Advertisement

മുഖ്യമന്ത്രിയെ റിപ്പോർട്ടും പ്രസ്താവനയും നടത്താൻ അനുവദിക്കരുതെന്ന് മനപ്പൂർവ്വം തീരുമാനിച്ച് ഉറപ്പിച്ചാണ് കോൺഗ്രസ് ഇന്ന് സഭയിൽ എത്തിയത് : ഇ.പി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ്

March 15, 2023
Google News 2 minutes Read
ep jayarajan fb post

കേരള നിയമസഭയിൽ അസാധാരണമായ സംഭവങ്ങളാണ് ബോധപൂർവം കോൺഗ്രസും യുഡിഎഫും സൃഷ്ടിച്ചുകൊണ്ടിരിക്കുന്നതെന്ന് ഇ.പി ജയരാജൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പരാമർശം. മുഖ്യമന്ത്രിയെ റിപ്പോർട്ടും പ്രസ്താവനയും നടത്താൻ അനുവദിക്കരുതെന്ന് മനപ്പൂർവ്വം തീരുമാനിച്ച് ഉറപ്പിച്ചാണ് കോൺഗ്രസ് ഇന്ന് സഭയിൽ എത്തിയതെന്നും ഇ.പി ജയരാജൻ ആരോപിച്ചു. ( ep jayarajan fb post )

നിയമസഭയിലെ സ്പീക്കറുടെ ഓഫിസിന് മുന്നിൽ പ്രതിഷേധിച്ച പ്രതിപക്ഷ എംഎൽഎമാരെ നീക്കം ചെയ്യാനുള്ള വാച്ച് ആൻഡ് വാർഡിന്റെ ശ്രമം വൻ സംഘർഷത്തിൽ കലാശിച്ചിരുന്നു. സ്പീക്കർ ഓഫിസിന് മുന്നിൽ പ്രതിപക്ഷ – ഭരണപക്ഷ എംഎൽഎമാർ ഏറ്റുമുട്ടി. ഈ പശ്ചാത്തലത്തിലാണ് ഇ.പി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ്.

പോസ്റ്റിന്റെ പൂർണ രൂപം വായിക്കാം :

