ആളിക്കത്തി കാട്ടുതീ; വേനല്‍കാലത്ത് സംസ്ഥാനത്ത് കത്തിനശിച്ചത് 309 ഹെക്ടര്‍ വനഭൂമിയെന്ന് വനംവകുപ്പ്

വേനല്‍കാലത്ത് സംസ്ഥാനത്താകെ കത്തിനശിച്ചത് 309 ഹെക്ടര്‍ വനഭൂമിയെന്ന് കണക്ക്. 133 ഇടങ്ങളിലാണ് ഈ വര്‍ഷം കാട്ടുതീ കത്തിപ്പടര്‍ന്നത്. കാട്ടുതീ പലതും മനുഷ്യ ഇടപെടല്‍ മൂലമെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തല്‍. തീപിടുത്തവുമായി ബന്ധപ്പെട്ട് 14 കേസുകള്‍ രജിസ്റ്റര്‍ ചെയ്തുവെന്ന് വനംവകുപ്പ് അറിയിച്ചു. ( Summer causes wildfires in Kerala 309 hectare land destroyed)
133 സംഭവങ്ങളിലായി ആകെ കത്തിയത് 309.3 ഹെക്ടര്‍ വനഭൂമിയാണ്. കൂടുതല്‍ വനഭൂമി കത്തിയത് ഇടുക്കി കോട്ടയം ജില്ലകള്‍ ഉള്‍പ്പെടുന്ന ഹൈറേഞ്ച് സര്‍ക്കിളിലാണെന്നും വനംവകുപ്പ് അറിയിച്ചിട്ടുണ്ട്. അന്‍പത്തിനാലിടങ്ങളിലായി 82 ഹെക്ടര്‍ വനഭൂമിയാണ് കത്തിനശിച്ചത്. മലപ്പുറം പാലക്കാട് ജില്ലകളുള്‍പ്പെടുന്ന ഈസ്റ്റേണ്‍ സര്‍ക്കിളില്‍ 69 ഹെക്ടര്‍, തിരുവനന്തപുരവും കൊല്ലവും പത്തനംതിട്ടയുമുള്‍പ്പെടുന്ന സതേണ്‍ ഹെക്ടറില്‍ 51 ഹെക്ടര്‍, എറണാകുളം തൃശൂര്‍ ജില്ലകളുള്ള സെന്റല്‍ സര്‍ക്കിളില്‍ 39, നാല് വടക്കന്‍ ജില്ലകള്‍ ഉള്‍പ്പെടുന്ന നോര്‍ത്തേണ്‍ സര്‍ക്കിളില്‍ 34 ഹെക്ടര്‍ എന്നിങ്ങനെയാണ് സംസ്ഥാനത്താകെ കത്തിനശിച്ച വനഭൂമിയുടെ കണക്ക്.
വനഭൂമി കത്ത് നശിച്ചതുമായി ബന്ധപ്പെട്ട് 14 ഇടങ്ങളില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചിലര്‍ ബോധപൂര്‍വ്വം കാട്ടില്‍ തീ പടര്‍ത്തുമ്പോള്‍ ചിലയിടത്ത് അശ്രദ്ധയാണ് കാരണം. അന്തരീക്ഷ താപനില അനിയന്ത്രിതമായി വര്‍ധിക്കുന്നതും കാട്ടുതീയുടെ വ്യാപ്തി വര്‍ധിപ്പിക്കുന്നു. ഓരോ തീപിടിത്തവും പ്രത്യേകം പരിശോധിക്കുന്നതിനായി സര്‍ക്കിള്‍ തലത്തില്‍ നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചും മുഴുവന്‍സമയം പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ സ്ഥാപിച്ചും കാട്ടുതീ പ്രതിരോധം ഊര്‍ജിതമാക്കുകയാണ് വനംവകുപ്പ്. അടുത്തവര്‍ഷത്തേക്കുള്ള കാട്ടുതീ കൈകാര്യ പദ്ധതി തയ്യാറാക്കി വരികയാണെന്നും വനംവകുപ്പ് അറിയിച്ചു. ചെറിയ അശ്രദ്ധകള്‍ മൂലമുണ്ടാകുന്ന കാട്ടുതീയുടെ വ്യാപ്തി എത്ര വലുതാണ് എന്നതിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് വനംവകുപ്പിന്റെ ഈ കണക്കുകള്‍. പൊതുജനങ്ങള്‍ ഓരോരുത്തരും ഇക്കാര്യത്തില്‍ നിതാന്ത ജാഗ്രത പാലിക്കണമെന്നാണ് സര്‍ക്കാരും നല്‍കുന്ന നിര്‍ദേശം.
Story Highlights: Summer causes wildfires in Kerala 309 hectare land destroyed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here