എനിക്കെതിരെ ആക്രമണമുണ്ടായാൽ ഉത്തരവാദികൾ ഇവർ; ഫേസ്ബുക്ക് പോസ്റ്റുമായി ഷുക്കൂർ വക്കീൽ

തനിക്കെതിരെ കായികമായ ആക്രമണമുണ്ടായാൽ ഉത്തരവാദികൾ കൗൺസിൽ ഫോർ ഫത്‌വ ആൻഡ് റിസർച്ച് ആയിരിക്കുമെന്ന് അഭിഭാഷകനും സിനിമാ താരവുമായ ഷുക്കൂർ വക്കീൽ. ഭാര്യയെ സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം രണ്ടാമതും വിവാഹം ചെയ്യാൻ തീരുമാനിച്ച ഷുക്കൂർ വക്കീലിനെതിരെ കൗൺസിൽ ഫോർ ഫത്‌വ ആൻഡ് റിസർച്ച് പുറത്തിറക്കിയ പ്രസ്താവന പങ്കുവച്ചുകൊണ്ട് തൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. (shukkur vakkeel facebook marriage)
ഷുക്കൂർ വക്കീലിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്:
നന്ദി.
പടച്ചവൻ അനുഗ്രഹിക്കട്ടെ .
എല്ലാ മനുഷ്യരെയും തുല്യരായി കാണുവാൻ കഴിയുന്ന കാലം വരുമെന്നു തന്നെയാണ് പ്രതീക്ഷ.
മത നിയമങ്ങളെ ഒന്നും അവഹേളിക്കുന്നില്ല. ഒരു വിശ്വാസിയുടെയും ആത്മവീര്യം തകർക്കാനും ഉദ്ദേശിക്കുന്നില്ല.
അതു കൊണ്ട് എനിക്കെതിരെ ഒരു ശക്തമായ പ്രതിരോധവും വേണ്ട സഹോദരങ്ങളെ .
” പ്രതിരോധം ” എന്ന വാക്കിനെ തെറ്റായി ധരിച്ച് ഏതെങ്കിലും ഒരാൾ എന്നെ കായികമായി അക്രമിക്കുവാൻ തുനിഞ്ഞാൽ അതിന്റെ പൂർണ്ണമായ ഉത്തരവാദികൾ ഈ സ്റ്റേറ്റ് മെന്റ് ഇറക്കിയവർ മാത്രമായിരിക്കും .
നിയമ പാലകർ ശ്രദ്ധിക്കുമെന്നു കരുതുന്നു.
മുസ്ലിം പിന്തുടർച്ചവകാശ നിയമത്തിലെ പ്രതിസന്ധി മറികടക്കാൻ സ്പെഷ്യൽ മ്യാരേജ് ആക്ട് പ്രകാരം ഷുക്കൂർ വക്കീലും ഭാര്യ ഷീനയും വീണ്ടും വിവാഹിതരായി. മൂന്ന് പെൺമക്കളുടെ സാന്നിധ്യത്തിൽ ഹൊസ്ദുർഗ് രജിസ്ട്രാർ ഓഫീസിലായിരുന്നു വിവാഹ ചടങ്ങുകൾ.
Read Also: ‘പെണ്‍മക്കള്‍ക്കായി’; വനിതാ ദിനത്തിൽ മക്കളെ സാക്ഷിയാക്കി ഷുക്കൂര്‍ വക്കീലും ഭാര്യയും വിവാഹിതരായി
ബന്ധുക്കളുടെയും സഹപ്രവർത്തകരെയും സാക്ഷികളാക്കിയാണ് അഡ്വ. സി. ഷുക്കൂറും ഭാര്യ ഷീനയും 28 വർഷങ്ങൾക്ക് ശേഷം വീണ്ടും വിവാഹിതരായത്. പുതിയ ചർച്ചകൾക്കും തിരുത്തലുകളിലേക്കും ദിശ നൽകിയ ഒത്തുചേരലിൽ രാഷ്ട്രീയ സാമൂഹിക രംഗത്തുള്ളവരുടെ സാന്നിധ്യവും ഉണ്ടായിരുന്നു.
തങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി നിലകൊണ്ട മാതാപിതാക്കളിൽ അഭിമാനിക്കുന്നുവെന്ന് അഭിഭാഷക ദമ്പതിമാരുടെ പെൺമക്കൾ പറഞ്ഞു.1994 ഒക്ടോബർ ആറിന് പൂർണമായും മതാചാര പ്രകാരമായിരുന്നു ഇരുവരുടെയും ആദ്യ വിവാഹം.
മുസ്ലിം പിന്തുടര്‍ച്ചാ നിയമപ്രകാരം ആണ്‍മക്കളുണ്ടെങ്കിലേ മുഴുവന്‍ സ്വത്തും കൈമാറാനാകൂ. ഷൂക്കൂറിനും ഷീനയ്ക്കും മൂന്ന് പെണ്‍മക്കളായതിനാല്‍ സ്വത്തിന്റെ മൂന്നില്‍രണ്ട് ഓഹരി മാത്രമാണ് മക്കള്‍ക്ക് കിട്ടുക. ബാക്കി സഹോദരങ്ങള്‍ക്ക് അവകാശപ്പെട്ടതാണ്.
ഇയൊരു പ്രതിസന്ധി മറികടക്കാനാണ് സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വീണ്ടും കല്യാണം കഴിക്കുന്നതെന്ന് അഡ്വ ഷുക്കൂര്‍ ഫേസ്ബുക്കിൽ പറയുന്നു. രണ്ടുതവണയുണ്ടായ കാര്‍ അപകടമാണ് ജീവിതത്തിന്റെ മറ്റൊരു തലത്തിലേക്കുകൂടി ആലോചനയെത്താന്‍ കാരണമായതെന്നും ഷുക്കൂര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
Story Highlights: shukkur vakkeel facebook post after marriage
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here