‘പുക മണം തിക്കി തലവേദനിക്കുന്ന വീടകങ്ങളിൽ, എല്ലാം നിങ്ങൾ പരിഹരിക്കും എന്ന് വിശ്വസിച്ച് ഞങ്ങൾ ഉറങ്ങിയാൽ, നാളെ ഉണരും എന്ന് എന്താണുറപ്പ് ‘; അശ്വതിയുടെ പോസ്റ്റ് വൈറലാകുന്നു

ബ്രഹ്‌മപുരം മാലിന്യ പ്ലാന്റ് വിഷയത്തിൽ ടെലിവിഷൻ താരവും അവതാരകയുമായ അശ്വതി ശ്രീകാന്തിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ് ചർച്ചയാകുന്നു. സുലഭമായി കിട്ടിയിരുന്ന പ്രാണവായുവിനുള്ള അവകാശം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കൊച്ചിക്ക് നഷ്ടമായെന്നും എല്ലാ പരിഹരിക്കും എന്ന് വിശ്വസിച്ച് കൊച്ചി നിവാസികൾ ഉറങ്ങിയാൽ നാളെ ഉണരുമെന്ന് എന്താണ് ഉറപ്പെന്നും അശ്വതി ശ്രീകന്ത് ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ ചോദിക്കുന്നു. ( aswathy sreekanth instagram post on brahmapuram issue )
പോസ്റ്റിന്റെ പൂർണ രൂപം :
എല്ലാവർക്കും ഒരുപോലെ അവകാശപ്പെട്ട ഭൂമിയിൽ സകലതിനും കാശ് കൊടുത്ത് ജീവിക്കേണ്ട അവസ്ഥയുള്ള ഒരേ ഒരു ജീവി വർഗം മനുഷ്യരാണെന്ന് ഓർക്കുമ്പോൾ അത്ഭുതം തോന്നാറുണ്ട്. എല്ലാവരുടേതുമായ ഭൂമി, എല്ലാവരുടേതുമായ വെള്ളം, എല്ലാവരുടേതുമായ വായു. മനുഷ്യർ സകലതും വെട്ടിപ്പിടിച്ചും മാറ്റിവച്ചും വിലയിട്ടതിനു ശേഷം മിച്ചമുണ്ടായിരുന്നത് കുറച്ച് പ്രാണവായു ആയിരുന്നു. കാശ് കൊടുക്കാതെ സുലഭമായി കിട്ടിയിരുന്നത്…! അതിനുള്ള അവകാശം കൂടിയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കൊച്ചിക്കാർക്ക് നഷ്ടപ്പെടുന്നത്. ആരുടെ അനാസ്ഥയായാലും അധികാരികൾ സമാധാനം പറഞ്ഞേ മതിയാവൂ. നിങ്ങളിൽ ചിലരുടെ സ്വാർത്ഥ ലാഭങ്ങൾക്ക് വില കൊടുക്കുന്നത് ലക്ഷക്കണക്കിന് മനുഷ്യരാണ്. നുണകൾക്ക് മേൽ നുണകൾ നിരത്തി ഈ പുകമറയിൽ നിങ്ങൾ എത്ര നാൾ ഒളിഞ്ഞിരിക്കും ? പുക മണം തിക്കി തലവേദനിക്കുന്ന വീടകങ്ങളിൽ, എല്ലാം നിങ്ങൾ പരിഹരിക്കും എന്ന് വിശ്വസിച്ച് ഞങ്ങൾ ഉറങ്ങിയാൽ, നാളെ ഉണരും എന്ന് എന്താണുറപ്പ് ?’
പോസ്റ്റിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇതിനോടകം 8808 ലൈക്കും 73 കമന്റുമാണ് ലഭിച്ചിരിക്കുന്നത്. ഗായിക സയനോര അടക്കം നിരവധി പ്രമുഖർ പോസ്റ്റ് ലൈക്ക് ചെയ്തിട്ടുണ്ട്.
Story Highlights: aswathy sreekanth instagram post on brahmapuram issue
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here