രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം നാഗാലാൻഡിൽ മുനിസിപ്പൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു

നാഗാലാൻഡിൽ മുനിസിപ്പൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ. 39 അർബൻ ലോക്കൽ ബോഡികളിലേക്ക് (ULB) മെയ് 16 നാണ് തെരഞ്ഞെടുപ്പ് നടക്കുക. സ്ത്രീകൾക്ക് 33 ശതമാനം സീറ്റ് സംവരണവും പ്രഖാപിച്ചിട്ടുണ്ട്. ഏതാണ്ട് രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷമാണ് സംസ്ഥാനത്ത് മുനിസിപ്പൽ തെരഞ്ഞെടുപ്പ് വീണ്ടും നടക്കുന്നത്.
മുഖ്യമന്ത്രി നെയ്‌ഫിയു റിയോയുടെ നേതൃത്വത്തിൽ പുതുതായി രൂപീകരിച്ച നാഗാലാൻഡ് കാബിനറ്റിൻ്റെ ആദ്യ യോഗത്തിൽ മെയ് മാസത്തോടെ തെരഞ്ഞെടുപ്പ് നടത്തുന്നതിനെക്കുറിച്ച് ചർച്ച ചെയ്തിരുന്നു. സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരം 33 ശതമാനം വനിതാ സംവരണത്തോടെ തെരഞ്ഞെടുപ്പ് നടത്താനും തീരുമാനമായി.
ഇതിനെത്തുടർന്ന്, സംസ്ഥാനത്തെ മൂന്ന് മുനിസിപ്പൽ കൗൺസിലുകളിലേക്കും 33 ശതമാനം വനിതാ സംവരണമുള്ള 36 സിറ്റി കൗൺസിലുകളിലേക്കും മെയ് 16 ന് തെരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ (എസ്ഇസി) ടി മഹബെമോ യന്തൻ അറിയിച്ചു. നാമനിർദ്ദേശ പത്രിക സമർപ്പണം ഏപ്രിൽ 3 ന് ആരംഭിച്ച് ഏപ്രിൽ 10 ന് അവസാനിക്കും.
നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഏപ്രിൽ 12, 13 തീയതികളിലും, സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി ഏപ്രിൽ 24 ലുമാണ്. വോട്ടെണ്ണൽ മെയ് 19 ന് നടക്കും. 2004 ലാണ് അവസാനമായി തെരഞ്ഞെടുപ്പ് നടന്നത്. പിന്നീട് പലകാരണങ്ങളാൽ തെരഞ്ഞെടുപ്പ് നീളുകയായിരുന്നു. 2017-ൽ വോട്ടെടുപ്പിന്റെ തലേന്ന് നടന്ന സംഘർഷത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതിനെത്തുടർന്ന് തെരഞ്ഞെടുപ്പ് റദ്ദാക്കി.
Story Highlights: Municipal elections were announced in Nagaland after two decades
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here