Advertisement

തോൽവി അറിയാതെ മുംബൈ; തുടരെ അഞ്ചാം മത്സരത്തിലും വിജയം

March 14, 2023
Google News 2 minutes Read
mumbai won gujarat wpl

വനിതാ പ്രീമിയർ ലീഗിൽ തോൽവി അറിയാതെ മുംബൈ ഇന്ത്യൻസ്. തുടർച്ചയായ അഞ്ചാം മത്സരത്തിലും മുംബൈ ഇന്ത്യൻസ് വിജയിച്ചു. ഇന്ന് നടന്ന മത്സരത്തിൽ ഗുജറാത്ത് ജയൻ്റ്സിനെ 55 റൺസിനാണ് മുംബൈ പരാജയപ്പെടുത്തിയത്. മുംബൈ ഇന്ത്യൻസ് മുന്നോട്ടുവച്ച 163 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഗുജറാത്ത് ജയൻ്റ്സിന് 9 വിക്കറ്റ് നഷ്ടപ്പെടുത്തി 107 റൺസെടുക്കാനേ സാധിച്ചുള്ളൂ. കളിച്ച എല്ലാ മത്സരങ്ങളും വിജയിച്ച മുംബൈ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ജയത്തോടെ മുംബൈ പ്ലേ ഓഫ് യോഗ്യത നേടുകയും ചെയ്തു. (mumbai won gujarat wpl)

ടൂർണമെൻ്റിലെ റൺ വേട്ടക്കാരിൽ ആദ്യ സ്ഥാനങ്ങളിലുള്ള ഹേലി മാത്യൂസ് (0) ആദ്യ ഓവറിൽ തന്നെ മടങ്ങിയെങ്കിലും രണ്ടാം വിക്കറ്റിൽ യസ്തിക ഭാട്ടിയയും നതാലി സിവറും ചേർന്ന് 75 റൺസ് കൂട്ടുകെട്ടുയർത്തി. നതാലി സാവധാനം ബാറ്റ് ചെയ്തപ്പോൾ യസ്തിക ആക്രമിച്ചുകളിച്ചു. 11ആം ഓവറിൽ നതാലി പുറത്തായതോടെ ഹർമൻപ്രീത് കൗർ ക്രീസിലെത്തി. 44 റൺസ് നേടിയ യസ്തിക 13ആം ഓവറിൽ നിർഭാഗ്യകരമായി റണ്ണൗട്ടായി. പിന്നീട് ഹർമൻ്റെ ബാറ്റിംഗ് മാസ്റ്റർ ക്ലാസായിരുന്നു.

Read Also: ഇന്ത്യയിലേക്ക് താരങ്ങളെ അയക്കുന്നതിൽ ഞങ്ങൾക്കും സുരക്ഷാ ആശങ്കയുണ്ട്: പിസിബി

ഗ്രൗണ്ടിൻ്റെ നാല് ഭാഗത്തേക്കും അനായാസം ഷോട്ടുകൾ പായിച്ച ഹർമനും അമേലിയ കെറും ചേർന്ന് മൂന്നാം വിക്കറ്റിൽ 51 റൺസ് കൂട്ടിച്ചേർത്തു. 17ആം ഓവറിൽ കെർ (19) പുറത്തായെങ്കിലും ഹർമൻ വിസ്ഫോടനാത്‌മക ബാറ്റിംഗ് തുടർന്നു. ഇതിനിടെ ഇസ്സി വോങ്ങ് (0) ഹുമൈറ കാസി (2) എന്നിവർ മടങ്ങിയെങ്കിലും ഹർമൻ ഉറച്ചുനിന്നു. അവസാന ഓവറിലെ മൂന്നാം പന്തിൽ, 29 പന്തുകൾ നേരിട്ട് ഹർമൻ ഫിഫ്റ്റി തികച്ചു. തൊട്ടടുത്ത പന്തിൽ ഹർലീൻ ഡിയോളിൻ്റെ പറക്കും ക്യാച്ചിൽ ഹർമൻ പുറത്ത്. ടൂർണമെൻ്റിൽ ഇത് ആദ്യമായാണ് ഹർമൻപ്രീത് കൗർ പുറത്താവുന്നത്.

മറുപടി ബാറ്റിംഗിൽ ആദ്യ പന്തിൽ തന്നെ സോഫിയ ഡങ്ക്ലിയെ നഷ്ടമായ ഗുജറാത്തിന് തിരികെവരാനായില്ല. 22 റൺസ് നേടിയ ഹർലീൻ ഡിയോൾ അടക്കം നാല് പേർക്കേ ഇരട്ടയക്കം കടക്കാനായുള്ളൂ. ടൈറ്റ് ലൈനുകൾ പന്തെറിഞ്ഞ മുംബൈ ഗുജറാത്തിനെ ഫ്രീ ആയി സ്കോർ ചെയ്യാൻ അനുവദിച്ചില്ല. കൃത്യമായ ഇടവേളകളിൽ മുംബൈ വിക്കറ്റുകൾ വീഴ്ത്തുകയും ചെയ്തു. നതാലി സിവർ, ഹേലി മാത്യൂസ് എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ അമേലിയ കെറിന് രണ്ട് വിക്കറ്റുണ്ട്.

Story Highlights: mumbai indians won gujarat giants wpl

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here