Advertisement

വൈറ്റില കുണ്ടന്നൂർ ദേശീയ പാതയിൽ കാഴ്ച മറച്ച് പുക

March 7, 2023
2 minutes Read
kochi national highway covered in smoke

കൊച്ചിയിൽ കഴിഞ്ഞ ദിവസത്തേക്കാൾ പുക രൂക്ഷം. വൈറ്റില കുണ്ടന്നൂർ ദേശീയ പാതയിൽ പുക കാഴ്ച മറച്ചിരിക്കുകയാണ്. കുണ്ടന്നൂർ, തൃപ്പൂണിത്തുറ, ഇരുമ്പനം, വൈറ്റില മേഖലകളിലുമ പുക രൂക്ഷമാണ്. ( kochi national highway covered in smoke )

പുകയെ തുടർന്ന് സമീപ പ്രദേശങ്ങളിലെ സ്‌കൂളുകൾക്ക് ഇന്നും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. 1 മുതൽ 7 വരെ ക്ലാസുകൾക്കാണ് എറണാകുളം കളക്ടർ ഇന്നും അവധി പ്രഖ്യാപിച്ചത്. വടവുകോട് പുത്തൻകുരിശ്, കിഴക്കമ്പലം, കുന്നത്തുനാട് പഞ്ചായത്തുകളിലെ സ്‌കൂളുകൾക്കാണ് അവധി നൽകിയത്. ഇതിന് പുറമേ തൃക്കാക്കര മുനിസിപ്പാലിറ്റി, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി, മരട് മുനിസിപ്പാലിറ്റി, കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ എന്നീ തദ്ദേശ സ്ഥാപനങ്ങളിലെ അങ്കണവാടികൾ, കിന്റർഗാർട്ടൺ, ഡേ കെയർ സെന്ററുകൾ എന്നിവയ്ക്കും സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകളിലെ ഒന്നു മുതൽ ഏഴു വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്കും അവധിയായിരിക്കുമെന്ന് കളക്ടർ അറിയിച്ചു.

Read Also: ബ്രഹ്‌മപുരം തീപിടിത്തം; സ്‌കൂളുകൾക്ക് ഇന്നും അവധി

ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തിന്റെ പുകശല്യം ശാശ്വതമായി പരിഹരിക്കാൻ സ്വീകരിച്ച നടപടികൾ അറിയിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുകയാണ്. നടപടികൾ രണ്ടാഴ്ചക്കകം അറിയിക്കണമെന്നാണ് നിർദേശം. ചീഫ് സെക്രട്ടറി, എറണാകുളം ജില്ലാ കളക്ടർ, മലിനീകരണ നിയന്ത്രണ ബോർഡ് എൻവയൺമെന്റൽ എഞ്ചിനിയർ, കൊച്ചി നഗരസഭാ സെക്രട്ടറി എന്നിവർക്കാണ് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് നോട്ടീസയച്ചത്.

അതേസമയം, ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തത്തിൽ സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി സ്വമേധയാ കേസെടുത്തത്. ജസ്റ്റിസുമാരായ വിനോദ് ചന്ദ്രൻ , സി ജയചന്ദ്രൻ എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ചാണ് കേസ് പരിഗണിക്കുക. തീപിടിത്തത്തിന് ശേഷം കൊച്ചിയിൽ വിഷപ്പുക നിറഞ്ഞ സാഹചര്യത്തിൽ അടിയന്തര ഇടപെടൽ വേണമെന്നായിരുന്നു ആവശ്യം.

കഴിഞ്ഞ ഒന്നാം തീയതിയായിരുന്നു ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിൽ വൻ തീപിടുത്തമുണ്ടായത്. മാലിന്യ പ്ലാന്റിലെ തീ അണയ്ക്കാൻ പൂർണ്ണമായും സാധിച്ചിട്ടില്ല. തീയണക്കാൻ ഫയർഫോഴ്‌സ് തീവ്രശ്രമത്തിലാണെന്ന് ഫയർഫോഴ്‌സ് മേധാവി ബി. സന്ധ്യ ട്വന്റിഫോറിനോട് പറഞ്ഞു. പൂർണ്ണമായും തീയണക്കാൻ എത്ര സമയം വേണ്ടിവരും എന്ന് പറയാൻ കഴിയില്ല. കെമിക്കൽ പൗഡർ ഉപയോഗിച്ച് തീ കെടുത്താൻ സാധിക്കില്ലെന്നും ബി സന്ധ്യ പറഞ്ഞു. നേരത്തെ, തീയണയ്ക്കാൻ കോർപറേഷൻ ഹിറ്റാച്ചികൾ എത്തിക്കുന്നില്ലെന്ന പരാതിയുമായി ഫയർഫോഴ്‌സ് രംഗത്തെത്തിയിരുന്നു. ഇതുവരെ നാലോ അഞ്ചോ ഹിറ്റാച്ചി മാത്രമാണ് ലഭിച്ചത്. നിലവിലെ സാഹചര്യത്തിൽ തീ കെടുത്തിയാലും വീണ്ടും കത്തുമെന്നും ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ പറഞ്ഞു.

Story Highlights: kochi national highway covered in smoke

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top