കേരള നിയമസഭയിൽ അസാധാരണമായ സംഭവങ്ങളാണ് ബോധപൂർവം കോൺഗ്രസും യുഡിഎഫും സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ഇന്ന് നിയമസഭയിൽ എറണാകുളം ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലെ തീപിടുത്തവുമായി ബന്ധപ്പെട്ട കാര്യങ്ങൾ റൂൾ 300 അനുസരിച്ച് വളരെ വിശദമായി മുഖ്യമന്ത്രി റിപ്പോർട്ട് നടത്തും എന്ന് വ്യക്തമാക്കിയിരുന്നു. മാലിന്യകൂമ്പാരം ഉണ്ടായതിനെ കുറിച്ചും തീപിടുത്തമുണ്ടായതിനെകുറിച്ചും മുൻകാല കാര്യങ്ങളും എല്ലാം വെച്ചുകൊണ്ടുള്ള വിശദമായ ഒരു റിപ്പോർട്ട് വരും, അവിടെ ഇത്രയും കാലം നടന്നിട്ടുള്ള എല്ലാ കാര്യങ്ങളെ കുറിച്ചും, കേരളത്തിലാകമാനം മാലിന്യ നിർമാർജനം നടത്തേണ്ടതിനെ കുറിച്ചും ഉൾപ്പടെ ഫലപ്രദമായ കാര്യങ്ങൾ വിശദീകരിച്ചുകൊണ്ടുള്ള റിപ്പോർട്ടും പ്രസ്താവനയുമാണ് ജനങ്ങൾ മുഖ്യമന്ത്രിയിൽ നിന്നും ഇന്ന് പ്രതീക്ഷിക്കുന്നത്. എന്നാൽ പ്രതിപക്ഷം മുഖ്യമന്ത്രിയെ സംസാരിക്കാൻ അനുവദിക്കാതെ മുഖ്യമന്ത്രി ഒന്നും പറയുന്നില്ല എന്ന് പറഞ്ഞ് ബഹളം വെച്ച് നിയമസഭ അലങ്കോലപ്പെടുത്തുന്നു. മുഖ്യമന്ത്രിയുടെ റിപ്പോർട്ടും പ്രസ്താവനയും നടത്താൻ അനുവദിക്കരുത് എന്ന് മനപ്പൂർവ്വം തീരുമാനിച്ച് ഉറപ്പിച്ചാണ് കോൺഗ്രസ് ഇന്ന് സഭയിൽ എത്തിയത് എന്ന് ഇന്നത്തെ സംഭവങ്ങൾ കണ്ടാൽ നമുക്ക് മനസ്സിലാകും. ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ പ്രവർത്തനത്തെ കുറിച്ച് ശാസ്ത്രീയമായതും ഫലപ്രദവുമായതുമായ കാര്യങ്ങളെ കുറിച്ചെല്ലാം ജനങ്ങൾക്ക് മനസ്സിലാക്കി കൊടുക്കാനും ഗവൺമെന്റിന്റെ നയം വ്യക്തമാക്കാനും റിപ്പോർട്ടിലൂടെ മുഖ്യമന്ത്രിക്ക് സാധിക്കും. ഒപ്പം മാലിന്യ പ്ലാന്റിലെ തീപിടുത്തത്തെ കുറിച്ചും ആ തീ അണക്കുന്നതിനും പുകയിൽ നിന്നും ജനങ്ങളെ സംരക്ഷിക്കാനും എടുത്ത നടപടികളെ കുറിച്ചുമെല്ലാം നിയമസഭയുടെ മുന്നിൽ വിശദീകരിക്കാൻ മുഖ്യമന്ത്രിക്ക് കഴിയും. സ്വാഭാവികമായും അതെല്ലാം ജനങ്ങൾ ചർച്ച ചെയ്യുകയും ചെയ്യും. അത് മനസ്സിലാക്കിയ കോൺഗ്രസ് മുഖ്യമന്ത്രിയുടെ വിശദീകരണം തടസ്സെപ്പെടുത്താനും വിവരങ്ങൾ ജനങ്ങളിൽ എത്താതിരിക്കാനുമുള്ള ബോധപൂർവ്വമായ ശ്രമമാണ് ഇന്ന് നിയമസഭയിൽ അരങ്ങേറിയത്.
നിയമസഭക്ക് അകത്ത് വിവിധ പ്രതിഷേധങ്ങൾ നടക്കാറുണ്ട്. എന്നാൽ ഇന്ന് നിയമസഭയിൽ ആക്രമം നടത്തുക മാത്രമല്ല സ്പീക്കറെ ആക്രമിക്കാനും കൂടെയാണ് ശ്രമിച്ചത്. അതിന്റെ ഭാഗമാണ് സ്പീക്കറുടെ മുറിയിൽ തള്ളിക്കയറാനും ബലംപ്രയോഗിക്കാനുമുള്ള ശ്രമങ്ങൾ ഉണ്ടായത്. പ്രതിപക്ഷ നേതാവും കോൺഗ്രസും സംസ്ഥാനത്ത് അക്രമം പ്രോത്സാഹിപ്പിക്കുകയാണ് ഇത്തരം നടപടികളിലൂടെ ചെയ്യുന്നത്. ഭരണകക്ഷിക്ക് എതിരെ ഇല്ലാ കഥകൾ പ്രചരിപ്പിച്ച് അവരെ പ്രകോപിപ്പിക്കാനും മുഖ്യമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തേയും വ്യക്തിപരമായി ആക്രമിക്കാനുമള്ള പ്രതിപക്ഷ നേതാവിന്റെ പക്വതയില്ലാത്ത നിലപാടുകൾ അങ്ങേയറ്റം പ്രതിഷേധാർഹമാണ്.
സ്പീക്കറുടെമുറിയിലേക്ക് തള്ളിക്കയറുന്നത് തടഞ്ഞ വാച്ച്&വാർഡുകളെ ആക്രമിച്ചു. വരാന്തയിലുണ്ടായവർക്കെതിരേയും ആക്രമം നടന്നു. ഇത് തികച്ചും അപലപനീയമാണ്. നിയമസഭയിൽ ഇപ്പോൾ അവതരിപ്പിച്ച ചില കഥാപാത്രങ്ങൾ അവരുടെ തന്നെ ആക്രമത്തിന്റെ ഇരകളായവരാണ്. എന്നിട്ട് അതിനെ തന്നെ പ്രദർശിപ്പിച്ച് വിലപിക്കുകയാണ്. കേരള നിയമസഭയുടെ അന്തസ്സ് തകർക്കുന്ന നിലപാടാണ് പ്രതിപക്ഷം ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്. പ്രതിപക്ഷം പറയുന്നതിനനുസരിച്ച് സ്പീക്കർ പ്രവർത്തിക്കണം ഇല്ലെങ്കിൽ സ്പീക്കറേയും വ്യക്തിപരമായി ആക്രമിക്കും എന്നതാണ് കോൺഗ്രസ് കാണിച്ചുതരുന്നത്. ഇന്നലേയും ഇന്നുമായി യുഡിഎഫ് സഭയിൽ കാണിക്കുന്ന കോപ്രായങ്ങൾ അടിയന്തിര പ്രമേയമെന്ന നിയമസഭയുടെ മുന്നിൽ കൊണ്ടുവരേണ്ട പ്രധാന വിഷയങ്ങളെ തന്നെ അപഹസിക്കുന്നതാണ് യുഡിഎഫ് നിലപാട് എന്ന് കാര്യങ്ങൾ നിരീക്ഷിക്കുന്നവർക്ക് മനസ്സിലാകും. ഇത്തരത്തിലുള്ള യുഡിഎഫിന്റേയും കോൺഗ്രസിന്റേയും കിരാതമായ നടപടികൾക്കെതിരെ ശക്തമായ പ്രതിഷേധം ജനങ്ങൾക്കിടയിൽ നിന്ന് ഉയർന്നുനവരും.

Story Highlights: ep jayarajan fb post

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here