‘ബ്രഹ്‌മപുരത്തെ തീയും പുകയും ഏറെക്കുറെ പൂർണമായിത്തന്നെ നിയന്ത്രണ വിധേയമായി’ : എറണാകുളം ജില്ലാ കളക്ടർ

ബ്രഹ്‌മപുരത്തെ തീയും പുകയും ഏറെക്കുറെ പൂർണമായി തന്നെ നിയന്ത്രണ വിധേയമായിരിക്കുകയാണെന്ന് എറണാകുളം ജില്ലാ കളക്ടർ. പ്ലാന്റ് പ്രദേശത്തെ ഏഴ് സെക്ടറുകളായി തിരിച്ച് അതിൽ അഞ്ച് സെക്ടറുകളിൽ കഴിഞ്ഞ ദിവസം തന്നെ പൂർണമായും നിയന്ത്രണവിധേയമായിരുന്നുവെന്ന് കളക്ടർ അറിയിച്ചു. ( ernakulam collector about brahmapuram plant )
തീ അണഞ്ഞ ഭാഗങ്ങളിൽ വീണ്ടും തീയും പുകയും വമിക്കാനുള്ള സാധ്യതയുള്ളതിനാൽ നിരന്തര നിരീക്ഷണം നടത്തുമെന്നും ഏതു സമയത്തും ഉപയോഗത്തിനെടുക്കാവുന്ന തരത്തിൽ അഗ്നിശമന ഉപകരണങ്ങൾ സജ്ജമായിരിക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും കളക്ടർ പോസ്റ്റിലൂടെ വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം :
ബ്രഹ്‌മപുരത്തെ തീയും പുകയും ഏറെക്കുറെ പൂർണമായിത്തന്നെ നിയന്ത്രണ വിധേയമായിരിക്കുകയാണ്. പ്ലാന്റ് പ്രദേശത്തെ 7 സെക്ടറുകളായി തിരിച്ച് കഴിഞ്ഞ 10 ദിവസമായി തുടർന്ന രക്ഷാപ്രവർത്തനത്തിലൂടെ 7 സെക്ടറുകളിൽ 5 സെക്റ്ററുകൾ കഴിഞ്ഞ ദിവസം തന്നെ പൂർണമായും നിയന്ത്രണവിധേയമായിരുന്നു.
ഇന്നത്തെ പ്രവർത്തനങ്ങൾക്കൊടുവിൽ എല്ലാ സെക്റ്ററുകളിലെയും തീയും പുകയും ഏറെക്കുറെ നിയന്ത്രണവിധേയമാക്കാൻ സാധിച്ചിട്ടുണ്ട്. ഇന്നുതന്നെ പൂർണമായും പുക നിയന്ത്രണവിധേയമാക്കാൻ സാധിക്കുമെന്നും ഉദ്യമം അവസാനിപ്പിക്കാമെന്നുമാണ് പ്രതീക്ഷിക്കുന്നത്. തീ അണഞ്ഞ ഭാഗങ്ങളിൽ വീണ്ടും തീയും പുകയും വമിക്കാനുള്ള സാധ്യതയുള്ളതിനാൽ നിരന്തര നിരീക്ഷണം നടത്തും. ഏതു സമയത്തും ഉപയോഗത്തിനെടുക്കാവുന്ന തരത്തിൽ അഗ്നിശമന ഉപകരണങ്ങൾ സജ്ജമായിരിക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.
തീ അണച്ച കൂനകളിൽ ചെറിയ രീതിയിൽ പോലും പുക ഉയരുന്നുണ്ടെങ്കിൽ കണ്ടെത്താൻ പട്രോളിംഗ് സംഘം രംഗത്തുണ്ട്. കൂടാതെ മാലിന്യക്കൂനയിലെ കനലുകൾ കണ്ടെത്തുന്നതിന് തെർമൽ ക്യാമറ ഘടിപ്പിച്ച ഡ്രോണുകളും വിന്യസിക്കും. പുകയുടെ തോതിലുണ്ടായ ഗണ്യമായ കുറവ് വായു ഗുണ നിലവാര സൂചിക( Air Quality Index)യിലും പ്രതിഫലിച്ചിട്ടുണ്ട് കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് വായുവിന്റെ ഗുണനിലവാരം വലിയ തോതിൽ മെച്ചപ്പെട്ടിട്ടുണ്ട്.
Story Highlights: ernakulam collector about brahmapuram plant
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here