മുൻ കാമുകൻ ക്രൂരമായി മർദിച്ചു, ഫോൺ എറിഞ്ഞുടച്ചു, വാട്സാപ്പ് നിരീക്ഷിച്ചു; വെളിപ്പെടുത്തലുമായി നടി അനിഖ
മുൻ കാമുകൻ്റെ ക്രൂരമായ മർദനത്തിന് ഇരയായി തമിഴ് നടി അനിക വിജയ് വിക്രമൻ. നടി തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ മുൻ കാമുകൻ ക്രൂരമായി മർദ്ദിച്ചെന്ന ആരോപണവുമായി രംഗത്തുവന്നത്. മർദ്ദനത്തിൽ പരുക്കേറ്റതിന്റെയും കരുവാളിച്ചതിന്റെയും ചിത്രങ്ങൾ സഹിതം സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്താണ് നടി ഗുരുതരമായ ആരോപണം ഉന്നയിച്ചത്. നടി പങ്കുവച്ച ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇയാളുടെ ക്രൂരതകൾ കാരണം നഷ്ടമായെന്നു കരുതിയ ജീവിതം വീണ്ടെടുത്തെന്നും അഭിനയ ജീവിതത്തിലേക്ക് തിരിച്ചെത്തിയെന്നും നടി വ്യക്തമാക്കി.
അതിക്രൂരമായുള്ള മാനസികവും ശാരീരകവുമായ പീഡനമാണ് തനിക്ക് സംഭവിച്ചതെന്ന് അനിഖ പറയുന്നു.
അനിഖ പോസ്റ്റ് ചെയ്ത ചിത്രങ്ങളിൽ മുഖത്ത് മാരകമായ പരിക്കേറ്റതായി കാണാം. കണ്ണിനു ചുറ്റും ശക്തമായ ഇടിയേറ്റ് ചതഞ്ഞ് രക്തം കട്ട പിടിച്ചു കിടക്കുന്നു. മുഖത്തും നെഞ്ചിലും പരിക്കേറ്റ് ചതഞ്ഞ പാടുകളുണ്ട്. കൈയിലും പരിക്ക് പറ്റിയതായി കാണാം. ഇതു സംബന്ധിച്ച് പോലീസിൽ പരാതി നൽകിയെന്നും മുൻ കാമുകൻ ഒളിവിൽ കഴിഞ്ഞുകൊണ്ട് തന്നെയും തൻ്റെ കുടുംബത്തെയും നിരന്തരം ഭീഷണിപ്പെടുത്തുകയാണെന്നും അനിഖ പറയുന്നു. മനുഷ്യത്വത്തേക്കാൾ പണമാണ് വലുതെന്നു തന്നെ ചിലര് പഠിപ്പിച്ചെന്നും നടി കൂട്ടിച്ചേർക്കുന്നു.
അനിഖയുടെ കുറിപ്പ്
ഞാനും അനൂപ് പിള്ള എന്ന വ്യക്തിയുമായി ഏറെ നാളായി പ്രണയത്തിലായിരുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി അയാൾ എന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചു വരികയാണ്. അയാളെ പോലെ മറ്റൊരു മനുഷ്യനെ ഞാൻ കണ്ടിട്ടില്ല. എന്നെ ഇത്രയൊക്കെ ഉപദ്രവിച്ചിട്ടും ഇപ്പോഴും ഭീഷണിപ്പെടുത്തുകയാണ്. എന്നോട് അയാൾ ഇങ്ങനെ ചെയ്യുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും ചിന്തിച്ചിരുന്നില്ല. എന്നെ രണ്ടാം തവണയും മർദിച്ചപ്പോൾ ഞാൻ ബംഗളൂരു പൊലീസിൽ പരാതി നൽകി. ചെന്നൈയിൽ വെച്ചാണ് ആദ്യമായി എന്നെ അടിച്ചത്. അതിനു ശേഷം അവൻ എൻ്റെ കാലിൽ വീണ് കരഞ്ഞു. അന്നു ഞാൻ അയാളെ വിശ്വസിച്ചത് മണ്ടത്തരമായിരുന്നു. രണ്ടാം തവണയും ക്രൂരമായി പീഡിപ്പിക്കപ്പെട്ടു. ഈ സംഭവത്തിൽ ഞാൻ പരാതിയുമായി പൊലീസിനെ സമീപിച്ചാൽ ഒഴിവാക്കി വിടാൻ പോലീസ് എന്നോട് ആവശ്യപ്പെടുമെന്നുള്ള ആത്മവിശ്വാസത്തോടെയാണ് അയാൾ എന്നെ ആക്രമിച്ചത്. അതിനു കാരണം അയാൾ പൊലീസിനും പണം നൽകിയിട്ടുണ്ടെന്നതായിരുന്നു.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഞാൻ പലതവണ വഞ്ചിക്കപ്പെടുകയായിരുന്നു. അതു മനസിലാക്കിയതിനാലാണ് അയാളെ ഉപേക്ഷിക്കാൻ ഞാൻ തീരുമാനിച്ചത്. പക്ഷേ എന്നെ വിട്ടുപോകാൻ അയാൾ തയാറായിരുന്നില്ല. മുമ്പ് ഞങ്ങൾ സുഹൃത്തുക്കളായിരുന്നു എന്നതിൽ സംശയമില്ല. പക്ഷേ, പിന്നീട് അയാൾ എൻ്റെ ഫോൺ നശിപ്പിച്ചതിനാൽ ഷൂട്ടിംഗിന് പോലും എനിക്ക് പോകാൻ കഴിയാത്ത സാഹചര്യമായിരുന്നു. ഫോൺ നശിപ്പിക്കുന്നതിന് മുമ്പ് എൻ്റെ വാട്സ് ആപ് ലാപ്‌ടോപ്പുമായി ബന്ധിപ്പിച്ചു. പിന്നീട് എൻ്റെ എല്ലാ വാട്ട്‌സ്ആപ്പ് സന്ദേശങ്ങളും ഞാൻ അറിയാതെ അവൻ നിരീക്ഷിക്കുകയായിരുന്നു.
