‘അപഹാസ്യനാകാന്‍ മുഖ്യമന്ത്രി ഇനിയും നിന്നു കൊടുക്കണോ?’- കെ സുധാകരന്‍ എംപി

സ്വപ്നയുടെ പുതിയ വെളിപ്പെടുത്തലോടെ കേരളീയ സമൂഹത്തിന് മുന്നില്‍ തൊലിയുരിഞ്ഞ നിലയില്‍ നിൽക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഇനിയും കൂടുതല്‍ അപഹാസ്യനാകാന്‍ നിന്നു കൊടുക്കണോയെന്ന് സ്വയം തീരുമാനിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്‍ എംപി.
ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെതിരേ കടുത്ത ആരോപണം ഉന്നയിക്കാന്‍ അന്നത്തെ വിവാദ നായികയ്ക്ക് 10 കോടി രൂപ വാഗ്ദാനം ചെയ്‌തെങ്കില്‍ ഇപ്പോള്‍ 30 കോടിയാണ് നല്കാന്‍ തയാറായി നിൽക്കുന്നത്. കേരളത്തിലെ പാവപ്പെട്ട ജനങ്ങളെ കട്ടുമുടിച്ച് ഉണ്ടാക്കുന്ന പണമാണ് കേസ് ഒതുക്കാന്‍ സിപിഐഎം വിനിയോഗിക്കുന്നത്. ഭീഷണിക്ക് വഴങ്ങിയില്ലെങ്കില്‍ തീര്‍ത്തുകളുയുമെന്നാണ് ഭീഷണി. കൊന്നും കൊലവിളിച്ചും പാരമ്പര്യമുള്ളവരാണ് ഭരണത്തിലിരിക്കുന്നതെന്നും കെ സുധാകരന്‍.
സിപിഐഎം ഭരണത്തില്‍ കേരളം അധോലോകമായി മാറിയിരിക്കുന്നു. ഈ വിഷയത്തില്‍ പാർട്ടി സംസ്ഥാന സെക്രട്ടറിയുടെ താത്വിക അവലോകനമല്ല മറിച്ച് നിയമപരമായി നേരിടാന്‍ നട്ടെല്ലുണ്ടോയെന്നാണ് അറിയേണ്ടത്. മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങള്‍ക്കും സംശയത്തിന്റെ ആനുകൂല്യം നല്കിയവര്‍ പോലും ഇപ്പോള്‍ മറിച്ചു ചിന്തിക്കുന്നു. മുഖ്യമന്ത്രി മുമ്പ് പരാമര്‍ശിച്ചിട്ടുള്ള അവതാരങ്ങള്‍ ഓരോന്നായി കുടം തുറന്ന് പുറത്തുവരുകയാണ്.
മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട കോടികളുടെ ഇടപാടുകളും അധോലോകത്തിന്റെ നീക്കങ്ങളും പുറത്തവരേണ്ടത് അനിവാര്യമാണെന്നും സുധാകരന്‍ പറഞ്ഞു.
Story Highlights: K Sudhakaran on Pinarayi Vijayan