ പെട്ടില്ലായിരുന്നെങ്കിൽ ഡബ്ല്യുപിഎൽ ടീമിൽ നേരത്തെയെത്തേണ്ടതായിരുന്നു. 2018-19ൽ അണ്ടർ 23 ചാലഞ്ചർ ട്രോഫിയിൽ ഇന്ത്യൻ ഗ്രീൻസിനു കളിച്ച അക്ഷയ പോയ വർഷം ട്വൻ്റി 20 ദക്ഷിണ മേഖലാ സീനിയർ ടീമിൽ അംഗമായിരുന്നു. കാൽമുട്ടിൻ്റെ ശസ്ത്രക്രിയയ്ക്കു ശേഷം അക്ഷയ തിരിച്ചുവരവിൻ്റെ പാതയിലാണ്.

മലപ്പുറത്തു നിന്നുള്ള സി.എം.സി. നജ്ല കഴിഞ്ഞ വർഷം ദക്ഷിണാഫ്രിക്കയിൽ അണ്ടർ 19 ലോക കപ്പിൽ ഇന്ത്യൻ ടീമിൽ സ്റ്റാൻഡ് ബൈ ആയിരുന്നു. ഇതോടൊപ്പം നടന്ന മൂന്നു മത്സരങ്ങളുടെ പരമ്പരയിൽ രണ്ടു മത്സരങ്ങൾ കളിച്ചു. അരങ്ങേറ്റത്തിൽ നാല് ഓവറിൽ മൂന്നു വിക്കറ്റ് നേടാൻ ഈ ഓഫ് സ്പിന്നർക്കു സാധിച്ചു. ഇത്തവണ റോയൽ ചലഞ്ചേഴ്സിൻ്റെ നെറ്റ് ബൗളർ ആയിരുന്നു.

വയനാടിൻ്റെ വി.ജെ. ജോഷിത ഇക്കുറി ഡൽഹി ക്യാപിറ്റൽസിൻ്റെ നെറ്റ് ബൗളർ ആയിരുന്നു. തിരുവല്ല സ്വദേശി സൂര്യ സുകുമാർ ഗുജറാത്ത് ജയൻ്റ്സിൻ്റെ ട്രയൽസിൽ പങ്കെടുത്തിരുന്നു. പേസ് ബൗളറാണ്. വിക്കറ്റ് കീപ്പർ ബാറ്റർ എം.പി. വൈഷ്ണ (കോഴിക്കോട്), സ്പിന്നർ ആയ സി.കെ.നന്ദന (കണ്ണൂർ), ദർശന മോഹൻ (വയനാട്), കീർത്തി ജെയിംസ് (തിരുവനന്തപുരം), മാനസി പോറ്റി (എറണാകുളം), ദിയ ഗിരീഷ്, എസ്.ആർ. ഉർവശി (തിരുവനന്തപുരം), ദൃശ്യ (വയനാട്) തുടങ്ങിയവരും നാളെയുടെ വാഗ്ദാനങ്ങളാണ്. കീർത്തി ജെയിംസ് 2008ൽ ടി 20 ചാലഞ്ചർ ട്രോഫിയിൽ ഇന്ത്യ എ ടീമിൽ കളിച്ചു.

ഇപ്പോൾ ദക്ഷിണ മേഖലാ സീനിയർ (മൾട്ടി ഡേ) ക്രിക്കറ്റ് ടീമിൻ്റെ നായികയായി മിന്നു മണിയും ടീം അംഗങ്ങളായി സജനയും, കേരളത്തിനു കളിക്കുന്ന അരുന്ധതി റെഡ്ഡിയും തിരഞ്ഞെടുക്കപ്പെട്ടു. അണ്ടർ 19 സോണൽ ക്രിക്കറ്റ് അക്കാദമിയിലേക്ക് ജോഷിതയ്ക്കും നിവേദ്യ മോൾക്കും സെലക്ഷൻ ലഭിച്ചു. വനിതാ ക്രിക്കറ്റിൽ കേരളം ഒരു കുതിപ്പിന് ഒരുങ്ങുന്നു.

Story Highlights: wpl malayali players kerala team

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here