ആർസിബിയ്ക്ക് ബാറ്റിംഗ് തകർച്ച; യുപിയ്ക്ക് 139 റൺസ് വിജയലക്ഷ്യം

വനിതാ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ബാറ്റിംഗ് തകർച്ച. ആദ്യം ബാറ്റ് ചെയ്ത റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ 138 റൺസ് നേടുന്നതിനിടെ 19.3 ഓവറിൽ ഓളൗട്ടായി. 52 റൺസെടുത്ത എലിസ് പെറിയാണ് ബാംഗ്ലൂരിൻ്റെ ടോപ്പ് സ്കോറർ. സോഫി ഡിവൈൻ 34 റൺസെടുത്തു. യുപിക്കായി ദീപ്തി ശർമയും സോഫി എക്ലസ്റ്റണും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
തുടരെ നാലാം മത്സരത്തിലും നിരാശപ്പെടുത്തിയ ക്യാപ്റ്റൻ സ്മൃതി മന്ദന (4) വേഗം പുറത്തായെങ്കിലും രണ്ടാം വിക്കറ്റിൽ സോഫി ഡിവൈനും എലിസ് പെറിയും ചേർന്ന് 44 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി. ഡിവൈൻ മടങ്ങിയതിനു പിന്നാലെ കനിക അഹുജ (8), ഹെതർ നൈറ്റ് (2) എന്നിവർ വേഗം പുറത്തായി. ഹെതർ നൈറ്റ് റണ്ണൗട്ടാവുകയായിരുന്നു. ആറാം നമ്പറിലെത്തിയ ശ്രേയങ്ക പാട്ടിൽ ബൗണ്ടറികളുമായി ഇന്നിംഗ്സ് ആരംഭിച്ചെങ്കിലും 15 റൺസെടുത്ത് പുറത്തായി. 39 പന്ത് നേരിട്ട് 52 റൺസ് നേടിയ എലിസ് പെറി പുറത്തായതോടെ ആർസിബി ബാക്ക്ഫൂട്ടിലായി. എറിൻ ബേൺസ് (12), റിച്ച ഘോഷ് (1) എന്നിവർ കൂടി വേഗം മടങ്ങിയതോടെ ആർസിബി തകർന്നു. റിച്ച ഘോഷും റണ്ണൗട്ടാണ്. രേണുക സിംഗ് (3), സഹന പവാർ (0) എന്നിവർ അവസാന ഓവറിൽ പുറത്തായി.
Story Highlights: rcb 138 all out up wpl
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here