ഹൈദരാബാദിലേക്ക് പോകുന്നതിന് രണ്ട് ദിവസം മുമ്പാണ് വീണ്ടും ആക്രമണമുണ്ടായത്. അയാൾ എൻ്റെ ഫോൺ ലോക്ക് ചെയ്യുകയും എൻ്റെ മുഖത്ത് ഇടിക്കുകയും ചെയ്തു. അതെന്നെ ശരിക്കും ഞെട്ടിച്ചു. ഫോൺ തരാൻ ഞാൻ അയാളോട് അപേക്ഷിച്ചു. പക്ഷേ, എന്നെ കീഴ്പ്പെടുത്തി എൻ്റെ നാലിരട്ടിയോളം വലുപ്പം വരുന്ന അയാൾ എൻ്റെ ശരീരത്തിനു മുകളിൽ കയറിയിരിക്കുകയായിരുന്നു. ശബ്ദം പുറത്തുവരാതിരിക്കാൻ എൻ്റെ വായ പൊത്തി. ഞാൻ പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും എനിക്ക് ബോധം നഷ്ടപ്പെട്ടു. അത് എൻ്റെ അവസാന രാത്രിയാണെന്നാണ് അപ്പോൾ ഞാൻ കരുതിയത്. ബോധം തെളിഞ്ഞയുടൻ എഴുന്നേറ്റ് അവിടെ നിന്നും രക്ഷപ്പെടാൻ ഞാൻ ശ്രമിച്ചു. പക്ഷേ, പ്രയോജനവുമില്ല. ഒരുവിധത്തിൽ അയാളിൽ നിന്നും രക്ഷപ്പെട്ട് രാവിലെവരെ കുളിമുറിയിൽ കിടന്നു.
‘ഈ മുഖം വെച്ച് നീ എങ്ങനെ അഭിനയിക്കുമെന്ന് ഞാൻ കാണട്ടെ’ എന്ന് അയാൾ പറഞ്ഞത് ഞാൻ നന്നായി ഓർക്കുന്നുണ്ട്. കണ്ണാടിയിൽ എൻ്റെ രൂപം കണ്ട് ഞാൻ മുഖം പൊത്തി കരഞ്ഞപ്പോൾ അയാൾ ഉറക്കെ ചിരിക്കുന്നുണ്ടായിരുന്നു. എന്നെ ഉപദവ്രിച്ച ശേഷം അയാൾ സുഹൃത്തുക്കളോടൊപ്പം പാർട്ടിക്ക് പോയി. ഞാൻ വല്ലാത്ത ഞെട്ടലിലായിരുന്നു അപ്പോഴൊക്കെ. നടന്ന സംഭവങ്ങൾ എൻ്റെ വീട്ടുകാരെയും പോലീസിനെയും അറിയിക്കാൻ പോലും എനിക്ക് സമയമെടുത്തു. ശാരീരികമായും മാനസികമായും ആ ആഘാതത്തിൽ നിന്നും കരകയറാൻ ഇപ്പോഴും ശ്രമിക്കുകയാണ്. പക്ഷെ എനിക്കിത് വെറുതെ വിടാൻ കഴിയില്ല. പക്ഷേ, എന്ത് ചെയ്യണമെന്ന് എനിക്കും എൻ്റെ കുടുംബത്തിനും അറിയില്ല.
ഈ ലോകം വളരെ അന്ധകാരമാണെന്ന് ഹൃദയഭാരത്തോടെ ഞാൻ ഇപ്പോൾ തിരിച്ചറിയുന്നുണ്ട്. മനുഷ്യത്വത്തേക്കാൾ വലുതാണ് പണമെന്ന് സുഹൃത്തുക്കളെന്ന് സ്വയം വിളിച്ചിരുന്ന ചിലർ എനിക്കു മനസിലാക്കിത്തന്നു. നടന്ന സംഭവങ്ങളെക്കുറിച്ച് ഞാൻ പൊലീസിൽ റിപ്പോർട്ട് ചെയ്തതോടെ അയാൾ ഇപ്പോൾ ഒളിവിലാണ്. അമേരിക്കയിലിരുന്നുകൊണ്ട് നിരന്തരമായി എന്നെ ഫോണിൽ ഭീഷണിപ്പെടുത്തുകയാണ്. അയാളുടെ ഭീഷണികളൊക്കെ ഞാൻ ഇപ്പോൾ റെക്കോർഡ് ചെയ്യുന്നുണ്ട്. ശരീരത്തിനേറ്റ പീഡനത്തിൽ നിന്നും ഞാൻ ഇപ്പോൾ സുഖം പ്രാപിച്ചുവരുന്നു. വീണ്ടും ഷൂട്ടിംഗിലേക്ക് മടങ്ങുകയാണ്.- നടി അനിഖ വിജയ് വിക്രമൻ കുറിച്ചു.
Story Highlights: Actress Anicka Vijay Vikraman Says Her Ex Boyfriend Beat Her
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here